Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പസാര രഹസ്യത്തിൽ പീഡനം: വൈദികനെതിരെ കൂടുതൽ തെളിവുകൾ; റിമാൻ‍ഡ് ചെയ്തു

job-mathew വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യുവിനെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നു. ചിത്രം: രാജൻ എം.തോമസ് ∙ കൊല്ലം

തിരുവല്ല ∙ കുമ്പസാരവിവരം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ഓർത്തഡോക്സ് സഭയിലെ വൈദികൻ ഫാ.ജോബ് മാത്യുവിനെ തിരുവല്ല മജിസ്ട്രേട്ട് രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി വൈദികൻ കീഴടങ്ങിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണു ഫാ.ജോബ് മാത്യു. ഇദ്ദേഹത്തിന്റെ അടുത്താണ് യുവതി കുമ്പസാരിച്ചത്.

Fr Job Mathew കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയ ഓർത്തഡോക്സ് വൈദികൻ ഫാ.ജോബ് മാത്യുവിനെ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകുന്നു ചിത്രം: മനോരമ

അതേസമയം, വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ വൈദികനെതിരെ കൂടുതൽ തെളിവുകൾ‍ കിട്ടിയെന്നു വിവരം. ഫാ. ജോബ് മാത്യു പരാതിക്കാരിയോട് സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ കണ്ടെടുത്തു. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഫാ.ജോബിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. പരാതിക്കാരി വൈദികന്‍റെ താമസസ്ഥലത്ത് എത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ യുവതിയെ കുമ്പസാരിപ്പിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ഓര്‍മയില്ലെന്നും വൈദികന്‍ പറഞ്ഞു.

പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പിന്നീടു പറയും. ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി. മാത്യു എന്നിവരാണു കേസിലെ പ്രതികൾ. കുമ്പസാര രഹസ്യം ചോര്‍ത്തി അഞ്ച് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പരാതി വന്നത്. മല്ലപ്പള്ളി സ്വദേശിയായ ഭര്‍ത്താവ് സഭയ്ക്കു പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.

priest-in-police-custody കുമ്പസാര രഹസ്യത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യുവിനെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ പന്തളത്തെ വസതിയിൽ എത്തിച്ചപ്പോൾ. ചിത്രം: നിഖിൽ രാജ് ∙ മനോരമ

ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്. ഈമാസം രണ്ടാംതീയതി റജിസ്റ്റർ ചെയ്ത കേസിൽ അടുത്ത കോടതി നടപടികളിലേക്ക് നീങ്ങുംമുൻപ് വൈദികരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.