Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ് ഗുഹയിൽ കുട്ടികളെ കാത്ത കോച്ച് ഇപ്പോഴും അഭയാർഥി!

ഏക്കപോൽ ചാന്ദവോങ് ഏക്കപോൽ ചാന്ദവോങ്

ചിയാങ് റായ്∙ തായ്‌ലൻഡിലെ ഗുഹയി‍ൽ കുടുങ്ങിയ കുട്ടികളിൽ മൂന്നുപേരും ഫുട്ബോൾ പരിശീലകനും അന്നാട്ടിൽ പൗരത്വം കാത്തു കഴിയുന്ന അഭയാർഥികൾ. മരണത്തെ മുഖാമുഖം കണ്ടു 15 ദിവസം കഴിച്ചുകൂട്ടിയ ഇവർ ആശുപത്രിയിൽ സുഖംപ്രാപിക്കുന്നതിനിടെ പൗരത്വ ചർച്ചകളും വാർത്തകളിൽ നിറയുന്നു.

പരിശീലകൻ ഏക്കപോൽ ചാന്ദവോങ് (25) തായ് ലൂ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടതാണ്. ചൈനയ്ക്കും മ്യാൻമറിനും ലാവോസിനും ഇടയ്ക്കുള്ള മലമ്പ്രദേശങ്ങളിലെ അതിർത്തിരഹിത മേഖലകളിൽ തലമുറകളായി വാസമുറപ്പിച്ചവർ. ഒരു രാജ്യത്തും ഇവർക്കു പൗരത്വമില്ല. പിതാവിന്റെ മരണശേഷം, പത്താം വയസ്സിൽ ബുദ്ധസന്യാസം സ്വീകരിച്ചതാണ് ഏക്കപോൽ എന്ന ഏക്ക്. പിന്നെ 10 കൊല്ലം ചിയാങ് മായ് പ്രവിശ്യയിലെ ക്ഷേത്രത്തിലായിരുന്നു താമസം. പ്രായമായ മുത്തശ്ശിയെ പരിചരിക്കുന്നതിനു സന്യാസജീവിതം ത്യജിക്കേണ്ടി വന്നു.

ഫുട്ബോൾ പരിശീലകന്റേതുൾപ്പെടെ പല ജോലികൾ ചെയ്തും കുന്നിൻമുകളിലെ ആശ്രമത്തിൽ അന്തിയുറങ്ങിയും ലളിതജീവിതം. ഗുഹയിൽ കുടുങ്ങിയ ‌ഫുട്ബോൾ സംഘത്തിന്റെ ക്യാപ്റ്റനായ ദുവാങ്പെച് പ്രോംതെപിന് അച്ഛനെപ്പോലെയായിരുന്നു ഏക്കെന്നു വീട്ടുകാർ പറയുന്നു.

ദയാലുവായ ഏക്കിന്റെ മനസ്സാന്നിധ്യമാണു ഗുഹയ്ക്കുള്ളിൽ കുട്ടികൾക്കു ധൈര്യം പകർന്നതെന്നു ലോകമറിഞ്ഞതോടെ നാലുപേർക്കും തായ് പൗരത്വം നൽകണമെന്ന ആവശ്യം ശക്തമാണ്. ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന സൂചനയാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളത്.