Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം പെയിന്റടി, ഇപ്പോൾ ഒരേ യൂണിഫോം; പൊലീസിൽ വീണ്ടും അഴിമതിക്കാറ്റ്

Police

തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ പൊലീസുകാർക്കും ഒരേതരം കാക്കി യൂണിഫോം വാങ്ങാനുള്ള തീരുമാനം വൻ വിവാദത്തിലേക്ക്. പൊലീസ് സ്റ്റേഷനുകൾക്കെല്ലാം ഒരേനിറത്തിൽ പെയിന്റടിക്കണമെന്ന പഴയ വിവാദത്തെ ഓർമിപ്പിക്കുന്നതാണു യൂണിഫോം ഇടപാട്. ഒരേകമ്പനിയുടെ തുണി എല്ലാ പൊലീസ് കന്റീനിലും വിതരണത്തിന് എത്തിയപ്പോഴാണു പിന്നിലെ കച്ചവടം പുറത്തുവരുന്നത്. ഈ തുണി സർക്കാർ സ്ഥാപനമായ കേരള ടെക്സ്റ്റൈൽ കോർപറേഷന്റെ നിർമിതിയാണെന്നനിലയിൽ കേരള പൊലീസ് അസോസിയേഷൻ നേതാവ് വ്യാജ വാട്സാപ് സന്ദേശം പ്രചരിപ്പിച്ചതു കച്ചവടം കൊഴിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം ഉയർന്നു.

ഒരു കമ്പനിയുടെ തുണി ടെക്സ്റ്റൈൽ കോർപറേഷനിൽ പരിശോധനയ്ക്കു നൽകി സർട്ടിഫിക്കറ്റ് വാങ്ങിയശേഷം കോർപറേഷന്റെ സർട്ടിഫിക്കേഷനുള്ള പ്രത്യേകതരം തുണി എന്ന നിലയിലാണു അവതരിപ്പിച്ചത്. കോർപറേഷന്റെ സാക്ഷ്യപത്രം നേടാൻ മറ്റു കമ്പനികൾക്ക് ഇനി സമയമില്ല. ഈ മാസം മുതൽ യൂണിഫോം വാങ്ങണമെന്നാണു പൊലീസുകാർക്കുള്ള നിർദേശം. ഫലത്തിൽ ഒരു കമ്പനിക്കു മാത്രമേ ഓർഡർ ലഭിക്കൂ. 

ടെൻഡറില്ലാതെ 11 കോടിയുടെ ഇടപാട്

ഒരാൾക്ക് ഒരു ജോഡി യൂണിഫോമിനു മൂന്നു മീറ്റർ തുണി വേണം. കുറഞ്ഞതു മൂന്നു ജോഡി ഒരാൾക്കു വേണ്ടിവരും. ആകെ ഒൻപതു മീറ്റർ. കേരള പൊലീസിലെ 60,000 പേർക്കായി വേണ്ടത് അഞ്ചരലക്ഷം മീറ്റർ. ഒരു മീറ്ററിനു ശരാശരി 200 രൂപയെങ്കിൽ ആകെ 11 കോടി രൂപ. അത് ടെൻഡർപോലുമില്ലാതെ വാങ്ങാനാണു നീക്കം. 

ഉത്തരവ് ആദ്യം; പരിശോധന പിന്നീട്

ജൂൺ ഒന്നു മുതൽ സംസ്ഥാനത്തെ എല്ലാ പൊലീസുകാരും ഒരേനിറം കാക്കി ധരിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയിരുന്നു. പൊലീസ് ആസ്ഥാനത്തുനിന്നു വാക്കാൽ പറഞ്ഞ ഒരു കമ്പനിയുടെ പേര് കോഴിക്കോടു സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ ഉത്തരവിലൂടെ വെളിപ്പെടുത്തിയപ്പോഴാണു വിവാദം ആദ്യം മണത്തത്. അതോടെയാണു സാംപിൾ ശേഖരണവും പരിശോധനയുമെല്ലാം അരങ്ങേറിയത്. ഒരു കമ്പനിയുടെ തന്നെ ഏഴു സാംപിളുകൾ ടെക്സ്റ്റൈൽ കോർപറേഷനിൽ പരിശോധിച്ചു ഫലം പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ഇതേ മാനദണ്ഡമുള്ള തുണി പൊലീസ് കന്റീൻ വഴി വിതരണം ചെയ്യണമെന്ന ഉത്തരവു പിന്നാലെ ഇറങ്ങി.

കമ്പനിക്കുവേണ്ടി തിരുവനന്തപുരം നഗരത്തിലെ വ്യാപാരസ്ഥാപനമാണു തിരുവനന്തപുരം മുതൽ എറണാകുളം വരെ തുണി നൽകുന്നത്. അംഗീകൃത ഡീലർ വഴി മാത്രമേ കന്റീനിൽ സാധനം വാങ്ങാൻ പാടുള്ളൂവെന്നാണു വ്യവസ്ഥയെങ്കിലും ഈ സ്ഥാപനത്തിന് അവിടെ അംഗീകാരമില്ല. പൊലീസുകാർക്ക് ഏതു കമ്പനിയുടെ തുണി വാങ്ങാമെന്നും എന്നാൽ വെബ്സൈറ്റിലെ സാംപിളിൽ പറയുന്ന മാനദണ്ഡം വേണമെന്നുമാണു പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. 

തുണി നൽകിയിട്ടില്ല: കോർപറേഷൻ എംഡി

പൊലീസ് യൂണിഫോമിനായി ടെക്സ്റ്റൈൽ കോർപറേഷൻ തുണി നൽകിയിട്ടില്ലെന്നു മാനേജിങ് ഡയറക്ടർ എം.ഗണേഷ് വ്യക്തമാക്കി. ഏഴു സാംപിളുകൾ പരിശോധനയ്ക്കു നൽകി. പരിശോധിച്ചു ഫലവും നൽകി. പൊലീസുകാർക്കു യൂണിഫോം നൽകാമെന്നു മൂന്നു മാസം മുൻപു റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ സർക്കാർ ഒരു തീരുമാനവും എടുത്തില്ല.