Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുറാഡിയിലെ കൂട്ടമരണം ആത്മഹത്യ; ‘മോക്ഷപ്രാപ്തി’യുടെ വഴി തേടി പൊലീസ്

Burari-Delhi-Murder.jpg.image.784.410

ന്യൂഡൽഹി ∙ ബുറാഡിയിലെ ദുരൂഹ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുടുംബത്തിലെ 11 പേരും ജീവനൊടുക്കിയതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. 10 പേരുടെ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. മരിച്ച നാരായൺ ദേവിയുടെ മരണം സംബന്ധിച്ചു ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നെങ്കിലും ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൊലപാതക സൂചന തള്ളുന്നു. നാരായൺ ദേവിയുടെയും മക്കളുടെയും പേരക്കുട്ടികളുടെയും മൃതദേഹങ്ങളിൽ മുറിവുകളൊന്നുമുണ്ടായിരുന്നില്ല.

Delhi Burari Family

കഴുത്തിൽ കയർ മുറുക്കിയാണു മരണം. അന്വേഷണത്തിന്റെ അടുത്തഘട്ടമായി മാനസിക വിശകലനം തയാറാക്കും. കുടുംബത്തെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളാണു പൊലീസ് അന്വേഷിക്കുന്നത്. ഇതിനോടകം ഇരുന്നൂറിലേറെപ്പേരെ പൊലീസ് ചോദ്യം ചെയ്തു. മരിച്ചവരുടെ ഫോൺരേഖകൾ പരിശോധിച്ചു വരികയാണ്. നാരായൺ ദേവിയുടെ മകൻ ലളിത് ഭാട്ടിയയാണ് ‘മോക്ഷപ്രാപ്തി’ക്കു വേണ്ടി നടത്തിയ കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം. ഇതുറപ്പിക്കുന്നതിനാണു മാനസിക വിശകലനം ഉൾപ്പെടെയുള്ള രീതികൾ പരീക്ഷിക്കുന്നത്. ജൂൺ 30നാണു ബുറാഡി സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അന്ധവിശ്വാസവും റിയൽ എസ്റ്റേറ്റും

കൂട്ടമരണത്തിന്റെ കരിനിഴൽ സന്ത് നഗറിൽനിന്നു വിട്ടു മാറിയിട്ടില്ല. കേസന്വേഷണം നടക്കുമ്പോഴും പരിസരവാസികളെ ഭീതി വിട്ടുമാറിയിട്ടില്ല. മരിച്ച 11 പേരുടെയും ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലഞ്ഞുനടക്കുന്നുവെന്നാണ് വിശ്വാസം. ഇതിൽനിന്നു രക്ഷപ്പെടാൻ ശുദ്ധീകരണ പൂജ നടത്താനും ചിലർ തയാറെടുക്കുകയാണ്. ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീട്ടിൽ പ്രേതങ്ങൾ ഉണ്ടെന്ന പ്രചാരണം വന്നതോടെ ഇടിവുണ്ടായതു റിയൽ എസ്റ്റേറ്റ് രംഗത്താണ്.

Delhi Burari Deaths

‘അതിന്ദ്രീയശക്തികളുടെ സാന്നിധ്യം ഉണ്ടെന്ന വാർത്തകളിൽ ഭയന്ന് ആരും സ്ഥലവും വീടും വാങ്ങാൻ തയാറാകുന്നില്ല. ഇടനിലക്കാരും അകന്നു നിൽക്കുന്നു. വാഹനങ്ങൾ പോലും ഇവിടേക്കെത്താൻ ഭയപ്പെടുകയാണ്’– പരിസരവാസിയായ കെ.എൽ.ഭരദ്വാജ് പറഞ്ഞു. പാർക്കിങ് സൗകര്യമുള്ള ഒരു ഫ്ലാറ്റിനു ചതുരശ്ര അടിക്കു 3000 രൂപ മുതലായിരുന്നു ഇവിടെ നിരക്ക്. എന്നാൽ കൂട്ടമരണത്തിനു ശേഷം സ്ഥലം വാങ്ങാൻ ആർക്കും താൽപര്യമില്ല. നിലവിൽ ഇവിടെ താമസിക്കുന്നവരാകട്ടെ സ്ഥലം വിറ്റൊഴിയാൻ ശ്രമിക്കുകയാണ്.

Delhi-Burari-Murder

വാടകയ്ക്കു താമസിച്ചിരുന്ന പലരും സ്ഥലം മാറി. അതേസമയം വസ്തുക്കച്ചവടക്കാർ വിലകുറയ്ക്കുന്നതിനായി മനപൂർവം വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നു വിശ്വസിക്കുന്നവരെയും ബുറാഡിയിൽ കാണാം. ആത്മാക്കളുണ്ടെന്ന ആരോപണങ്ങൾ തള്ളി ലളിത് ഭാട്ടിയയുടെ മൂത്ത സഹോദരൻ ദിനേഷ് രംഗത്തെത്തി. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം കുറച്ചുദിവസം താൻ അവിടെ താമസിക്കുമെന്നും ദിനേഷ് പറഞ്ഞു.

related stories