Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ ടീസറുമായി അമിത് ഷാ; അദ്ഭുതങ്ങളുടെ റിലീസ് സ്വാതന്ത്ര്യദിനത്തില്‍

Author Details
Amit Shah അമിത് ഷാ.

മുൻപൊക്കെ സിനിമയുടെ ട്രെയ്‌ലറുകൾ പ്രദർശിപ്പിച്ചായിരുന്നു, ഇറങ്ങാൻപോകുന്ന സിനിമയിലേക്കു നിർമാതാക്കൾ ശ്രദ്ധ ക്ഷണിച്ചിരുന്നത്. പിന്നീടതു മാറി, ഇത്തിരിനേരം മാത്രമുള്ള ടീസറുകൾ ട്രെയ്‌ലറുകൾക്കും ആഴ്ചകൾ മുൻപേ വരാൻ തുടങ്ങി. രാഷ്ട്രീയത്തിലും ഇത്തരം ടീസറുകൾ ഉപയോഗിക്കാറുണ്ട്. അത്തരത്തിലൊന്നാണു ബിജെപി അധ്യക്ഷൻ അമിത് ഷാ ഉത്തർപ്രദേശിൽ നടത്തിയ പ്രസ്താവന. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. 

ഓഗസ്റ്റിൽ പാർലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു കുറച്ചു നേരത്തേയാക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കം സംബന്ധിച്ച വ്യക്തമായ അടയാളമാണോ ഷായുടെ പ്രഖ്യാപനം എന്നു യുപി നേതാക്കൾ അദ്ഭുതപ്പെടുന്നു. (രണ്ടു ലോക്സഭാ സമ്മേളനങ്ങൾക്കിടയിൽ പരമാവധി ആറുമാസം വരെ ഇടവേളയാകാമെന്നാണു ഭരണഘടനാവ്യവസ്ഥ). ചെങ്കോട്ടയിൽനിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണു പാർലമെന്റ് പിരിച്ചുവിടുന്ന പ്രഖ്യാപനമെങ്കിൽ, ലോക്സഭാ തിരഞ്ഞെടുപ്പു 2019 മേയ് മാസത്തിനു പകരം, ഫെബ്രുവരിക്കു മുൻപേ നടത്തേണ്ടിവരും.  കാലാവധി തീരാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ, 1970ൽ പ്രതിപക്ഷത്തെ അമ്പരപ്പിച്ച് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തിയതു റേഡിയോയിലൂടെയായിരുന്നു.

deseeyam

ഉത്തർപ്രദേശിൽ മാസംതോറും ഒരു റാലിയിൽ വീതം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമെന്നാണു കഴിഞ്ഞയാഴ്ച യുപിയിലെ പാർട്ടിനേതാക്കളുമായുള്ള രഹസ്യചർച്ചയിൽ ഷാ വ്യക്തമാക്കിയത്. യുപിയിലെ 80 ലോക്‌സഭാ സീറ്റുകളിൽ 71 എണ്ണവും ഇപ്പോൾ ബിജെപിക്കാണ്; എൻഡിഎ ഘടകകക്ഷിയായ അപ്‌നാ ദളിനു രണ്ട് എംപിമാർ വേറെയും. പ്രതിപക്ഷത്തുനിന്ന് എസ്‌പി–ബിഎസ്‌പി സഖ്യത്തെ നേരിടേണ്ടിവന്നാലും യുപിയിൽ വൻവിജയം ആവർത്തിക്കാനുള്ള നടപടികളിലാണു മോദിയും ഷായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എസ്‌പി–ബിഎസ്‌പി സഖ്യത്തിലേക്കു കോൺഗ്രസും രാഷ്ട്രീയ ലോക്‌ദളും കൂടി അണിചേർന്നേക്കാം.  പാവങ്ങൾക്കും ഇടത്തരക്കാരിൽ താഴെത്തട്ടിലുള്ളവർക്കും ആശ്വാസംപകരുന്ന വൻ പദ്ധതികളുടെ പ്രഖ്യാപനം, പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നടത്താനുള്ള സാധ്യതയും കാണുന്നുണ്ട്. 

ഗുജറാത്തിലും കർണാടകയിലും നിയമസഭാ തിരഞ്ഞെടുപ്പിലെ ശരാശരി പ്രകടനവും ആറു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയവും കണക്കിലെടുത്താണു കേന്ദ്രസർക്കാർ രണ്ടു വലിയ ദേശീയപദ്ധതികൾ പ്രഖ്യാപിച്ചത് – ആദ്യത്തേത് ദേശീയ ആരോഗ്യരക്ഷാപദ്ധതി; 40 കോടി ജനങ്ങൾക്കു പരിരക്ഷ നൽകുന്നത്. രണ്ടാമത്തേതു നെല്ലിന്റെ താങ്ങുവില ഉയർത്തിയത്. ഭാരത് ആയുഷ്‌മാൻ സ്കീം നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവങ്ങളെ ലക്ഷ്യമിട്ടാണെങ്കിൽ, നെല്ലിന്റെ താങ്ങുവില കുത്തനെ ഉയർത്തിയതു കൃഷിമേഖലയെ ഉന്നംവച്ചാണ്.  

എന്നാൽ, 2008–09 വർഷത്തിൽ മൻമോഹൻസിങ് സർക്കാർ പ്രഖ്യാപിച്ച കാർഷികകടം എഴുതിത്തള്ളലും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഉണ്ടാക്കിയ അത്ര ആവേശവും സ്വീകാര്യതയും മോദിയുടെ ഈ രണ്ടു പ്രഖ്യാപനങ്ങൾക്കുമില്ലെന്നാണ് ഒരുവിഭാഗം ബിജെപി നേതാക്കളുടെ വിലയിരുത്തൽ. കാർഷികകടം എഴുതിത്തള്ളലും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും യുപിഎയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. സമാനമായ ചലനങ്ങളുണ്ടാക്കുന്ന എന്തെങ്കിലും ക്ഷേമപദ്ധതി നരേന്ദ്ര മോദി കൊണ്ടുവരണമെന്നാണു പാർട്ടിക്കുള്ളിലെ വികാരം. നഗര തൊഴിലുറപ്പു പദ്ധതിയാണ് ഇത്തരത്തിലുയർന്ന ഒരു നിർദേശം. അതു നഗരത്തിലെ പാവങ്ങൾക്കു ഗുണകരമാകുന്നതിനു പുറമേ, നഗരങ്ങളിൽപോയി പണിയെടുക്കുന്നവരെ ആശ്രയിക്കുന്ന ഗ്രാമത്തിലെ കുടുംബങ്ങൾക്കും ഗുണകരമാകും. രണ്ടാമതൊരു നിർദേശം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ ജൻധൻ അക്കൗണ്ടുകളിലേക്കു 3–5 വർഷത്തേക്കു പ്രതിമാസം നിശ്ചിത തുകയുടെ ആനുകൂല്യം നൽകലാണ്.  

പാവങ്ങളെ ആകർഷിക്കുന്ന ക്ഷേമപദ്ധതികൾക്കൊപ്പം ആഡംബരവസ്തുക്കൾ വാങ്ങിക്കൂട്ടുന്ന ധനികർക്കു നികുതി ഉയർത്തണമെന്നും നിർദേശമുയർന്നിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയിൽ അഞ്ചാംവട്ടം, ഈ ഭരണത്തിലെ അവസാനവട്ടം ചെങ്കോട്ടയിലേക്കു ചുവടുവയ്ക്കും മുൻപു നിർണായക തീരുമാനമെടുക്കാൻ നരേന്ദ്ര മോദിക്കു മുന്നിലുള്ളത് ഒരു മാസം മാത്രമാണ്. അദ്ഭുതപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ നടത്താനുള്ള ഏറ്റവും വലിയ അവസരവും.