Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതി: നവാസ് ഷെരീഫും മകളും അറസ്റ്റിൽ, പിടിയിലായത് വിമാനത്താവളത്തിൽ

Nawaz Sharif and Mariam Sharif നവാസ് ഷെരീഫും മകൾ മറിയവും

ലഹോര്‍ ∙ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു. ലണ്ടനില്‍നിന്നു പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ ഇവരെ ലഹോര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്പോർട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരൻ ഷെഹബാസിനെയും കാണാൻ നവാസ് ഷെരീഫിന് അനുമതി നൽകി.

പാക്കിസ്ഥാനിലെ വരും തലമുറയ്ക്കു വേണ്ടിയുള്ള ത്യാഗമാണിതെന്നും ഇത്തരം അവസരം പിന്നീടു ലഭിച്ചെന്നു വരില്ലെന്നും നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ അബുദാബി വിമാനത്താവളത്തില്‍ പ്രതികരിച്ചു. ‘എന്നെ നേരെ ജയിലിലേക്കാവും കൊണ്ടുപോകുക. പാക് ജനതയ്ക്കു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്’ -ഷെരീഫ് പറഞ്ഞു.

പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴ ശിക്ഷയും പാക്കിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. മറിയത്തിന് 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ഷെരീഫിന്റെ അറസ്റ്റ്.

പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാനിലെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) റജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഒന്നായ അവാന്‍ഫീല്‍ഡ് ഹൗസ് കേസിലാണ് വിധി വന്നത്. ലണ്ടനിലെ സമ്പന്നമേഖലയില്‍ നാലു ഫ്ലാറ്റുകൾ സ്വന്തമാക്കിയെന്നാണു കേസ്. പണത്തിന്റെ സ്രോതസ് ഹാജരാക്കാന്‍ ഷരീഫിനു കഴിഞ്ഞില്ല.

പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ പാക്ക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണു ഷരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും ഷെരീഫിനു പുറമെ ആണ്‍മക്കളായ ഹുസൈന്‍, ഹസന്‍, മകള്‍ മറിയം, മകളുടെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവരും പ്രതികളാണ്.

അര്‍ബുദ ബാധിതയായി ലണ്ടനില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യ കുല്‍സൂം നവാസിനൊപ്പമാണ് നവാസ് ഷരീഫും മക്കളും താമസിച്ചിരുന്നത്. കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാരോപിച്ചു നവാസ് ഷരീഫ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ നേതൃസ്ഥാനത്തുനിന്നു ഷരീഫിനെ കോടതി നീക്കിയിരുന്നു. മൂന്നു തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന് മൂന്നുവട്ടവും കാലാവധി തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.