Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികാരം പിന്നിട്ടാൽ ജയില്‍; ഒളിച്ചോട്ടം: ചരിത്രം തെറ്റിക്കാതെ പാക്കിസ്ഥാന്‍

Nawaz Sharif

അധികാരകാലം കഴിഞ്ഞാല്‍ ഒന്നുകില്‍ ജയില്‍; അല്ലെങ്കില്‍ ഒളിച്ചോട്ടം. പാക്കിസ്ഥാനെ വിട്ടുമാറാത്ത ഈ ചരിത്രം, നവാസ് ഷരീഫിന്റെ ശിക്ഷയിലൂടെ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കപ്പെടുകയാണ്. മിക്കപ്പോഴും അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഈ രംഗം അരങ്ങേറുന്നതെങ്കില്‍ ഇത്തവണ അത് തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ആണെന്നു മാത്രം.

പാക്ക് രാഷ്ട്രീയ ചരിത്രത്തിലാദ്യമായി രണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ പൂര്‍ണകാലാവധി പൂര്‍ത്തിയാക്കി മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. 2008-13ല്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി അടുത്ത ജനാധിപത്യ സര്‍ക്കാരിന് അധികാരം കൈമാറിയതുതന്നെ ചരിത്രസംഭവമായിരുന്നു. 2013-18ല്‍ പാക്കിസ്ഥാന്‍ മുസ്ലിംലീഗ് (പിഎംഎല്‍) സര്‍ക്കാരും കാലാവധി പൂര്‍ത്തിയാക്കിയതോടെ രാജ്യത്ത് ജനാധിപത്യ സര്‍ക്കാരും വാഴും എന്ന നിലവന്നു.

ഈ മാസം 25നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന്റെ പിഎംഎലിനായിരുന്നു ഇതുവരെയുള്ള അഭിപ്രായസര്‍വേകളില്‍ മേല്‍ക്കൈ. പാനമ രേഖകളുടെ പശ്ചാത്തലത്തില്‍ നവാസ് ഷരീഫ് പ്രധാനമന്ത്രിപദത്തില്‍നിന്നു പുറത്താക്കപ്പെടുകയും പിന്നാലെ ആജീവനാന്ത രാഷ്ട്രീയ വിലക്ക് വരികയും ചെയ്തതോടെ സഹോദരന്‍ ഷഹബാസ് ഷരീഫ് ആണു പാര്‍ട്ടിയെ നയിക്കുന്നത്.

പുതിയ സംഭവങ്ങളെ രാഷ്ട്രീയ പകപോക്കലായി ഷഹബാസ് വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ജനവിധിയെ ബാധിക്കുമെന്നു തന്നെയാണു വിലയിരുത്തല്‍. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാക്ക് തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ആണ് രണ്ടാം സ്ഥാനത്തെന്നാണു പൊതുനിഗമനം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തരംഗമാകുമെന്നായിരുന്നു സര്‍വേകളെങ്കിലും ഫലം വന്നപ്പോള്‍ പ്രകടനം ദയനീയമായിരുന്നു.

പാക്ക് ചരിത്രത്തില്‍ മൂന്നു തവണ പ്രധാനമന്ത്രിപദം വഹിച്ച ഏക വ്യക്തിയാണ് നവാസ് ഷരീഫ്. വന്‍ വ്യവസായി കൂടിയായ അദ്ദേഹം രാജ്യത്തെ ഏറ്റവും സമ്പന്നരില്‍ ഒരാളുമാണ്. 1999ല്‍ പര്‍വേസ് മുഷറഫ് പട്ടാളവിപ്ലവം നടത്തി നവാസ് ഷരീഫിനെ അധികാരത്തില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ അഴിമതിക്കേസിലും മറ്റുമായി അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ സൗദി അറേബ്യയില്‍ സുരക്ഷിതപ്രവാസം. 2008ലെ പൊതുതിരഞ്ഞെടുപ്പിനാണ് പിന്നീട് ഷരീഫ് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയത്. പത്തുവര്‍ഷത്തെ ജയില്‍ശിക്ഷയുടെ വിധി വരുമ്പോഴും ഷരീഫും കുടുംബവും ലണ്ടനിലായിരുന്നു.

മറ്റൊരു മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും പ്രവാസം കഴിഞ്ഞ് 2008ലെ തിരഞ്ഞെടുപ്പിനു വേണ്ടിയാണ് രാജ്യത്തു തിരിച്ചെത്തിയത്. അത് അവരുടെ അന്ത്യയാത്രയാവുകയും ചെയ്തു. 2002ല്‍ ബേനസീറിന് മൂന്നുവര്‍ഷം തടവുവിധിച്ചിരുന്നെങ്കിലും വിദേശത്തായതിനാല്‍ നടപ്പായില്ല. ബേനസീറിന്റെ പിതാവ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും അധികാരക്കസേരയില്‍നിന്നു ജയിലിലേക്കാണു പോയത്. പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) വിമത നേതാവായിരുന്ന അഹമ്മദ് റാസ കസൂരിയുടെ പിതാവിന്റെ വധത്തിന് ഉത്തരവിട്ടതും കസൂരിയെ വധിക്കാന്‍ ശ്രമിച്ചതുമായ കുറ്റങ്ങളുടെ കേസില്‍ അദ്ദേഹത്തിനു വധശിക്ഷ വിധിച്ചു. 1979 ഏപ്രില്‍ നാലിന് അതു നടപ്പാക്കുകയും ചെയ്തു.

അധികാരം വിട്ടതോടെ പര്‍വേസ് മുഷറഫിനും കേസിന്റെ കാലമായി. ബേനസീര്‍ ഭൂട്ടോ വധക്കേസും രാജ്യദ്രോഹവും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍. ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയും. ആദ്യം ലണ്ടനില്‍ അഭിയം തേടിയിരുന്ന മുഷറഫ് പിന്നീടു കുറച്ചുകാലം രാജ്യത്തെത്തി 'വീട്ടുതടങ്കല്‍' അനുഭവിച്ച ശേഷം ഇപ്പോള്‍ ദുബായില്‍ പ്രവാസത്തിലാണ്.

മുന്‍ പ്രസിഡന്റും ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ് അലി സര്‍ദാരിക്കും ഇഷ്ടം ദുബായ് വാസം തന്നെ. അഴിമതിക്കേസില്‍ മുന്‍പുതന്നെ ജയില്‍വാസം അനുഭവിച്ചിട്ടുള്ള സര്‍ദാരി, 1997ല്‍ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതുതന്നെ ജയിലില്‍നിന്നാണ്. ഒന്നുകില്‍ അധികാരത്തില്‍ സ്വയം മറന്നതിന്റെ തിക്തഫലം. അല്ലെങ്കില്‍ പ്രതികാരരാഷ്ട്രീയം. കാരണം ഏതാണെങ്കിലും അധികാരത്തിന്റെ പരവതാനിയില്‍നിന്ന് തടവറയിലേക്കോ മറുനാട്ടിലേക്കോ എന്നതാണ് പാക്ക് രാഷ്ട്രീയനേതാക്കളുടെ ഗതി.