Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പസാര രഹസ്യത്തിന്റെ പേരിൽ പീഡനം: മൂന്നാം പ്രതിയായ വൈദികൻ അറസ്റ്റിൽ

Fr Johnson V Mathew യുവതിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യുവിനെ കോഴഞ്ചേരി തെക്കേമലയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് തിരുവല്ലയില്‍ എത്തിച്ചപ്പോൾ. ചിത്രം: രാജേഷ് ബാബു ∙ മനോരമ

പത്തനംതിട്ട ∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരു വൈദികൻ കൂടി അറസ്റ്റിൽ. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു ആണ് അറസ്റ്റിലായത്. കോഴഞ്ചേരി തെക്കേമലയിലെ വീട്ടിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. തെളിവെടുപ്പിനായി തിരുവല്ലയിലേക്ക് കൊണ്ടു പോയ ജോൺസൺ മാത്യുവിനെ തെളിവെടുപ്പിനു ശേഷം വൈദ്യ പരിശോധനയ്ക്കായി തിരുവല്ല ഗവ.ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നുതന്നെ തിരുവല്ല കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ മാനഭംഗക്കുറ്റം ചുമത്തിയിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് കുറ്റം.

പ്രതികളിലൊരാളായ കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കഴിഞ്ഞദിവസം കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുൻപാകെ കീഴടങ്ങിയിരുന്നു. ഫാ. ജോബ് മാത്യുവിനെ റിമാൻഡ് ചെയ്തു.

കേസിൽ ഫാ. ജോബ് ഉൾപ്പെടെ മൂന്ന് ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളി. മറ്റു രണ്ടുപേരായ ഒന്നാം പ്രതി ഫാ. സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം ശ്രമം തുടങ്ങി. പീഡനക്കേസുകളിൽ സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിക്കാൻ സാധ്യതയില്ലെന്ന നിയമോപദേശമാണു രണ്ടു വൈദികർക്കും ലഭിച്ചതെന്നു സൂചനയുണ്ട്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.