Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയ്ക്കു പിണക്കം; അതിർത്തിതർക്കം മറന്ന് ഇന്ത്യയോട് അന്നം തേടി ചൈന

xi-modi-china-india ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി ∙ അമേരിക്ക പിണങ്ങിയതോടെ അന്നം മുട്ടുമെന്ന ഭീതിയിൽ അതിര്‍ത്തിതർക്കം തൽക്കാലം ഉപേക്ഷിച്ച് അന്നവും മരുന്നും തേടി ചൈന എത്തുന്നത് ഇന്ത്യക്കു മുന്നില്‍. യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ചൈന.

rice-varieties

ബസുമതി ഇതരഅരിയുടെ കയറ്റുമതിക്കായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അരി മില്ലുകളില്‍ പരിശോധനയ്ക്കായി എത്തുകയും ചെയ്തു. അധികമാരുമറിയാതെ ചൈനീസ് ഉദ്യോഗസ്ഥര്‍ എത്തിയത് അരിയുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കാനാണെന്നാണു റിപ്പോര്‍ട്ട്. അരിക്കു പുറമേ ഇന്ത്യയില്‍നിന്ന് പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ ചൈന ശ്രമം തുടങ്ങി. ലോകത്ത് അരിയും പഞ്ചസാരയും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ചൈന. അരി കയറ്റുമതിയില്‍ ലോകത്ത് മുന്നിൽ ഇന്ത്യയും. 

farmer-rice

അമേരിക്ക ഒരു ഭാഗത്തും ചൈനയും യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളും മറുഭാഗത്തുമായി നടക്കുന്ന വ്യാപാരയുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകാന്‍ ഇന്ത്യക്കു കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. സഹായത്തിനും സഹകരണത്തിനുമായി ഇരുകൂട്ടരും ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണെന്നതാണ് ശ്രദ്ധേയം. ലോകരാജ്യങ്ങളുമായി പുലര്‍ത്തുന്ന മെച്ചപ്പെട്ട ബന്ധം ഇക്കാര്യത്തില്‍ ഇന്ത്യക്കു ഗുണകരമാകും.

modi-xi-india-china ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും. (ഫയൽ ചിത്രം)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍വിദേശസന്ദര്‍ശനങ്ങള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കു സ്വീകാര്യത വര്‍ധിപ്പിച്ചുവെന്നും വാണിജ്യ, വ്യാപാര, കയറ്റുമതി മേഖലകളില്‍ ഇതു പ്രയോജനം ചെയ്യുമെന്നുമാണു വിലയിരുത്തല്‍. കഴിഞ്ഞ മാസം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായി വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു. 

rice-farmer

അമേരിക്കയുമായുള്ള വ്യാപാരം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സോയാബീന്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിക്കു ഏര്‍പ്പെടുത്തിയിരുന്ന തീരുവ പിന്‍വലിക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ചൈനയിലേക്കുള്ള ഏറ്റവും വലിയ ഇറക്കുമതി സോയാബീന്‍സിന്റേതാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കു നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്നതിനുള്ള സോയാബീന്‍ (മൂന്നു ശതമാനം), സോയാമീല്‍ (അഞ്ചു ശതമാനം), സോയാബീന്‍ കേക്ക് (അഞ്ചു ശതമാനം), കടുക് (ഒന്‍പതു ശതമാനം), ഫിഷ്മീല്‍ (രണ്ടു ശതമാനം) എന്നിവയുടെ തീരുവയാണ് എടുത്തുകളയുന്നത്. 

farmer-india

കാലിത്തീറ്റ വിലയില്‍ വന്‍ വര്‍ധനയുണ്ടാവുകയും അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമം വരുകയും ചെയ്താല്‍ വന്‍ കാലിസമ്പത്തുള്ള ചൈനയെ അതു ബാധിക്കുമോയെന്നാണ് അധികൃതരുടെ ആശങ്ക. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, ബംഗ്ലദേശ്, ലാവോസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. എന്നാല്‍ ഈ അഞ്ചു രാജ്യങ്ങളിലും ഇതിന്റെ ഉല്‍പാദനം വളരെ കുറവാണ്. ഈ രാജ്യങ്ങളൊന്നും 2017 ല്‍ ചൈനയിലേക്ക് ഇവയൊന്നും തന്നെ കയറ്റുമതി ചെയ്തിട്ടില്ല. 2016-17 കാലയളവില്‍ ഇന്ത്യയിലെ ആകെയുള്ള സോയാബീന്‍ ഉല്‍പാദനം 1.1 കോടി ടണ്ണാണ്. കയറ്റുമതി ചെയ്തതാകട്ടെ വെറും 2.69 ലക്ഷം ടണ്ണും. സോയാമീല്‍ 20 ലക്ഷം ടണ്ണും. കടുക് ആകട്ടെ 70 ലക്ഷം ടണ്‍ ഉല്‍പാദിപ്പിച്ചെങ്കിലും കയറ്റുമതി ചെയ്തിട്ടേയില്ല. 

medicines1

ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ക്കായി വിപണി തുറന്നുവയ്ക്കാനും ചൈന ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ജനറിക് മരുന്നുകളുടെ രംഗത്ത് 2017-18 വര്‍ഷത്തില്‍ 17.3 ബല്യണ്‍ ഡോളറിന്റെ കയറ്റുമതിയുമായി ഇന്ത്യയാണ് ഒന്നാമത്. എന്നാല്‍ ഇതിന്റെ ഒരു ശതമാനം മാത്രമാണ്, ലോകത്തെ രണ്ടാമത്തെ മരുന്നു വിപണിയായ ചൈനയിലേക്കു കയറ്റുമതി ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഇന്ത്യന്‍ മരുന്നു വിതരണക്കാര്‍ക്ക് ഡ്രഗ് ലൈസന്‍സ് നല്‍കാന്‍ ചൈനീസ് അധികൃതര്‍ നിര്‍ദേശം നല്‍കിയെന്നാണു റിപ്പോര്‍ട്ട്. ആറു മാസത്തിനുള്ളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു ചൈനയിലെ മരുന്നു വിപണിയില്‍ സജീവമാകാന്‍ കഴിയുമെന്നാണു സൂചന. 

ട്രംപിന്റെ അടിയും ചൈനയുടെ തിരിച്ചടിയും

donald-trump-xi-jinping യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും.(ഫയൽ ചിത്രം)

ചൈനയില്‍ നിന്നുള്ള വ്യവസായ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 25% തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തീരുമാനിച്ചതോടെയാണു ലോകത്തെ ഏറ്റവും വലിയ രണ്ടു സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള വാണിജ്യയുദ്ധത്തിനു വഴി തുറന്നത്. 3,400 കോടി ഡോളര്‍ മൂല്യമുള്ള യന്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, എല്‍ഇഡി തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തില്‍ തീരുവ ചുമത്തിയത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ പഴം, പച്ചക്കറി റഫ്രിജറേറ്റര്‍, ബാഗ് തുടങ്ങി 20,000 കോടി ഡോളര്‍ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ക്കു 10 ശതമാനം തീരുവയും ചുമത്തി. 

ചൈന നീതിയുക്തമല്ലാത്ത വ്യാപാരരീതികള്‍ പിന്തുടരുന്നുവെന്നും അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കളും സാങ്കേതികവിദ്യയും മോഷ്ടിക്കുന്നുവെന്നും ആരോപിച്ചാണു ട്രംപിന്റെ നടപടി. 'മെയ്ഡ് ഇന്‍ ചൈന 2025' എന്ന പദ്ധതിയിലൂടെ ലോകവ്യാപാരരംഗം കീഴടക്കാനുള്ള ചൈനയുടെ ശ്രമത്തിനു തടയിടുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഏതാണ്ട് 50,000 കോടി ഡോളറിന്റെ ചൈനീസ് ഉല്‍പന്നങ്ങള്‍ യുഎസ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തിരുന്നു. ചൈനയില്‍നിന്നുള്ള കയറ്റുമതിയെക്കാള്‍ 37,500 കോടി ഡോളര്‍ കുറവാണ് യുഎസില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി. ഈ അസന്തുലിതാവസ്ഥയാണു ട്രംപ് ചൂണ്ടിക്കാട്ടുന്നത്. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും തീരുവ ചുമത്താനും ട്രംപ് തീരുമാനിച്ചു. 

അമേരിക്കയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കു സമാന തീരുവ ചുമത്തിയാണു ചൈന തിരിച്ചടിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ലംഘിച്ചു യുഎസ് വ്യാപാരയുദ്ധത്തിന് തിരികൊളുത്തിയതു ഖേദകരമാണെന്നും ചൈന പ്രതികരിച്ചു. യുഎസില്‍ നിന്നുള്ള കാര്‍, വിമാനം, സോയാബീന്‍ എന്നിവയുടെ ഇറക്കുമതിക്കു ചൈന നേരത്തേ തീരുവ ചുമത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും വിട്ടുവീഴ്ചയില്ലാതെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു തീരുവ ചുമത്തിയാണു തിരിച്ചടിച്ചത്. 

തീരുവയ്ക്കു മറുതീരുവയുമായി ഇന്ത്യയും

Rupee Dollar

ഉരുക്ക്, അലുമിനിയം ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യയെയും ചൊടിപ്പിച്ചു. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍, ആപ്പിള്‍, ബോറിക് ആസിഡ് എന്നിവയുള്‍പ്പെടെ 30 ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 50% വരെ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ഇന്ത്യ, ലോക വ്യാപാര സംഘടനയെ (ഡബ്‌ള്യുടിഒ) അറിയിച്ചു. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതിലൂടെ 241 ദശലക്ഷം ഡോളറാണ് യുഎസിനു ലഭിക്കാവുന്ന അധിക വരുമാനം. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഉയര്‍ത്തുന്നതിലൂടെ ഇതേ തുക തിരിച്ചുപിടിക്കാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. 

യുഎസില്‍നിന്നെത്തുന്ന കടല, പയര്‍ തുടങ്ങിയവയുടെ നികുതി ഇന്ത്യ 30 ശതമാനത്തില്‍നിന്ന് 70% ആക്കി. തുവരയ്ക്ക് 30% ആയിരുന്നതു 40% ആക്കി. തോടുള്ള ബദാം കിലോഗ്രാമിന് 100 രൂപ ആയിരുന്ന നികുതി 120 രൂപയായി വര്‍ധിപ്പിച്ചു. വാല്‍നട്ടിന് കിലോഗ്രാമിന് നികുതി 30 രൂപയില്‍ നിന്നു 120 രൂപയായി. ചിലയിനം രാസവസ്തുക്കള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, അര്‍ട്ടീമിയ ചെമ്മീന്‍ എന്നിവയ്ക്കും ഇറക്കുമതിത്തീരുവ ഉയര്‍ത്തി.

ലോകവ്യാപാര സംഘടനയ്ക്ക് സമര്‍പ്പിച്ച പട്ടികയില്‍ 800 സിസിയിലേറെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അദ്യം പ്രഖ്യാപിച്ചവയുടെ കൂട്ടത്തില്‍ ഇതില്ല. യുഎസിലെ പ്രമുഖ ബ്രാന്‍ഡ് ഹാര്‍ലി ഡേവിഡ്‌സന്‍, ബ്രിട്ടനിലെ ട്രയംഫ് എന്നിവയാണ് ഈയിനത്തില്‍പ്പെടുക. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.