Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ഏജൻസികളുടെ പിന്തുണയോടെ വൈറോളജി ലാബ്: സർക്കാർ പിന്മാറണമെന്ന് ബെന്നി ബെഹനാൻ

Benny-Behanan

കൊച്ചി∙ ബഹുരാഷ്ട്ര കുത്തക മരുന്നു കമ്പനികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈറോളജി ലാബ് തോന്നയ്ക്കലിൽ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ അടിയന്തിരമായി പിന്മാറണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാൻ.

ഗ്ലോബൽ വൈറൽ നെറ്റ്‌വർക്കിന്റെയും ബാൾട്ടിമോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ കേരളത്തിൽ വൈറോളജി ലാബ് സ്ഥാപിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കം കേരളത്തിന്റെ ആരോഗ്യരംഗത്തു കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്.

നിപ്പ പ്രതിരോധ മരുന്നിന്റെ നിർമാണത്തിനായി ഗ്ലോബൽ വൈറൽ നെറ്റ്‌വർക്ക് അന്താരാഷ്ട്ര കുത്തക മരുന്ന് കമ്പനികളായ പ്രൊഫെക്ട്‌സ് ബയോ സയൻസ്, എമെർജന്റ്  ബയോ സൊലൂഷൻസ് എന്നിവയുമായി രണ്ടരക്കോടി ഡോളറിന്റെ കരാർ ഒപ്പിട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കൻ സ്വകാര്യ മരുന്നു കമ്പനികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംഘടനകളുടെ സഹായത്തോടെ സംസ്ഥാനത്ത് റിസർച്ച് സെന്ററുകൾ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന് ആപത്താണ്. ഐസിഎംആറിന്റെയും ലോക ആരോഗ്യ സംഘടനയുടെയും സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൈറൽ റിസർച്ച് തുടങ്ങും എന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞിരുന്നത്.

എന്നാൽ മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈറോളജി ലാബ് സന്ദർശിക്കുകയും അവരുമായി സഹകരിക്കാൻ തീരുമാനിക്കുകയും ചെയ്തതു ദുരൂഹമാണ്.  ആരോഗ്യ മന്ത്രി മുൻ നിലപാടിൽ നിന്നു പിന്നോട്ടു പോയതിന്റെ കാരണം വെളിപ്പെടുത്തണം.

സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ മന്ത്രിസഭയിൽ പോലും കൂടിയാലോചിക്കാതെ സ്വകാര്യ ഏജൻസികളുമായി സഹകരിക്കുന്നത് സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ വൈറോളജി ലാബ്  സ്ഥാപിക്കാൻ സ്വകാര്യ ഏജൻസികളുടെ സഹായം തേടുന്ന നീക്കത്തിൽ നിന്നും അടിയന്തരമായി  സംസ്ഥാന സർക്കാർ പിന്മാറണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.