Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുറാഡിയിൽ മരിച്ച മൂന്നു പേരുടെ കൈ ബന്ധിച്ചത് മുന്നിൽ; പൊലീസ് തലപുക‌യ്ക്കുന്നു

Delhi-Police-Bhatia-Murder.jpg.image.784.410 ബുറാഡിയിൽ കൂട്ടമരണമുണ്ടായ വീടിനു സമീപം ഏർപ്പെടുത്തിയ പൊലീസ് സുരക്ഷ. – ഫയൽ ചിത്രം.

ന്യൂഡൽഹി∙ ബുറാ‍ഡിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പതിനൊന്നുപേരും ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെ അന്വേഷണം വഴിമാറുന്നു. മൃതദേഹ പരിശോധന കൂട്ട ആത്മഹത്യയെന്നു വിരൽചൂണ്ടുമ്പോൾ സംഭവത്തിന് പിന്നിലെ ദുരൂഹതകൾ പൂർണമായും നീക്കാൻ മനഃശാസ്ത്രവിശകലനങ്ങൾക്ക് ഒരുങ്ങുകയാണ് പൊലീസ്. അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി മാനസിക വിശകലനം തയാറാക്കും. കുടുംബത്തെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളാണു പൊലീസ് അന്വേഷിക്കുന്നത്. ഇതിനോടകം ഇരുന്നൂറിലേറെപ്പേരെ പൊലീസ് ചോദ്യം ചെയ്തു. മരിച്ചവരുടെ ഫോൺരേഖകൾ പൊലീസ് പരിശോധിച്ചു വരുകയാണ്. 

കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായൺ ദേവിയുടെ മൃതദേഹമാണ് തറയിൽ കിടത്തിയ നിലയിൽ കണ്ടെത്തിയിരുന്നത്. ഇവരെ കൊലപ്പെടുത്തിയത് ആകുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അതുതെറ്റാണെന്നു തെളിഞ്ഞു. നേരത്തെ വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പത്തു പേർ ആത്മഹത്യ ചെയ്തതു തന്നെയാണെന്ന് നേരത്തെ റിപ്പോർട്ടു വന്നെങ്കിലും നാരായൺ ദേവിയുടെ മൃതദേഹ പരിശോധനാ റിപ്പോർട്ട് വൈകിയത് ദുരൂഹത വർധിപ്പിച്ചിരുന്നു.

Delhi Burari Deaths ഭാട്ടിയ കുടുംബാംഗങ്ങൾ ഒരു യാത്രാവേളയിൽ.

നാരായൺ ദേവി അലമാരയിലാകും തൂങ്ങിയതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. എങ്ങനെയാണ് തൂങ്ങിമരിക്കേണ്ടതെന്നു വിശദമാക്കുന്ന രേഖകൾ സംഭവസ്ഥലത്തുനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മരിച്ചനിലയിൽ കണ്ടെത്തിയവരിൽ മൂന്നുപേരുടെ കൈകൾ സ്വയം അഴിക്കാവുന്ന തരത്തിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ കൈകൾ കെട്ടിയതിനുശേഷമാകാം ഇവർ ആത്മഹത്യ ചെയ്തതെന്നാണു പൊലീസ് വിലയിരുത്തൽ. അല്ലെങ്കിൽ‌ ഇവർ രക്ഷപെടാൻ ശ്രമിച്ചിരിക്കാമെന്നും പൊലീസ് കണക്കുകൂട്ടുന്നു. ലളിത്, ഭാര്യ ടിന, മുതിരന്ന സഹോദരൻ ഭൂവനേഷ് എന്നിവരുടെ കൈകളാണ് അഴിക്കാവുന്ന തരത്തിൽ മുന്നോട്ടു കെട്ടിയിരുന്നത്. മറ്റുള്ളവരുടെ കൈകൾ പുറകിലേക്കാണു കെട്ടിയിരുന്നത്.

ജൂൺ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണമായശേഷം മനഃശാസ്ത്ര വിശകലനം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കാനാണു പൊലീസ് നീക്കം. സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

ആൾദൈവത്തോടുളള ബന്ധം തളളി പൊലീസ്

ഭാട്ടിയ കുടുംബവും ഒരു ആൾദൈവവുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിനിടെ ആരോപണമുയർന്നിരുന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവവമായ ബിഡി വാലേ ബാബയുമായിട്ടാണു കുടുംബം ബന്ധപ്പെട്ടിരുന്നതെന്ന് സൂചിപ്പിക്കുന്ന ഒരു കത്തും വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായിട്ടൊന്നും കണ്ടെത്താനായില്ല.

related stories