Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമത്തിലെ മദ്യഗ്രൂപ്പുകള്‍ക്കെതിരെ സർക്കാർ; മദ്യക്കമ്പനികൾക്ക് തലോടൽ

Beer glass | Liquor Representational image

തിരുവനന്തപുരം∙ മദ്യ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍, വരുമാനം കൂട്ടാനായി മദ്യകമ്പനികളെ സ്വാഗതം ചെയ്യുന്നു. പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം ഹെക്ടാ ലീറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രൂവറി സ്ഥാപിക്കാന്‍ അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡിന് സര്‍ക്കാര്‍ അനുമതി നല്‍കി. കണ്ണൂരിലെ വാരത്ത് പ്രതിവര്‍ഷം അഞ്ചു ലക്ഷം കേയ്സ് ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രൂവറി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. മൂന്നു കമ്പനികളുടെ അപേക്ഷ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. 

കേരളത്തില്‍ വില്‍ക്കുന്ന ബിയറിന്റെ 40% മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് പാലക്കാട് ജില്ലയില്‍ ഏലപ്പുള്ളി വില്ലേജിലെ 9.92 ഏക്കര്‍ ഭൂമിയില്‍ മദ്യ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മദ്യ ഉല്‍പ്പാദന കേന്ദ്രം ആരംഭിച്ചാല്‍ നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും എക്സൈസ് കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതനുസരിച്ച് ബ്രൂവറി റൂള്‍സ് 1967ലെ ചട്ടങ്ങള്‍ അനുസരിച്ചാണ് മദ്യ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കാന്‍ അനുമതി നല്‍കിയത്. 

കൂടുതല്‍ മദ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്ന മൂന്നു കമ്പനികളും വടക്കന്‍ കേരളത്തിലാണ് ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അനുകൂല റിപ്പോര്‍ട്ടാണ് എക്സൈസില്‍നിന്നും ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവയ്ക്കുള്ള അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ നാലാമത്തെ ബിയര്‍ ഉല്‍പ്പാദന കേന്ദ്രമാണ് പാലക്കാട്ടേത്. നേരത്തെ അനുമതി നല്‍കിയ കണ്ണൂര്‍ വാരത്തെ ബ്രൂവറിക്ക് പുറമേ പാലക്കാടും, തൃശൂരും ഇപ്പോള്‍ ബിയര്‍ ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്.  

∙ മദ്യക്കച്ചവടം കൊഴുക്കുന്നു 

2017-18 സാമ്പത്തിക വര്‍ഷം ബവ്റിജസ് കോര്‍പ്പറേഷന്റെ വരുമാനം 11,024 കോടിരൂപയായിരുന്നു. 2016-17 വര്‍ഷത്തെ വരുമാനം 10,353 കോടിരൂപയും. 671 കോടിരൂപയുടെതാണ് വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷം 205.41 ലക്ഷം കേയ്‌സ് മദ്യവും 150 ലക്ഷം കേയ്‌സ് ബിയറും വില്‍പ്പന നടത്തി. 2017-18 സാമ്പത്തിക വര്‍ഷം 208ലക്ഷം കേയ്‌സ് മദ്യവും 115 ലക്ഷം കേയ്‌സ് ബിയറുമാണ് വില്‍പ്പന നടത്തിയത്.

related stories