Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവൻ നൽകിയവന് ജീവിതം നൽകാൻ തായ്കുട്ടികൾ; ബുദ്ധഭിക്ഷുക്കളാകും

thai-kids-with-coach

തങ്ങളെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ മരണത്തിനു കീഴടങ്ങിയ സമന്റെ ഓർമയ്ക്കായി, തായ്‍ലൻഡിലെ ‘ഗുഹാകുട്ടികൾ’ ബുദ്ധഭിക്ഷുക്കളായേക്കും. 

തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥനായിരുന്ന സമൻ കുനോന്ത് (38) ജൂലൈ ആറിനു ഗുഹയ്ക്കുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചശേഷം വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നു മരിക്കുകയായിരുന്നു. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിന്റെ ഒരേയൊരു രക്തസാക്ഷിയാണു സമൻ. മരണശേഷം ‘സെർജന്റ് സാം’ എന്ന വിളിപ്പേരിൽ ലോകമെങ്ങും പ്രശസ്തനായി സമൻ.

ഗുഹയിൽനിന്നു രക്ഷപ്പെട്ട കുട്ടികളിലൊരാളുടെ കുടുംബമാണു 12 പേരെയും ബുദ്ധഭിക്ഷുക്കളാക്കാൻ കുടുംബങ്ങൾ ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്. കുട്ടികൾ സന്യാസം സ്വീകരിച്ചാൽ സമന് അമരത്വം ലഭിക്കുമെന്നാണു വിശ്വാസം. മാത്രമല്ല, ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമാകണമെന്നില്ല. ലൗകിക ജീവിതത്തിലേക്കു മടങ്ങിവരാൻ തടസ്സമില്ല. കുട്ടികളുടെ ഫുട്ബോൾ പരിശീലകൻ മുൻപു ബുദ്ധസന്യാസിയായിരുന്നു. പിന്നീടു മുത്തശ്ശിയെ പരിചരിക്കാനായി അതുപേക്ഷിച്ചു.

കുട്ടികൾ വ്യാഴാഴ്ച ആശുപത്രി വിടും

ബാങ്കോക്ക്∙ ഗുഹയിൽനിന്നു രക്ഷിച്ച 12 കുട്ടികളും ഫുട്ബോൾ കോച്ചും അടുത്ത വ്യാഴാഴ്ചവരെ ആശുപത്രിയിൽ കഴിയേണ്ടിവരും. കുട്ടികൾ ആരോഗ്യവാന്മാരാണ്. ഗുഹയിലെ ജീവിതം കൊണ്ടു ചില കുട്ടികൾക്ക് അഞ്ചുകിലോ വരെ തൂക്കം കുറഞ്ഞിരുന്നു. 

കുട്ടികൾക്കു കൗൺസലിങ്ങും നൽകുന്നുണ്ട്. മാധ്യമങ്ങളുമായുള്ള സംസാരം ഒഴിവാക്കാനാണു നിർദേശിച്ചിട്ടുള്ളത്. പകരം, കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം സമയം ചെലവിടണം. ഗുഹയ്ക്കുള്ളിൽ നേരിടേണ്ടിവന്ന പ്രതിസന്ധികൾ മാധ്യമങ്ങളോട് ആവർത്തിച്ചുപറയുന്നത് കുട്ടികളിൽ മാനസിക സമ്മർദത്തിനു കാരണമായേക്കുമെന്നാണു മനഃശാസ്ത്ര വിദഗ്ധർ കരുതുന്നത്. 

ആശുപത്രിയിൽ കുട്ടികൾ കഴിയുന്നതിന്റെ വിഡിയോ ഇന്നലെ തായ് അധികൃതർ പുറത്തുവിട്ടു. കുട്ടികളെല്ലാം ആഹ്ലാദവാന്മാരാണ്. രക്ഷിച്ചവരോട് അവർ നന്ദി പറയുന്നതും വിഡിയോയിലുണ്ട്.