Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ് കുമാർ സ്ഥാനാർഥി?; പ്രമുഖരെ നിർത്തി സീറ്റു പിടിക്കാൻ ബിജെപി

Nana-Patekar-Akshay-Kumar-Anupam-Kher നാന പടേക്കർ, അക്ഷയ് കുമാർ, അനുപം ഖേർ

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയിൽ സ്ഥാനാർഥി ചർച്ചകളും സജീവമാകുന്നു. ബോളിവുഡ് അഭിനേതാക്കളെയും യുവവ്യവസായികളെയും പത്മ പുരസ്കാര ജേതാക്കളെയും കായിക താരങ്ങളെയും സ്ഥാനാർഥികളാക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി ഒരു ദേശീയമാധ്യമം റിപ്പോർട്ടു ചെയ്തു. 2014ൽ നേടിയതിനേക്കാളും കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം.

ബിജെപിക്ക് ഇതുവരെ സാന്നിധ്യമുറപ്പിക്കാൻ കഴിയാത്ത മണ്ഡലങ്ങളിലാകും പ്രമുഖരെ സ്ഥാനാർഥികളാക്കുക. 120 ലോക്സഭാ സീറ്റുകളിലാണ് ഇതുവരെ ബിജെപിക്കു വിജയിക്കാൻ സാധിക്കാത്തത്. പ്രമുഖരെ നിർത്തുന്നതിലൂടെ ഇത്തരം മണ്ഡലങ്ങളിൽ സ്ഥാനം നേടാനാകുമെന്നാണു പ്രതീക്ഷ. 

ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നില കൂടുതൽ മെച്ചപ്പെടുത്താമെന്ന് പാർട്ടി വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 282 സീറ്റുനേടിയ ബിജെപിക്ക് ഇന്ത്യയുടെ മധ്യ, ഉത്തര, പശ്ചിമ മേഖലകളില്‍നിന്നു മാത്രം 232 സീറ്റുകൾ ലഭിച്ചിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടുന്ന പാർട്ടിയാകാൻ ബിജെപിയെ സഹായിച്ചതും ഇതായിരുന്നു.

ഗായകരായ മനോജ് തിവാരി, ബാബുൽ സുപ്രിയോ, നടന്മാരായ പ്രകാശ് റാവൽ, കിരൺ ഖേർ, ഒളിംപിക് ഷൂട്ടിങ് മെഡലിസ്റ്റ് രാജ്യവർധൻ സിങ് റാത്തോഡ്, കോളമിസ്റ്റ് പ്രതാപ് സിംഹ, മുൻസൈനിക മേധാവി വി.കെ.സിങ്, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ.സിങ്, മുംബൈ പൊലീസ് മുൻ കമ്മിഷണർ സത്യപാൽ സിങ്, ഉദ്ധിത് രാജ് എന്നിവരാണു കഴിഞ്ഞ വർഷം മൽസരിച്ചു വിജയിച്ച പ്രമുഖർ. ഇവരുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് വളരെയധികം ഗുണം ചെയ്തുവെന്ന് ബിജെപി നേതാവ് പറഞ്ഞു.

നടൻ അക്ഷയ് കുമാർ, അനുപം ഖേർ, നാന പടേക്കർ എന്നിവർ പഞ്ചാബ്, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന് മൽസരിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറഞ്ഞു. ഡൽഹിയിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്ന പേരുകളാണിവയെന്നും കൂടുതൽ പേരെ ഇത്തരത്തിൽ കണ്ടെത്താനാകുമോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

related stories