Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കോൺഗ്രസുമായി സർക്കാരുണ്ടാക്കിയത് വിഷം കുടിച്ചതു പോലെ’: കരച്ചിലോടെ കുമാരസ്വാമി

HD-Kumaraswamy-Crying ബെംഗളൂരുവിൽ ജെഡിഎസിന്റെ ചടങ്ങിനിടെ കരയുന്ന എച്ച്.ഡി.കുമാരസ്വാമി (വിഡിയോ ചിത്രം)

ബെംഗളൂരു∙ ‘നിങ്ങളെല്ലാവരും എനിക്ക് ആശംസകളുടെ പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. നിങ്ങളുടെ സഹോദരൻ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു സ്നേഹപ്രകടനങ്ങളെല്ലാം. നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാൽ എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന എനിക്കിപ്പോൾ നന്നായറിയാം. ഈ സഖ്യസർക്കാർ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാൻ...’ കണ്ണീരൊഴുക്കിക്കൊണ്ട് ഇതെല്ലാം പറഞ്ഞത് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയാണ്. കോൺഗ്രസുമായി ചേർന്നു രൂപീകരിച്ച സഖ്യസർക്കാർ നൽകുന്ന ‘വേദന’ ഇതാദ്യമായാണു പൊതുവേദിയിൽ കുമാരസ്വാമി തുറന്നു പറയുന്നത്. സഖ്യസർക്കാർ രൂപീകരിച്ചു രണ്ടു മാസം തികയുന്ന അവസരത്തിലാണു പ്രസ്താവനയെത്തിയിരിക്കുന്നത്. 

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്നും അണികളോട് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ‘ഒരു മുഖ്യമന്ത്രി എല്ലായിപ്പോഴും സന്തോഷവാനായിരിക്കണം’ എന്നായിരുന്നു കോൺഗ്രസിൽ നിന്നുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം. സന്തോഷവാനല്ലെന്നു പറയാൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്നും പരമേശ്വര ചോദിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസുമായി ജെഡിഎസ് സഖ്യം തുടരുമോയെന്ന് ഉറ്റുനോക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ പ്രസ്താവനയെന്നതും രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റുന്നു. 

മന്ത്രിസഭ രൂപീകരിച്ചതിനു ശേഷവും കോൺഗ്രസുമായി അസ്വാരസ്യം തുടർന്നിരുന്നു. മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിക്കുന്നതിന്റെ പേരിലായിരുന്നു ഇത്. ഒടുവിൽ ഡൽഹിയിലെത്തി കോൺഗ്രസ് ദേശീയ നേതൃത്വവുമായി കുമാരസ്വാമി ചർച്ച നടത്തിയാണ് ഏകദേശ ധാരണയുണ്ടായത്. ബജറ്റ് അവതരിപ്പിച്ചതിന്റെ പേരിലായിരുന്നു ഏറ്റവും അവസാനത്തെ പ്രതിസന്ധി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുൻ കോൺഗ്രസ് സർക്കാർ ‘ഫുൾ ബജറ്റ്’ അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണു കുമാരസ്വാമിയുടെ പുതിയ ബജറ്റിനെതിരെ രംഗത്തിറങ്ങിയത്. സർക്കാരിനെതിരെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ സിദ്ധരാമയ്യയെ കോൺഗ്രസ് നേതൃത്വം താക്കീത് ചെയ്തതും അടുത്തിടെയാണ്.

കുമാരസ്വാമി സർക്കാർ മൂന്നു മാസത്തിനകം താഴെ വീഴുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ നേരത്തേ പറഞ്ഞിരുന്നു. സർക്കാർ വീണതിനു ശേഷം പുതിയ സർക്കാർ രൂപീകരിക്കുന്നതു സംബന്ധിച്ച സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.