Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളം സൗത്ത് സ്റ്റേഷൻ വെള്ളത്തിൽ; വിവിധ ജില്ലകളിൽ മൂന്ന് മരണം – ചിത്രങ്ങൾ

railway-station കനത്തമഴയിൽ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറിയപ്പോൾ.

കൊച്ചി ∙ കനത്തമഴയിൽ സൗത്ത് റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനം തകരാറിലായി. ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊച്ചുവേളി – ബെംഗളൂരു, തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടു. 

മഴയുടെ ശക്തി കുറഞ്ഞെങ്കിലും അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

rain-havoc2 മേലുകരയിൽ കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണപ്പോൾ. ചിത്രം: നിഖിൽ രാജ്

വനത്തിൽ കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിലെ നാലു ഷട്ടറുകൾ ഒൻപത് ഇഞ്ച് തുറന്നു. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു. 

rain-havoc1 കോഴഞ്ചേരി വെള്ളാറേത്ത് മാത്യു വി. ഫിലിപിന്റെ വീടിനു സമീപം റോഡിലേക്ക് മരം വീണ നിലയിൽ. ചിത്രം: നിഖിൽ രാജ്

ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാൻ തോട്ടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക. തോടിന്റെ ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

rain-havoc3 കോഴഞ്ചേരി മേലുകര കിഴക്കേടത്ത് ഭാസ്കരൻനായരുടെ വീടിന്റെ മേൽക്കൂര തേക്ക് വീണ് തകർന്ന നിലയിൽ. ചിത്രം: നിഖിൽ രാജ്

അതേസമയം, മാനന്തവാടി പേരിയയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരനെ കണ്ടെത്തിയിട്ടില്ല. മൂന്നാറില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ, ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെ മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിക്കും.

rain-pta കുമ്പഴ ചേന്നംപള്ളിൽ പുഷ്പമംഗലത്ത് പി.പി. ഹരികുമാറിന്റെ വീടിന് മുകളിലേക്ക് മരം വീണപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ

കൂത്താട്ടുകുളത്ത് ഇലക്ട്രിക്കൽ സബ്സ്റ്റേഷന്റെ മതിൽ ഇടിഞ്ഞു തോട്ടിലേക്ക് വീണു. തോട്ടിൽ നിന്നുള്ള വെള്ളം അടുത്ത പുരയിടത്തിലും ഫ്ലവർമില്ലിലും കയറി. മില്ലിനുള്ളിലെ മോട്ടോറുകളും വെള്ളത്തിലായി.

വിവിധ ജില്ലകളിലായി മൂന്നു മരണം

auto-rickshaw-sithara കണ്ണൂർ പേരാവൂർ എടത്തൊട്ടിയിൽ മരംവീണു തകർന്ന ഓട്ടോറിക്ഷ. ഉൾച്ചിത്രം: അപകടത്തിൽ മരിച്ച സിത്താര. ചിത്രം: മനോരമ

കണ്ണൂർ എടത്തൊട്ടിക്ക് സമീപം കല്ലേരി മലയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണ് യാത്രക്കാരിയായ ആര്യപ്പറമ്പ് കാഞ്ഞിരക്കാട്ട് സിത്താര (20) മരിച്ചു. ഡ്രൈവർ വിനോദ്, മറ്റു യാത്രക്കാരായ സിറിയക്, സലീന, പ്രസന്ന എന്നിവർക്കു പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

rain-havoc4 കിളിക്കൊല്ലൂർ മണ്ണാമല ക്ഷേത്രത്തിനു സമീപം വീടിനു മുകളിലേക്കു കൂറ്റൻ ആൽമരം വീണപ്പോൾ. ചിത്രം: വിഷ്ണു സനൽ.

കോഴിക്കോട് മരം കടപുഴകി വീണ് ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തൻകുന്ന് കല്യാണി (85)  മരിച്ചു. കോഴിക്കോട് മരം കടപുഴകി വീണ് ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തൻകുന്ന് കല്യാണി (85)  മരിച്ചു. ആലപ്പുഴ ചേർത്തല മാക്കേക്കടവിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നു ഷോക്കേറ്റു മത്സ്യവിൽപന തൊഴിലാളി മരിച്ചു. മാക്കേക്കടവ് ഫിഷർമെൻ കോളനിയിൽ പുരഹരന്റെ ഭാര്യ സുഭദ്ര (59) ആണു മരിച്ചത്.

മരം വീണ് ഗതാഗതം മുടങ്ങി

rain-havoc5 പുനലൂർ –മധുര പാസഞ്ചർ‌ ട്രെയിനിനു മുകളിൽ വീണ മരത്തിന്റെ ചില്ല എൻജിന് അടിയിൽ കുരുങ്ങിയ നിലയിൽ. ചിത്രം: തോമസ് മാത്യു

കൊട്ടാരക്കര– കൊല്ലം പാതയിൽ കല്ലുംതാഴത്ത് മരം കടപുഴകി വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങി. അഗ്നിശമനസേനയെത്തി മരം മുറിച്ചുമാറ്റി. മൂന്നാംകുറ്റി മണ്ണാമല ക്ഷേത്രത്തിനു സമീപം ഒരുമ നഗറിൽ കൂറ്റൻ ആൽമരം വീണ് നാലു വീടുകൾ പൂർണമായി തകർന്നു. വീടുകളിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. രാവിലെ എട്ടുമണിയോടെയാണ് രണ്ട് അപകടങ്ങളും.

ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

പത്തനംതിട്ടയിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. പ്രതികൂല കാലാവസ്ഥയെ തുടർന്നു തിരച്ചിൽ നിർത്തി.