Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്യമൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചി വിൽക്കണം: പി.സി.ജോർജ്

PC George

പാലക്കാട് ∙ വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വിൽക്കണമെന്നു പി.സി. ജോർജ് എംഎൽഎ. കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ നടപടി സ്വീകരിച്ചാൽ വനംവകുപ്പിനു ലാഭവും കർഷകർക്കു രക്ഷയും ലഭിക്കും. ഓസ്ട്രേലിയയിൽ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി വരെ വിലയ്ക്കു വാങ്ങാൻ കിട്ടും. വർധിച്ചുവരുന്ന വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് വിദേശത്തു പോയി പഠിക്കണമെന്നും പി.സി. ജോർജ് പറഞ്ഞു.

കേരളത്തിൽ നിയമവ്യവസ്ഥ പാലിക്കുന്നതിനാലാണ് മനുഷ്യർ വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. കാട്ടാനയെ വെടിവച്ചു കൊല്ലണമെന്നു പറയുന്നില്ല. വന്യമൃഗശല്യം നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകരെ അണിനിരത്തി സർക്കാരിനെക്കൊണ്ടു നടപടി സ്വീകരിപ്പിക്കും. പിണറായി സർക്കാരിനു കീഴിൽ സംസ്ഥാനത്ത് ഒരു മാറ്റം കാണുന്നുണ്ട്. ഇതേ രീതിയിൽ ഭരണം മുന്നോട്ടുകൊണ്ടുപോകണം. ആരു ഭരിച്ചാലും മലബാർ മേഖലയെ അവഗണിക്കുന്നതാണു പതിവ്. ഈ കുറവ് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.