Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിലെ ബാർജ് ആലപ്പുഴയിൽ കരയ്ക്കടിഞ്ഞു; പുറത്തിറങ്ങാതെ ജീവനക്കാര്‍

Barge found in Alappuzha ആലപ്പുഴ നീർക്കുന്നം തീരത്തു കണ്ട അബുദാബിയിലെ ബാർജ്.

ആലപ്പുഴ ∙ ശക്തമായ കാറ്റിലും തിരയിലുംപെട്ട് അബുദാബിയിൽനിന്നുള്ള ബാർജ് ആലപ്പുഴയിൽ കരയ്ക്കടിഞ്ഞു. ഇന്നു പുലർച്ചെയാണു നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് വണ്ടാനം മാധവമുക്ക് കടപ്പുറത്ത് എത്തിയത്. ബാർജിൽ മൂന്നു ജീവനക്കാർ ഉണ്ടെന്നാണു വിവരം. അവർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. പൊലീസും തീരരക്ഷാ സേനയും പരിശോധനയ്ക്കായി എത്തി. കടൽ ക്ഷോഭിച്ചിട്ടുണ്ട്. ബാർജ് നങ്കൂരമിട്ടിട്ടുണ്ടെന്നാണു സൂചന. ഇതിനാൽ ബാർജ് ഒഴുകിനീങ്ങുന്നില്ല.

കരയിൽനിന്നു നോക്കിയാൽ കാണുന്ന ദൂരത്ത് രാവിലെ എട്ടു മണിയോടെയാണ് ബാർജ് കണ്ടെത്തിയത്. കടൽക്ഷോഭം രൂക്ഷമായതോടെ മണിക്കൂറുകൾക്കുള്ളിൽ കൂറ്റൻ ബാർജ് കരയ്ക്കടുത്തു. പുറം കാഴ്ചയിൽ അബുദാബിയിൽ നിന്നുള്ളതാണെന്ന് മനസ്സിലായെങ്കിലും അകത്ത് ആരെയും കാണാൻ കഴിഞ്ഞില്ല. അൽപ നേരത്തിന് ശേഷമാണ് ബാർജിൽ നിർത്തിയിട്ടിരിക്കുന്ന സ്പീഡ് ബോട്ടിൽ ജീവനക്കാർ ഉള്ളതായി കണ്ടത്. ശക്തമായ തിരമാലകൾ ഉള്ളതിനാൽ പൊലീസിനോ തീരരക്ഷാ സേനയ്ക്കോ അകത്തു കയറി പരിശോധന നടത്താൻ കഴിഞ്ഞില്ല.

Barge found in Alappuzha ആലപ്പുഴ നീർക്കുന്നം തീരത്തു കണ്ട അബുദാബിയിലെ ബാർജ്. ചിത്രം: ആർ.എസ്. ഗോപൻ

ബാർജിൽ ഒരു ചെറു കപ്പലും ചെറിയ ബാർജും ഒരു സ്പീഡ് ബോട്ടുമുണ്ട്. ബോട്ടിലാണ് ആളുകൾ ഉള്ളത്. തീരദേശ പൊലീസ് അറിയിച്ചതിനെ തുടർന്ന് കമ്പനിയുടെ കൊച്ചിയിലെ ഏജൻസിയെ കോസ്റ്റ് ഗാർഡ് ബന്ധപ്പെട്ടു. വലിയ കപ്പൽ കെട്ടിവലിച്ചുകൊണ്ടു പോകവെ ബന്ധം വിഛേദിക്കപ്പെട്ട് ബാർജിന് ദിശ തെറ്റിയതാകാമെന്നാണു പ്രാഥമിക നിഗമനം. നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടതിനാലാകാം ജീവനക്കാർ സ്പീഡ് ബോട്ടിൽ അഭയം പ്രാപിച്ചതെന്നും കരുതുന്നു. ഇവിടെ കടലിന് ആഴം കുറവായതിനാൽ ടഗ് എത്തിക്കാൻ കഴിയില്ല. മറ്റു നടപടികളെപ്പറ്റി പൊലീസിനു വിവരം ലഭിച്ചിട്ടില്ല.

Barge found in Alappuzha ആലപ്പുഴ നീർക്കുന്നം തീരത്തു കണ്ട അബുദാബിയിലെ ബാർജ്. ചിത്രം: ആർ.എസ്. ഗോപൻ

ബാർജ് കരയ്ക്കടുത്തത് അറിഞ്ഞു നൂറുകണക്കിന് പേരാണ് കടപ്പുറത്ത് എത്തിയത്. സുരക്ഷാ ഭയം ഉള്ളതിനാലാകാം വിദേശ രാജ്യത്തുനിന്നുള്ള ജീവനക്കാർ പുറത്തിറങ്ങാനോ കാര്യങ്ങൾ വിവരിക്കാനോ തയാറായിട്ടില്ല. Al Fattan 10 Abu Dhabi എന്നു ബാർജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.