Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കി

suicide

ന്യൂഡൽഹി ∙ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. ഇന്നലെ പുലർച്ചെ തിലക് വിഹാർ പൊലീസ് സ്റ്റേഷനിലാണു സംഭവം. സ്റ്റേഷനിലെ മുറിയിലേക്ക് ഓടിക്കയറിയ പെൺകുട്ടി അകത്തുനിന്നു മുറിപൂട്ടി. പൊലീസ് സംഘമെത്തി തുറന്നപ്പോൾ തൂങ്ങിനിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം പെൺകുട്ടിയുടെ മൂന്നു സഹോദരങ്ങൾ സ്റ്റേഷന്റെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നെന്നും ആരോപണമുണ്ട്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നുവെന്നും പൊലീസ് ഇതിനു കൂട്ടുനിന്നുവെന്നും കുട്ടിയുടെ അമ്മ പറയുന്നു. ‘മകളും അയൽക്കാരന്റെ മകനും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം നടത്തണമെന്ന് അയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകൾക്കു പ്രായപൂർത്തിയാകാത്തതിനാൽ ഇത് എതിർത്തു. ഇതിനു പിന്നാലെ അയൽവാസി മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തി’ പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.

പൊലീസ് സ്റ്റേഷനിൽനിന്നു ഫോൺ സന്ദേശമെത്തി അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി മരിച്ചവിവരം അറിഞ്ഞതും സഹോദരങ്ങളെ തൊട്ടടുത്ത മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതും. എന്നാൽ സഹായം തേടി പെൺകുട്ടി സ്റ്റേഷനിലെത്തുകയായിരുന്നെന്നാണു പൊലീസ് ഭാഷ്യം.

ശനിയാഴ്ച രാവിലെ രണ്ടു മണിയോടെയാണു പെൺകുട്ടി സ്റ്റേഷനിലെത്തിയതെന്നു വെസ്റ്റ് ഡിസിപി വിജയ് കുമാർ പറഞ്ഞു. വീട്ടിൽ പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നു പെൺകുട്ടിക്കു സ്റ്റേഷനിൽ കഴിയാൻ സൗകര്യമൊരുക്കി. പെൺകുട്ടിയുടെ കുടുംബവും അയൽവാസികളും തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്നു രണ്ടു കുടുംബങ്ങളെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.

അവിടെവച്ചും വഴക്കുണ്ടാകുകയും കയ്യാങ്കളിയായി മാറുകയും ചെയ്തു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടി വീട്ടിൽ പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നു അഗതിമന്ദിരത്തിലേക്കു മാറ്റാൻ തീരുമാനിച്ചിരുന്നു. പിന്നീടാണു പുലർച്ചെ രണ്ടുമണിയോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സമീപത്തുള്ള മുറിയിൽ കയറി ജീവനൊടുക്കിയതെന്ന് അധികൃതർ വിശദീകരിക്കുന്നു.

related stories