Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടില്ലെന്ന് പുടിൻ; ശരിവച്ച് ട്രംപും

Trump, Putin ഹെൽസിങ്കിയിലെ സംയുക്ത വാർത്താസമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് റഷ്യൻ ലോകകപ്പിനായി തയ്യാറാക്കിയ ഫുട്ബോളുകളിലൊന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സമ്മാനിച്ചപ്പോൾ.

ഹെൽസിങ്കി∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ‘റഷ്യൻ ഇടപെടൽ’ ഉണ്ടായിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇത് ശരിവയ്ക്കുന്ന വാദമുഖങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാർത്താസമ്മേളത്തിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഇരുരാജ്യങ്ങൾക്കുമിടയിൽ അടുത്തിടെ മോശമായ നയതന്ത്രത്തിൽ എത്രത്തോളം നിർണായകമായെന്നു വെളിപ്പെട്ടത്. കൂടിക്കാഴ്ചയിൽ ഈ വിഷയം കാര്യമായി ചർച്ച ചെയ്തെന്നതിന്റെ തുറന്നുപറച്ചിൽ കൂടിയായി ഇത്. 

റഷ്യയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവും ഹാജരാക്കണമെന്ന് പുടിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം ‘നമ്മുടെ രാജ്യത്തിന്റെ ദുരന്തമായെന്ന്’  ഡോണൾഡ് ട്രംപും തുറന്നു സമ്മതിക്കുകയും ചെയ്തു. ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ആഭ്യന്തര വിഷയങ്ങളിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടാൻ താൽപര്യമില്ലെന്നും പുടിൻ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദം റഷ്യൻ ബന്ധത്തെ ബാധിച്ചിരുന്നതായി ട്രംപ് വിശദീകരിച്ചു. റഷ്യയുമായുള്ള ബന്ധം ഇതുവരെ ഇത്തരത്തിൽ ഉലയാൻ ഇടയായിട്ടില്ലെന്നു സൂചിപ്പിച്ച ട്രംപ് വാർത്താസമ്മേളനത്തിന് നാലു മണിക്കൂർ മുൻപ് നടത്തിയ ചർച്ചയിൽ മാത്രമാണ് ഇതിനു മാറ്റമുണ്ടായതെന്നും പറഞ്ഞു.

Trump, Putin യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഹെൽസിങ്കിയിലെ സംയുക്ത വാർത്താസമ്മേളനത്തിൽ.

തുറന്ന ചർച്ചയാണ് ഉണ്ടായതെന്നും ചർച്ച വിജയകരമായെന്ന് നമുക്ക് പറയാനാകുമെന്നും പുടിൻ പറഞ്ഞു. ശീതയുദ്ധമൊക്കെ കഴിഞ്ഞ കഥ മാത്രമാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് പറയപ്പെടുന്ന റഷ്യക്കാരെ നേരിൽ കണ്ട് ചോദ്യം ചെയ്യാൻ ഈ വിഷയത്തിൽ അന്വേഷണം നടത്തുന്ന യുഎസ് ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കാമെന്നും പുടിൻ പറഞ്ഞു. എന്നാൽ ഇതിന് അനുവദിക്കുമ്പോൾ റഷ്യൻ മണ്ണിൽ കുറ്റകൃത്യങ്ങൾ നടപ്പാക്കിയെന്നു സംശയിക്കുന്ന റഷ്യ സംശയിക്കുന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ അനുവദിക്കണം. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള കരാറുകൾക്ക് അനുസൃതമായി കോടതിയിലൂടെ യുഎസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങൾ തീർപ്പാകുമെന്നും പുടിൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

റഷ്യയും ട്രംപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന മുൻ എഫ്ബിഐ ഡയറക്ടറും അറ്റോണിയുമായ റോബർട് സ്വാൻ മ്യുല്ലെർ ആവശ്യപ്പെട്ടാൽ റഷ്യ അതിനു മറുപടി നൽകുമെന്നും പുടിൻ പറഞ്ഞു. എന്നാൽ തിരിച്ചും ഇത്തരം അന്വേഷണങ്ങളിൽ സഹകരണമുണ്ടാകണം. – പുടിൻ ഓർമിപ്പിച്ചു. ഇതിനു മറുപടി പറയുമ്പോഴാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് മ്യുല്ലെർ നടത്തുന്ന അന്വേഷണം യുഎസിന് തന്നെ ദുരന്തമായി മാറിയെന്ന് ട്രംപ് പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൽ ഇരുപക്ഷത്തിനും  ഉത്തരവാദിത്തമുണ്ട്. നമ്മൾ ഇരുവരും തെറ്റു ചെയ്തെന്നാണ് കരുതുന്നത്. – ട്രംപ് പറഞ്ഞു. 

Trump, Putin ഡോണൾഡ് ട്രംപും പത്നി മെലനിയയും ഫിൻലൻഡ് പ്രസിഡന്റിനോടും പത്നിക്കുമൊപ്പം പ്രസിഡൻഷ്യൽ പാലസിൽ.

അതേസമയം, വാർത്താസമ്മേളനത്തിൽ ട്രംപിന്റെ പ്രകടനത്തെക്കുറിച്ച് യുഎസിൽ വിമർശനം ഉയർന്നതായാണ് റിപ്പോർട്ടുകൾ. ട്രംപ് പൂർണമായും പുടിന്റെ പോക്കറ്റിലായെന്ന് മുൻ സിഐഎ ഡയറക്ടർ ജോൺ ഒ. ബ്രണ്ണൻ ട്വിറ്ററിൽ കുറിച്ചു.

Trump, Putin സംയുക്ത വാർത്താസമ്മേളനത്തിനിടെ ദ് നേഷനിലെ സാം ഹുസൈനി ‘ആണവായുദ്ധ നിരോധന ഉടമ്പടി’യെന്നു രേഖപ്പെടുത്തിയ പേപ്പർ ഉയർത്തിക്കാട്ടിയപ്പോൾ.

ഇതിനിടെ, ഒരു ലേഖകനെ സംയുക്ത വാർത്താസമ്മേളന വേദിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യവുമുണ്ടായി. ‘ദ് നേഷൻ’ എന്ന മാധ്യമത്തിലെ സാം ഹുസൈനി എന്ന ലേഖകനെയാണ് ബലം പ്രയോഗിച്ച് പുറത്താക്കിയത്. ‘ആണവായുദ്ധ നിരോധന ഉടമ്പടി’(Nuclear Weapon Ban Treaty) എന്നെഴുതിയ പേപ്പർ ഉയർത്തിക്കാട്ടിയതിനാണ് ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പുറത്താക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം ഏറ്റവും മോശമായിരിക്കെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഭേദപ്പെട്ട ഫലം ചെയ്തെന്ന സൂചനയാണ് സംയുക്ത വാർത്താസമ്മേളനം നൽകിയത്. ലോകകപ്പ് ഫുട്ബോൾ മികച്ച രീതിയിൽ സംഘടിപ്പിച്ചതിനു പുടിനെ ചർച്ചകൾക്കു മുന്നോടിയായി ട്രംപ് അനുമോദിക്കുകയും ചെയ്തു. നേരത്തേ ഇരുരാഷ്ട്രത്തലവന്മാരും പല ഉച്ചകോടികൾക്കിടെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും വിഷയങ്ങൾ ചർച്ച ചെയ്യാൻ മാത്രമായുള്ള കൂടിക്കാഴ്ച ഇതാദ്യമായിട്ടായിരുന്നു. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലെ പ്രസിഡന്‍ഷ്യൽ പാലസിലാണു ചർച്ച നടന്നത്.

ചർച്ചാവിഷയങ്ങളിൽ പ്രത്യേക അജൻഡ ഉണ്ടായിരുന്നില്ലെങ്കിലും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, യുഎസിനു നേരെയുള്ള റഷ്യൻ സൈബർ ആക്രമണം, സിറിയൻ വിഷയത്തിലെ റഷ്യയുടെ നിലപാട്, യുക്രെയ്ൻ പൈപ്പ് ലൈൻ നയം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയുണ്ടായതായാണ് സൂചനകൾ. യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപിനെ സഹായിക്കാനായി 12 റഷ്യൻ ഹാക്കർമാർ ഡെമോക്രാറ്റുകളിൽ നിന്നു വിവരങ്ങൾ ചോർത്തിയെന്ന ആരോപണമുണ്ടായത് ഇക്കഴിഞ്ഞയാഴ്ചയാണ്.

റഷ്യൻ ബന്ധത്തിൽ വിള്ളലുണ്ടെന്ന കാര്യം കൂടിക്കാഴ്ചയ്ക്കു തൊട്ടുമുൻപേ ട്രംപ് സമ്മതിക്കുകയും ചെയ്തിരുന്നു. അതിനു കാരണമായത് ഒബാമയുടെ കാലത്തെ ഭരണമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വിമർശിച്ചു. ‘വഞ്ചകി’യായ ഹിലറി ക്ലിന്റൻ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നായിരുന്നു ഒബാമ കരുതിയിരുന്നത്. അതിനാൽത്തന്നെ റഷ്യൻ ഹാക്കിങ് സംബന്ധിച്ച് എഫ്ബിഐ മുന്നറിയിപ്പു നൽകിയിട്ടും അതിനെ ഒബാമ തള്ളിക്കളഞ്ഞു. റഷ്യൻ ഇടപെടലൊന്നും ഒരിക്കലും നടക്കില്ലെന്നും പറഞ്ഞ് യാതൊന്നും ചെയ്യാതെ വിട്ടുകളയുകയും ചെയ്തു. പക്ഷേ ഞാൻ ജയിച്ചപ്പോൾ അതു വലിയ സംഭവമായി...’ ഇങ്ങനെയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ഹിലറി പേഴ്സനൽ ഇമെയിൽ സെർവർ സൂക്ഷിച്ചതിനെപ്പറ്റി അന്വേഷിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥൻ പീറ്റർ സ്ട്ര്‌സോക്കിനെപ്പറ്റിയും ട്വീറ്റിൽ പരാമർശമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു റഷ്യന്‍ ബന്ധത്തെപ്പറ്റി ട്രംപ് കുറിച്ചത്. ‘റഷ്യയുമായി ഇതുപോലെ ബന്ധം വഷളായ ഒരു കാലമുണ്ടായിട്ടില്ല. യുഎസിന്റെ ഭാഗത്തു നിന്നുള്ള വിഡ്ഢിത്തവും മണ്ടത്തരവും നിറഞ്ഞ പ്രവർത്തനങ്ങൾ കാരണമാണിത്. ഇപ്പോഴിതാ അതിന്റെ പേരിൽ അന്വേഷണവും വന്നിരിക്കുന്നു’– റഷ്യയും ട്രംപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മ്യുല്ലെർ അന്വേഷിക്കുന്നതിനെപ്പറ്റിയായിരുന്നു ട്രംപ് ട്വീറ്റിൽ വിമർശിച്ചത്.