Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാറ്റ്ഫോമിലേക്കു കയറിയ ഉടനെ അനന്തപുരി എക്സ്പ്രസിൽ തീപിടിത്തം

Kollam Train Fire തീപിടിത്തത്തെത്തുടർന്നു കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ. ചിത്രം: വിഷ്ണു സനൽ

കൊല്ലം∙ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ എൻജിനു തീപിടിച്ചു. ചെന്നൈ എഗ്മോറിൽ നിന്നു കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ അനന്തപുരി എക്സ്പ്രസിനാണ് (നമ്പർ 16723) തീപിടിച്ചത്. ഉച്ചയ്ക്ക് 1.40നായിരുന്നു സംഭവം. തീയണച്ചു സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. ആർക്കും പരുക്കില്ല.

ട്രെയിൻ മൂന്നാം പ്ലാറ്റ്ഫോമിലേക്ക് എത്തിയ ഉടനെയാണ് എൻജിൻ മുറിയിൽ തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കൽ എൻജിനിലെ ഹൈ ടെൻഷൻ റൂമിലെ ട്രാൻസ്ഫോമറിൽ നിന്നു പുക ഉയർന്നതാണു പരിഭ്രാന്തി പരത്തിയത്. ഇലക്ട്രിക്കൽ ബ്രേക്കിങ് ഉപകരണവുമായി ബന്ധപ്പെട്ട ട്രാൻസ്ഫോമറാണിത്. ശബ്ദം കേട്ടു നോക്കിയപ്പോൾ തീപ്പൊരിയും പിന്നാലെ പുകയും ഉയർന്നതായി കാണുകയായിരുന്നു. ഇലക്ട്രിക് എൻജിനിലാണു തീപിടിത്തമുണ്ടായതെന്നാണു സൂചന. ഇതിനോടു ചേർന്ന് ട്രാൻസ്ഫോർമറുമുണ്ട്. ഷോർട് സർക്യൂട്ടാണു കാരണമെന്നു കരുതുന്നു.

Kollam Train Fire തീപിടിത്തമുണ്ടായ എൻജിൻ മുറിയുടെ ദൃശ്യങ്ങൾ. ചിത്രം: വിഷ്ണു സനൽ

ട്രെയിൻ ഉടൻ നിർത്തിയിട്ടു. ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള സ്പ്രേയിങ് നടത്തി. എൻജിനിലെ ഹൈ ടെൻഷൻ റൂമിലെ ചില്ലുകൾ തകർത്തു പുക പുറത്തേക്കു പോകാൻ സൗകര്യവുമൊരുക്കി. ഉള്ളിൽ തീപ്പൊരി ഉണ്ടായതിനാലാകാം പുക ഉയർന്നതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.

ലോക്കോ ഇൻസ്പെക്‌ഷൻ വിഭാഗവും എൻജിനീയറിങ് വിഭാഗവും പരിശോധന നടത്തിയ ശേഷം മറ്റൊരു എൻജിൻ ഘടിപ്പിച്ച് എൻജിനും ട്രെയിനും പ്ലാറ്റ്ഫോമിൽ നിന്നു മാറ്റി. അപകടത്തെ തുടർന്ന് കന്യാകുമാരി – ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് മുക്കാൽ മണിക്കൂറോളം മയ്യനാട് സ്റ്റേഷനിൽ പിടിച്ചിട്ടു.  ഈ മാസം ആറിനു രാവിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിന്നു പുറപ്പെട്ട ഉടൻ കൊല്ലം– തിരുവനന്തപുരം പാസഞ്ചറിന്റെ എൻജിൻ പാളം തെറ്റിയിരുന്നു.