Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയിൽ ജനം ആശങ്കയിൽ; കടലാക്രമണ ഭീഷണി; 11 മരണം– ചിത്രം, വിഡിയോ

cherpunkal-church-pic കനത്ത മഴയെ തുടർന്ന് മീനച്ചിലാർ കരകവിഞ്ഞൊഴുകി കോട്ടയം ചേർപ്പുങ്കൽ പള്ളി മുറ്റത്തെത്തിയപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് തിങ്കളാഴ്ച 11 പേർ കൂടി മരിച്ചു; ഏഴുപേരെ കാണാതായി. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച കേരളതീരത്തും കടലിലും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ പടിഞ്ഞാറൻ കാറ്റാണു കേരളത്തിൽ കനത്ത മഴയ്ക്കു കാരണമായത്.

ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച രാവിലെ എട്ടുവരെ എറണാകുളത്ത് 23.2 സെന്റിമീറ്ററും മൂന്നാറിൽ 20.2 സെന്റിമീറ്ററും പീരുമേട്ടിൽ 19 സെന്റിമീറ്ററും മഴയാണു പെയ്തത്. 20 സെന്റിമീറ്ററിനു മുകളിലുള്ളതു തീവ്രമഴയായാണു കണക്കാക്കുന്നത്. ആകെ 229 വീടുകൾ തകർന്നു. 7500 വീടുകൾക്കു കേടുപറ്റി. 108 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു.

കോട്ടയം ജില്ലയിൽ ചിറക്കടവിൽ ഒഴുക്കിൽപ്പെട്ടു വയലിപ്പടി ആറ്റുപുറത്ത് ശിവൻകുട്ടി (50), ഭരണങ്ങാനത്തു വെള്ളക്കെട്ടിൽ വീണു മേലാമ്പാറ കുന്നത്ത് കെ. വി.ജോസഫ് (58) എന്നിവർ മരിച്ചു. മുണ്ടക്കയത്തു കുഴിമാവ് അഴുതയാറ്റിൽ കോരുത്തോട് അമ്പലവീട്ടിൽ ദീപു (28), കല്ലേപാലത്തിനു സമീപം കടമ്പനാട് മേലൂക്കട തെക്കേതിൽ പ്രവീൺ (27), അടൂർ സ്വദേശി ഷാഹുൽ (21) എന്നിവരെ കാണാതായി. ശിവൻകുട്ടി കൈതോടിന്റെ അരികിലൂടെ നടക്കുന്നതിനിടെ വെള്ളക്കെട്ടിൽ വഴുതി വീണ് മുങ്ങി താഴുകയായിരുന്നു. കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ വയലിൽപടിയിലുള്ള കള്ള് ഷാപ്പിന് സമീപം തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഷാപ്പിൽ താൽക്കാലിക ജോലി ചെയ്യുന്നയാളാണ്. ഭാര്യ സുജാത മരിച്ചിട്ട് ചൊവ്വാഴ്ച രണ്ടുവർഷം പൂർത്തിയാകുകയാണ്. സംസ്കാരം ചൊവ്വാഴ്ച 12ന്. മക്കൾ: ശ്രീകുമാർ, ശ്രീകല. മരുമക്കൾ: രാധിക, പ്രസാദ്.

ഭരണങ്ങാനം മേലമ്പാറ കുന്നത്തു കെ.വി. ജോസഫ് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. മേലമ്പാറ വളവിൽ കുടുംബാംഗം ക്ലാരമ്മയാണ് ഭാര്യ. മക്കൾ: പ്രിയ, പ്രിൻസ്, പ്രിൻസി. മരുമക്കൾ: ബിജു വലിയമലയിൽ, അതിരമ്പുഴ (ഐഎൻടിയുസി ജില്ലാ സെക്രട്ടറി), ആരതി, (ത്രിവേണി, തിരുവനന്തപുരം), ബെർലിൻ മാത്യു, കോളാകോട്ട്, ഏന്തയാർ (റിപ്പോർട്ടർ, മംഗളം ടിവി. കോട്ടയം).

പത്തനംതിട്ട ജില്ലയിൽ വരട്ടാറിൽ ഓതറ ആനയാർ ചപ്പാത്തിൽ വീണു പടിഞ്ഞാറ്റോതറ കല്ലുവെട്ടാംകുഴി മനോഹരന്റെ മകൻ മനോജ്കുമാർ (43) മരിച്ചു. ആലപ്പുഴ കനാൽ വാർഡ് സന്ധ്യാഭവൻ ഗോപകുമാറിനെ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. കൊല്ലം തേവലക്കരയ്ക്കു സമീപം വെള്ളക്കെട്ടിൽ കളിക്കവേ പാലയ്ക്കൽ വൈഷ്ണവത്തിൽ അനൂപ് (12) എർത്ത് കമ്പിയിൽനിന്നു വൈദ്യുതാഘാതമേറ്റു മരിച്ചു. ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ തുമ്പോളി ബാലയിൽ ബി.ആർ.യേശുദാസ് (45) മുങ്ങിമരിച്ചു.

എറണാകുളം പൂയംകുട്ടി വനമേഖലയിൽ ഗതാഗതതടസ്സം മൂലം ചികിൽസ കിട്ടാതെ കെട്ടിടനിർമാണ തൊഴിലാളിയായ വെള്ളാരംകുത്ത് പുത്തൻപുരയിൽ ടോമി (52) മരിച്ചു. വെള്ളക്കെട്ടുമൂലം ചികിൽസ തേടാനാകാതെ, പാലക്കാട് അകമലവാരം കൊല്ലങ്കുന്ന് വെള്ളെഴുത്താൻപൊറ്റ ആദിവാസി കോളനിയിലെ രാമു (45) പനിബാധിച്ചു മരിച്ചു. പാലക്കാട് നെല്ലിയാമ്പതി സീതാർകുണ്ടിലെ വെള്ളച്ചാട്ടത്തിൽ കാണാതായ അലത്തർ സ്വദേശി ആഷിഖിനായി തിരച്ചിൽ തുടരുന്നു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് വളയംകുളം കാഞ്ഞിയൂർ കിഴിഞ്ഞാലിൽ അബ്ദുറഹീമിന്റെ മകൻ അദ്നാൻ (14) കുളത്തിൽ മുങ്ങിമരിച്ചു.

LIVE UPDATES
SHOW MORE
related stories