Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശം: തരൂരിന്റെ ഒാഫിസില്‍ യുവമോര്‍ച്ചയുടെ കരിഒായില്‍ പ്രയോഗം

Shashi Tharoor-Ramesh Chennithala ശശി തരൂരും രമേശ് ചെന്നിത്തലയും മാധ്യമങ്ങളോടു സംസാരിക്കുന്നു. ചിത്രം: റിങ്കു രാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ എംപിയുടെ ഒാഫിസില്‍ യുവമോര്‍ച്ചയുടെ കരിഓയില്‍ പ്രയോഗം. ഒാഫിസിന്റെ പ്രവേശനകവാടത്തില്‍ കരിഓയില്‍ ഒഴിച്ച പ്രവര്‍ത്തകര്‍ ഹിന്ദു പാക്കിസ്ഥാന്‍ ഒാഫിസ്, ശശിസ്ഥാന്‍ എന്ന ബോര്‍ഡ് തൂക്കി. ഉച്ചയോടെയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിനു സമീപം ശശി തരൂരിന്റെ ഒാഫിസ് കവാടത്തില്‍ കരിഓയില്‍ ഒഴിച്ച പ്രവര്‍ത്തകര്‍ റീത്തും കരിങ്കൊടിയും സ്ഥാപിച്ച ശേഷമാണു മടങ്ങിയത്. കൂടുതല്‍ പൊലീസ് എത്തുന്നതിനു മുമ്പ് സമരക്കാര്‍ രക്ഷപ്പെട്ടു. വാര്‍ത്ത പരന്നതോടെ ഓഫിസിലേക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശശി തരൂരുമെത്തി.

അഭിപ്രായം പറയുന്നവരെ അധിക്ഷേപിക്കാനും കായികമായി ആക്രമിക്കാനുമാണു ബിജെപിയുടെ ശ്രമമെങ്കില്‍ നേരിടുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടേയും ശശി തരൂരിന്റെയും പ്രതികരണം. അതിക്രമം ബിജെപിയുടെ ഫാസിസ്റ്റ് നയമാണു വ്യക്തമാക്കുന്നതെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. യുവമോര്‍ച്ചയുടെ കരിഓയില്‍ പ്രയോഗത്തിനെതിരെ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

ശശി തരൂർ എംപിയുടെ ഓഫീസിന് നേരെ യുവമോർച്ച പ്രവർത്തകർ നടത്തിയ അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. സ്വന്തം നിലപാട് പ്രകടിപ്പിച്ചതിന്റെ പേരിൽ ഒരു പാർലമെന്റ് അംഗത്തിനും അദ്ദേഹത്തിന്റെ ഓഫിസിനും നേരെയുള്ള ഈ അതിക്രമം സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് പ്രകടമാക്കുന്നത്. മോദി ഭരണത്തിൻ കീഴിൽ രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്ണുത അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്നുള്ളതാണ് ഈ അക്രമത്തിലൂടെ വ്യക്തമാകുന്നത്. ഇത്തരം ഹീനശ്രമങ്ങൾ കൊണ്ട് ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ നിശബ്ദരാക്കാമെന്ന് സംഘപരിവാർ സംഘടനകൾ വ്യാമോഹിക്കേണ്ടെന്നും വി.എം.സുധീരൻ പറഞ്ഞു.

ശശി തരൂര്‍ എം പിയുടെ ഓഫിസിനു  നേരെ യുവമോർച്ച പ്രവര്‍ത്തകര്‍ നടത്തിയ  കരിഓയിൽ  പ്രയോഗം  അഭിപ്രായ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത് പറഞ്ഞു. ജനാധിപത്യത്തില്‍ അഭിപ്രായം പറയാന്‍ ജനങ്ങൾക്ക് സ്വാതന്ത്രമുണ്ട്.  അത്തരത്തില്‍ അഭിപ്രായം പറയുന്നവർക്കു നേരെ കൈയേറ്റം നടത്തുന്നത് ജനാധിപത്യധ്വംസനമാണ്. ഇത്തരം ഭീക്ഷണിക്കു മുന്നിൽ കോൺഗ്രസ് മുട്ട് മടക്കില്ല ബിജെപിയുടെ ഫാസിസ്റ്റ് നടപടികളെ കേരളത്തിലെ ജനങ്ങൾ അപ്പാടെ തള്ളികളയുമെന്നും ഈ കിരാത നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിൽക്കണമെന്നും കെ.എം അഭിജിത്ത് പറഞ്ഞു.