Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൻ മകനെപ്പോലെ: യാസിനെ മടിയിലിരുത്തി രജനി

rajni-yasin യാസിൻ രജനിക്കൊപ്പം.

ചെന്നൈ∙ ‘ഇവൻ എനിക്കു മകനെ പോലെയാണ്. ഇവന്റെ പ്രവൃത്തി ഏറെ അഭിനന്ദനം അർഹിക്കുന്നു.’ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് യാസിനെ മടിയിലിരുത്തി സൂപ്പർ സ്റ്റാർ രജനീകാന്ത് ഇങ്ങനെ പറഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു. റോഡിൽ നിന്നു കളഞ്ഞുകിട്ടിയ അരലക്ഷം രൂപ ക്ലാസ് ടീച്ചറെ ഏൽപിച്ചു മാതൃക കാട്ടിയ  ഈറോഡ് സ്വദേശിയായ മുഹമ്മദ് യാസിൻ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

യാസിന്റെ ടീച്ചർ ജില്ലാ പൊലീസ് മേധാവി ശക്തി ഗണേശന് പണം കൈമാറി. താൻ ആരാധിക്കുന്ന രജനീകാന്തിനെ നേരിൽ കാണണമെന്ന ആഗ്രഹം യാസിൻ പൊലീസ് ഉദ്യോഗസ്ഥരോട് പ്രകടിപ്പിച്ചു. ഒടുവിൽ ആഗ്രഹം സഫലമാകുകയും ചെയ്തു.

പണത്തിനു വേണ്ടി മനുഷ്യരെ കൊല്ലുന്ന സമൂഹത്തിൽ യാസിൻ ചെയ്ത പ്രവൃത്തിയെ അഭിനന്ദിക്കാതെ തരമില്ലെന്നു രജനീകാന്ത് പറഞ്ഞു. തന്റെ ആരാധകരിൽ യാസിൻ കൂടി ഉൾപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും രജനി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന യാസിന്റെ മാതാപിതാക്കൾക്കു മകന്റെ പഠനത്തിനുള്ള എല്ലാ സഹായങ്ങളും ചെയ്തു നൽകാമെന്ന ഉറപ്പും രജനി നൽകി.

തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനോടു യോജിപ്പ്: രജനി

ചെന്നൈ∙ സേലം–ചെന്നൈ അതിവേഗ പാതയെയും നിയമസഭാ–ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നിർദേശത്തെയും സ്വാഗതം ചെയ്യുന്നതായി നടൻ രജനീകാന്ത്. യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന അതിവേഗപാത തൊഴിൽ അവസരം സൃഷ്ടിക്കും. ഭൂമി നഷ്ടമാകുന്നവർക്കു മതിയായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കണമെന്നും രജനി പറഞ്ഞു.

കേന്ദ്ര–സംസ്ഥാന സർക്കാരുകളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിങ് ഒരേ സമയം നടത്തിയാല്‍ രാഷ്ട്രീയ നേതാക്കൾക്ക് ഇടയ്ക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആലോചിക്കേണ്ടി വരില്ല. അതിനാല്‍, പാർട്ടി പ്രവർത്തനത്തിനു കൂടുതൽ സമയം നീക്കിവയ്ക്കാതെ ഭരണത്തിൽ ശ്രദ്ധിക്കാൻ സാധിക്കുമെന്നും രജനി പറഞ്ഞു.

തിരഞ്ഞെടുപ്പു ചെലവ് കുറയ്ക്കാനും പുതിയ നിർദേശം വഴിവയ്ക്കുമെന്നു രജനി പറഞ്ഞു. ലോകായുക്ത സംവിധാനം അഴിമതി കുറയ്ക്കാൻ സഹായിക്കുമെന്നും അതിനുള്ള സ്വാതന്ത്ര്യം ലോകായുക്ത സംവിധാനത്തിനു നിയമം മൂലം ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിയുമായി മൽസര രംഗത്തുണ്ടാകില്ലേയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങൾ കാലം തീരുമാനിക്കുമെന്ന മറുപടിയാണു രജനി നൽകിയത്. 

ഒരു കോടി പേർ രജനിമക്കൾ മൻട്രത്തിൽ ചേർന്നുവെന്ന പ്രചാരണം താരം തള്ളിക്കളഞ്ഞു. ഗാന്ധിയനായ തമിഴരുവിമണിയൻ ഉൾപ്പെടെയുള്ളവരുടെ സഹകരണം പുതിയ പാർട്ടിക്ക് ഗുണകരമാകുമെന്നു രജനി കൂട്ടിച്ചേർത്തു.