Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർമുഖം തുറന്ന് അണ്ണാ ഡിഎംകെയും ബിജെപിയും; പളനിസ്വാമിയുടെ കമ്പനികളിൽ റെയ്ഡ്

amit-shah-palaniswami അമിത് ഷാ, എടപ്പാടി പളനിസ്വാമി

ചെന്നൈ∙ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ച് അണ്ണാ ഡിഎംകെയുമായി തുറന്നപോരു പ്രഖ്യാപിച്ച് ബിജെപി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. 100 കോടിയിലധികം രൂപയും സ്വര്‍ണ്ണ ബിസ്കറ്റുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളും ബിജെപി ഊര്‍ജിതമാക്കി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മഴവില്‍ സഖ്യത്തിലും അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ട സാഹചര്യമാണ്.

അണ്ണാ ഡിഎംകെയുമായുള്ള സൗഹൃദത്തിന് ആർഎസ്എസും എച്ച്. രാജയടക്കമുള്ള തീവ്രനിലപാട് വച്ചപുലര്‍ത്തുന്ന ബിജെപി നേതാക്കളും എതിരാണ്. തമിഴ്നാട്ടിലേത് അഴിമതി സര്‍ക്കാരാണെന്നു മുദ്രകുത്തിക്കൊണ്ടാണ് ബിജെപി അണ്ണാ ഡിഎംകെയെ തള്ളിപ്പറഞ്ഞത്. മന്ത്രി ഡി.ജയകുമാര്‍ ബിജെപിക്ക് താക്കീതുമായി രംഗത്തുവരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി അടുത്ത ബന്ധമുള്ള എസ്പികെ കരാര്‍ കമ്പനിയിലടക്കം ആദായനികുതി റെയ്ഡ് നടന്നത്. 500 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമടക്കം പിടിച്ചെടുത്തെന്നാണു സൂചന.

അടുത്ത മാസം പകുതിയോടെ രജനീകാന്ത് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകരുടെ യോഗം വിളിക്കുന്നുണ്ട്. തുടര്‍ന്ന് പാര്‍ട്ടി പ്രഖ്യാപനത്തിലേക്കു നീങ്ങാനാണു സാധ്യത. മറ്റു ചെറുപാര്‍ട്ടികള്‍ക്കായും ബിജെപി വല വിരിച്ചിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിനു തയാറാകുന്നതിന്‍റെ ഭാഗമായി അണ്ണാ ഡിഎംകെ പാര്‍ലമെന്‍ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചെന്നൈയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിസികെയുമടക്കമുള്ള സഖ്യകക്ഷികളുമായി ഡിഎംകെ നല്ല ബന്ധത്തിലല്ല എന്നതു പ്രതിപക്ഷഐക്യത്തിനു വിള്ളല്‍ വരും എന്ന സൂചനയും നല്‍കുന്നുണ്ട്.

തമിഴ്നാട് രാഷ്ട്രീയം കുഴഞ്ഞു മറിയുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കി നിൽക്കേ, സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ കലങ്ങി മറിയുന്നു. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് ഇതുവരെ തിരഞ്ഞെടുപ്പ് സഖ്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ഇരു പാർട്ടികളുടെയും നേതാക്കൾ ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയതു ബിജെപിയും അണ്ണാഡിഎംകെയും തമ്മിൽ അകലുന്നതിന്റെ വ്യക്തമായ സൂചനയായി.

കോൺഗ്രസുമായി സഖ്യത്തിലാണെന്ന് ആവർത്തിക്കുമ്പോഴും മറ്റു കൂട്ടുകെട്ടുകൾക്കുള്ള സാധ്യത ഡിഎംകെ തള്ളുന്നില്ല. പാർട്ടിക്കു പുറത്തുള്ള എം.കെ. അഴഗിരി സൃഷ്ടിക്കുന്ന തലവേദനകൾ നേതൃത്വത്തെ അലട്ടുന്നുണ്ട്. ദ്രാവിഡ കക്ഷികൾക്കും ദേശീയ കക്ഷികൾക്കും പുറമെ പിഎംകെ, എംഡിഎംകെ, ഇടതു പാർട്ടികൾ, വിസികെ, മക്കൾ നീതി മയ്യം, ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, രജനീകാന്തിന്റെ ഇനിയും പിറക്കാനിരിക്കുന്ന പാർട്ടി എന്നിവയും ഇത്തവണ തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണു വിലയിരുത്തൽ.

അമിത്ഷാ വന്നു; ബന്ധം ഉലഞ്ഞു

എൻഡിഎയിലെ അനൗദ്യോഗിക ഘടകകക്ഷിയെന്ന നിലയിലാണു ബിജെപി ഇതുവരെ അണ്ണാഡിഎംകെയെ പരിഗണിച്ചിരുന്നത്. ഇരു പാർട്ടികളും തമ്മിലെ ബന്ധം വഷളാകുന്നതിന്റെ സൂചനകൾ നേരത്തെയുണ്ടായിരുന്നെങ്കിലും അമിത് ഷാ കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടത്തിയ പ്രസ്താവനയാണു വിള്ളൽ വ്യക്തമാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സംസ്ഥാനം തമിഴ്നാടാണെന്ന അമിത് ഷായുടെ വിമർശനം അണ്ണാഡിഎംകെയ്ക്കുള്ള വ്യക്തമായ സൂചനയാണെന്നു പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നു.

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ പിന്നീട് പല തവണ ഇത് ആവർത്തിക്കുകയും ചെയ്തു. ഇതിനു ശക്തമായ മറുപടിയുമായി മന്ത്രി ഡി. ജയകുമാർ രംഗത്തിറങ്ങിയതു പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്. അമിത് ഷായുടെ പ്രസ്താവനയ്ക്കൊപ്പം സംസ്ഥാനത്ത് ഈയിടെ നടന്ന രണ്ടു ആദായ നികുതി റെയ്ഡുകളും ബിജെപി അണ്ണാഡിഎംകെയെ ലക്ഷ്യംവയ്ക്കുന്നതിന്റെ കൃത്യമായ സൂചനയായി.

മുട്ട വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റെയ്ഡ് നടന്ന ക്രിസ്റ്റി ഫ്രെഡ് ഗ്രാമും ഇന്നലെ റെയ്ഡ് നടന്ന റോഡ് കരാർ കമ്പനിയായ എസ്പികെ ഗ്രൂപ്പും അണ്ണാഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. മുഖ്യമന്ത്രി എടപ്പാടിയുടെ ശക്തി‌ കേന്ദ്രമായ കൊങ്കുമേഖലയിൽനിന്നുള്ള ഗ്രൂപ്പാണ് ക്രിസ്റ്റി. എസ്പികെ ഗ്രൂപ്പിന് അനധികൃതമായി ലാഭമുണ്ടാക്കാൻ എടപ്പാടി കൂട്ടു നിന്നുവെന്നു നേരത്തെ ടി.ടി.വി. ദിനകര വിഭാഗം ആരോപിച്ചിരുന്നു. അതിനാൽ, രണ്ടു റെയ്ഡുകളും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയും പാർട്ടിയെയുമാണെന്നാണു വിലയിരുത്തൽ.

ബിജെപിയിലും രണ്ടഭിപ്രായം

അണ്ണാഡിഎംകെയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ ബിജെപിയിൽ രണ്ടഭിപ്രായമുണ്ട്. സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനുൾപ്പെടെയുള്ളവർ സഖ്യത്തെ അനുകൂലിക്കുമ്പോൾ ആർഎസ്എസും എച്ച്.രാജയുൾപ്പെടെ തീവ്ര നിലപാടുള്ള നേതാക്കളും ശക്തമായി എതിർക്കുന്നു.

രജനീകാന്തിന്റെ പാർട്ടിയെയും മറ്റു ചെറിയ പാർട്ടികളെയും ഉൾപ്പെടുത്തിയുള്ള സഖ്യത്തിനായാണ് ഇവർ വാദിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമെന്നും അതിനു മുൻപു സഖ്യം വരുമെന്നുമാണ് അമിത് ഷാ സംസ്ഥാന നേതാക്കൾക്കു നൽകിയ സന്ദേശം. അതേസമയം, ബിജെപിയുമായി പരമാവധി അകലം പാലിക്കുന്നതാണു തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുകയെന്ന വികാരമാണ് ഇന്നലെ നടന്ന അണ്ണാഡിഎംകെ പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടായത്.

related stories