Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല തീർഥാടനം തുടങ്ങും മുൻപു പദ്ധതികൾ പൂർത്തിയാക്കാൻ ശ്രമം: കടകംപള്ളി

kadakampally-surendran കടകംപള്ളി സുരേന്ദ്രൻ

ശബരിമല ∙ കേന്ദ്രത്തിന്റെ സ്വദേശി ദർശൻ, സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പദ്ധതികൾ എന്നിവ വേഗത്തിലാക്കി ശബരിമല തീർഥാടനം തുടങ്ങും മുൻപു പൂർത്തിയാക്കുന്നതിനുള്ള ഊർജിതശ്രമങ്ങൾ ആരംഭിച്ചെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പമ്പയിൽ പദ്ധതി നടപ്പാക്കുന്ന സ്ഥലം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. 100 കോടി രൂപ ചെലവിലാണു സ്വദേശി ദർശൻ നടപ്പാക്കുന്നത്. പമ്പ മുതൽ മരക്കൂട്ടം വരെയുള്ള പരമ്പരാഗത പാത 16.5 കോടി രൂപ ചെലവഴിച്ചാണു നവീകരിക്കുന്നത്.

പരമ്പരാഗത പാതയിൽ ശിലകൾപാകി സൗന്ദര്യവത്കരിക്കും. ഒരുവശത്തു കേബിളുകളും ജലവിതരണ പൈപ്പുകളും കൊണ്ടുപോകുന്നതിനുള്ള ഡക്ടുകൾ നിർമിക്കുകയാണു പ്രധാനമായും ചെയ്യുക. ഇതോടൊപ്പം പമ്പാ മണൽപ്പുറത്ത് 250 മീറ്റർ നീളത്തിൽ തീർഥാടകർക്കുള്ള വിശ്രമ നടപ്പന്തൽ നിർമിക്കും. ഇതിൽ 100 മീറ്റർ നടപ്പന്തൽ നിർമാണം തീർഥാടനം തുടങ്ങും മുൻപു പൂർത്തിയാക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തിൽ എറണാകുളത്തു ശബരിമല ഉന്നതാധികാര സമിതിയുടെ യോഗം ചേർന്നു കേന്ദ്ര പദ്ധതികളുടെ പൂർത്തീകരണം സംബന്ധിച്ചും പുതുതായി അനുവദിക്കുന്ന പദ്ധതികളെ കുറിച്ചും വിലയിരുത്തി.

സന്നിധാനത്തിൽ കഴിഞ്ഞ വർഷം  മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയ പുണ്യദർശനം കോംപ്ലക്‌സിന്റെ  നിർമാണം ഉടൻ ആരംഭിക്കും. വനം, ദേവസ്വം വകുപ്പുകൾ തമ്മിലുളള തർക്കം കാരണമാണു ഇതു തുടങ്ങാൻ കഴിയാതെ വന്നത്. ദേവസ്വത്തിന്റെ ഭൂമി കണ്ടെത്തുന്നതിനുള്ള സംയുക്ത സർവേ പൂർത്തിയായി. സ്ഥലം ദേവസ്വം ബോർഡിന്റേതാണെന്നു ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ തീർഥാടന കാലത്തിനു മുൻപു തന്നെ നിർമാണ പ്രവർത്തനം ആരംഭിക്കാനാകും. തീർഥാടനത്തിനു തൊട്ടു മുൻപ് മാത്രം പണികൾ ആരംഭിക്കുന്നുവെന്നതാണു ദേവസ്വം ബോർഡിനെ കുറിച്ചുള്ള പ്രധാന പരാതി. ഇതിനു പരിഹാരം കാണുന്നതിനാണു സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.