Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങനെ നന്നാവും കെഎസ്ആർടിസി? ബെംഗളൂരു റൂട്ടിൽ 300 രൂപവരെ അധിക നിരക്ക്

KSRTC Bengaluru volvo

ബെംഗളൂരു ∙ ഒരേ ദിവസം ഒരേ റൂട്ടിൽ കേരള ആർടിസി എസി ബസുകൾ സർവീസ് നടത്തുന്നതു കർണാടക ബസുകളുടേതിനേക്കാൾ 300 രൂപ വരെ കൂടിയ നിരക്കിൽ. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്ക് 100 മുതൽ 318 രൂപ വരെയാണ് അധികമായി ഈടാക്കുന്നത്. നിരക്കിലെ വൻ അന്തരം ബെംഗളൂരുവിൽ നിന്നുള്ള കേരള ബസുകളിലെ ടിക്കറ്റ് വിൽപനയെ സാരമായി ബാധിച്ചിട്ടുണ്ട്.  

സ്വാതന്ത്ര്യദിന അവധിയുടെ തിരക്കു തുടങ്ങുന്ന ഓഗസ്റ്റ് 10നു ബെംഗളൂരുവിൽ നിന്നു സേലം വഴി തിരുവനന്തപുരത്തേക്കു കർണാടക ആർടിസി എസി ബസിൽ 1200 രൂപയാണ് ടിക്കറ്റ് ചാർജ്. കേരള ആർടിസിയിൽ 1518 രൂപയും. ഇതു അടിസ്ഥാന നിരക്ക് ആണ്. ഇതുകൂടാതെ, നികുതിയടക്കം 140 രൂപ വരെ ബുക്ക് ചെയ്യുമ്പോൾ അധിക നിരക്ക് ഈടാക്കും. ഇടദിവസങ്ങളിൽ ഇത് യഥാക്രമം 1007 രൂപയും 1244 രൂപയുമാണ്. ഇതേ തുടർന്ന് തിരക്കു കുറവുള്ള ഇടദിവസങ്ങളിൽ ഒട്ടേറെ സീറ്റുകൾ കാലിയായാണ് കേരള ആർടിസി ബസുകൾ സർവീസ് നടത്തുന്നതെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ബസുകളും വെല്ലുവിളി

ഓഫ് സീസൺ ആയതിനാൽ കെഎസ്ആർടിസിയും സ്വകാര്യ ഏജൻസികളും ബെംഗളൂരുവിൽ നിന്നുള്ള എസി ബസുകളിൽ ടിക്കറ്റ് ചാർ‌ജ് കുറച്ചിരുന്നു. ഇവയിൽ ചില സ്വകാര്യ ബസുകൾ വളരെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതും കേരള ആർടിസിക്കു തിരിച്ചടിയാകുന്നു. ഓഗസ്റ്റ് 10നു ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ 1200 രൂപ മുതലാണ് സ്വകാര്യ എസി ബസുകളിലെ ടിക്കറ്റ് ചാർജ്. വൈകിട്ട് ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ബസ് തിരുനെൽവേലി വഴി പിറ്റേന്നു രാവിലെ തിരുവനന്തപുരത്ത് എത്തും.

കേരള ആർടിസി പതിമൂന്നര മണിക്കൂർ എടുക്കുമ്പോൾ സ്വകാര്യ ബസുകൾ 12 മണിക്കൂറിൽ താഴെയേ എടുക്കുകയുള്ളു. യാത്രക്കാരെ ആകർഷിക്കാൻ തിരക്കനുസരിച്ച് ടിക്കറ്റ് ചാർജ് കുറയ്ക്കാനും കൂട്ടാനും സാധിക്കുന്ന ഫ്ലെക്സി പെർമിറ്റിലാണ് കേരള ആർടിസി ഉൾപ്പെടെ ബെംഗളൂരുവിൽ നിന്നുള്ള ഭൂരിഭാഗം ബസുകളും സർവീസ് നടത്തുന്നത്. എന്നാൽ കർണാടക ആർടിസിയോടും സ്വകാര്യ ബസുകളോടും കിടപിടിക്കും വിധം ടിക്കറ്റ് ചാർജ് ഏർപ്പെടുത്താൻ കഴിയാത്തതാണ് കേരള ബസുകളിലെ ടിക്കറ്റ് വിൽപന മന്ദഗതിയിലാകാൻ കാരണം.

തിരക്കേറിയ ദിവസം കേരള ആർടിസി എസി ബസിലെ ടിക്കറ്റ് നിരക്ക്. കർണാടക ആർടിസി നിരക്ക് ബ്രാക്കറ്റിൽ

1. തിരുവനന്തപുരം (സേലം വഴി) : 1518 (1200)
2. കോട്ടയം : 1254 (1154)
3. എറണാകുളം : 1166 (1027)
4. തൃശൂർ : 1166 (971)
5. പാലക്കാട് : 1166 (913)
6. കോഴിക്കോട് : 737 (630)

related stories