Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലയ്ക്കാതെ ദുരിതം; കനത്ത മഴ 21 വരെ തുടരും, ചൊവ്വാഴ്ച മരിച്ചത് ഏഴു പേർ

Rain Havoc Kottayam Pic കോട്ടയത്തു കനത്ത മഴയെത്തുടർന്ന് സുരക്ഷാകേന്ദ്രങ്ങളിലേക്കു നീങ്ങുന്നവർ. ചിത്രം: റിജോ ജോസഫ്

തിരുവനന്തപുരം∙ സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തി കനത്ത മഴ തുടരുന്നു. മഴയിൽ രാവിലെ അൽപം കുറവുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും ശക്തമായി. ചൊവ്വാഴ്ച മാത്രം മഴക്കെടുതിയെത്തുടർന്നു സംഭവിച്ചത് ഏഴു മരണം. തിങ്കളാഴ്ച 11 പേർ മരിച്ചിരുന്നു. സംസ്ഥാനത്തു പല ജില്ലകളിലും വെള്ളപ്പൊക്കം ശക്തമാണ്. മധ്യ കേരളത്തിലാണു മഴക്കെടുതി ഏറ്റവും ശക്തം. വീടുകളിലും കടകളിലുമടക്കം വെള്ളം നിറഞ്ഞ അവസ്ഥയാണുള്ളത്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. 21 വരെ മഴ തുടരുമെന്നാണു വിവരം. തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും ശക്തമാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സമുദ്രനിരപ്പിൽനിന്നു 2375.52 അടിയായി ഉയർന്നു. ജൂലൈയിലെ റെക്കോർഡാണിത്. റോഡുകളിൽ വെള്ളക്കെട്ടായതോടെ പലയിടത്തും ബസ് സർവീസ് നിർത്തിവയ്ക്കേണ്ടി വന്നു. റെയിൽവേ പാലങ്ങൾക്കു താഴെ അപകടകരമായ രേഖയ്ക്കു മുകളിലേക്ക് മീനച്ചിലാറ്റിലെ വെള്ളം കയറിയതോടെ കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കേണ്ടി വന്നു. പലയിടത്തും റോഡിലേക്കും റെയിൽ പാളത്തിലേക്കും മരങ്ങൾ കടപുഴകി വീണതും ഗതാഗതത്തെ തടസ്സപ്പെടുത്തി. കോട്ടയത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 18ന് അവധിയാണ്.

കോട്ടയം മുളക്കുളം കാരിക്കോട് ഐക്കരക്കുഴിയിൽ അലൻ ജിനു (14), കോരുത്തോട് അമ്പലവീട്ടിൽ ദീപു (34), ആലപ്പുഴ ചെന്നിത്തല ഇരമത്തൂർ തൂവൻതറയിൽ ബാബു (62), മാവേലിക്കര കുറത്തികാട് പള്ളിയാവട്ടം തെങ്ങുംവിളയിൽ രാമകൃഷ്ണൻ (62), കൊല്ലം തേവലക്കര കോയിവിള തെക്ക് തുപ്പാശേരി പടിഞ്ഞാറ്റതിൽ (തെക്കേവിള) തോമസ് പത്രോസ് (46), മലപ്പുറം വലിയ പറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണൻ (മാനു–73) എന്നിവരാണു ചൊവ്വാഴ്ച മരിച്ചത്. തേഞ്ഞിപ്പലത്തു കടലുണ്ടിപ്പുഴയിൽ കാണാതായ ഏഴു വയസ്സുകാരൻ മുഹമ്മദ് റബീഹിന്റെ മൃതദേഹവും കണ്ടെത്തി.

ആലപ്പുഴയിൽ പുഞ്ചയിലെ വെള്ളത്തിൽ താറാവിൻപറ്റത്തെ തെളിക്കുമ്പോൾ ഫൈബർ വള്ളം മറിഞ്ഞാണ് ബാബു മരിച്ചത്. മാവേലിക്കരയിൽ രാമകൃഷ്ണൻ വെള്ളക്കെട്ടിൽ വീണു മരിക്കുകയായിരുന്നു. കോട്ടയത്തു വെള്ളക്കെട്ടിൽ വീണാണ് അലന്റെ മരണം. മലപ്പുറത്ത് നാരായണൻ മരിച്ചത് പൊട്ടിവീണ വൈദ്യുതകമ്പിയിൽനിന്ന് ഷോക്കേറ്റ്. കോട്ടയം മുണ്ടക്കയത്തുനിന്നു തിങ്കളാഴ്ച കാണാതായ ദീപുവിന്റെ മൃതദേഹം അഴുതയാറ്റിൽ നിന്നു കണ്ടെത്തുകയായിരുന്നു. കൊച്ചിയിൽ രാത്രി കനത്ത മഴയിലും കാറ്റിലും തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തൈക്കുടത്തു വാടകയ്ക്കു താമസിക്കുന്ന വൈപ്പിൻ സ്വദേശി കുട്ടൻ എന്ന സുബ്രഹ്മണ്യനെ(55)യാണു കാണാതായത്. ഇദ്ദേഹത്തിനായി തിരച്ചിൽ ശക്തമാക്കി.

LIVE UPDATES
SHOW MORE
related stories