Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികരുടെ അറസ്റ്റ് വിലക്കി സുപ്രീം കോടതി

Supreme Court

ന്യൂഡൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് വൈദികരുടെ അറസ്റ്റ് വിലക്കി സുപ്രീം കോടതി. കേസ് വ്യാഴാഴ്ച പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി വ്യക്തമാക്കി. ഒന്നാം പ്രതി ഫാ. സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവരാണ് കീഴടങ്ങാതെ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.

ഭര്‍ത്താവ് സഭയ്ക്കു പരാതി നല്‍കിയിരുന്നു. എന്നാൽ, പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്. ഈമാസം രണ്ടാംതീയതി റജിസ്റ്റർ ചെയ്ത കേസിൽ അടുത്ത കോടതി നടപടികളിലേക്ക് നീങ്ങുംമുൻപ് വൈദികരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.