Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാവിലെ കിഴക്കു മഴ പെയ്താൽ വൈകിട്ട് കോട്ടയത്ത് പ്രളയം

Rain-Havoc-Kottayam-1 കോട്ടയത്തു നിന്നൊരു മഴക്കാഴ്ച. ചിത്രം: റിജോ ജോസഫ്

കോട്ടയം∙ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും പെയ്യുന്ന മഴ കോട്ടയം നഗരത്തിലും കുമരകത്തും പ്രളയമായി മാറും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നു പടിഞ്ഞാറൻ മേഖലയിലേക്ക് വെള്ളമെത്താൻ എത്രസമയം എടുക്കുന്നു? 

പണ്ടു തോടുകളിലൂടെ പാടങ്ങളിലേക്കു കയറി വിശ്രമിച്ചായിരുന്നു പ്രളയജലത്തിന്റെ യാത്ര. മഴ തുടങ്ങി നാലാം ദിവസം നേരം പുലരുമ്പോഴാവും വെള്ളപ്പൊക്കം എത്തുക. ഇന്നിപ്പോൾ വേഗത്തിലാണു വരവ്. ഒരു സെക്കൻഡിൽ പത്ത് അടി വരെ വേഗത്തിൽ നമ്മുടെ നദികളിലൂടെ പ്രളയജലം ഒഴുകുന്നു എന്നാണ് കണക്ക്. അങ്ങനെയെങ്കിൽ ആറ് മണിക്കൂറുകൊണ്ട് കിഴക്കൻ വെള്ളം പടിഞ്ഞാറൻ പ്രദേശങ്ങളിലെത്തും. 

നദിയിലെ മണലും ആറ്റുതീരത്തെ മുളയും രാമച്ചവും പോലെ വേരുസമൃദ്ധിയുള്ള സസ്യാവരണങ്ങളുമായിരുന്നു പണ്ട് ഒഴുക്കിനെ നിയന്ത്രിച്ചിരുന്നത്. ആറും തോടും നിറഞ്ഞാൽ പാടങ്ങളിലേക്കു പടർന്നു കയറി സാവകാശമായിരുന്നു പണ്ട് വെള്ളം പൊങ്ങിയിരുന്നത്. ഇന്ന് പാടങ്ങൾ നികത്തി. തോടുകൾ അടച്ചു. വെള്ളത്തെ ആഗിരണം ചെയ്യാനുള്ള മണ്ണിന്റെ ജൈവഗുണവും നഷ്ടമായി. 

‌മഴയുടെ രീതിയും ഏറെ മാറി. കുറച്ചു സമയംകൊണ്ട് കൂടിയ അളവിൽ പെയ്യുന്നു. രാവിലെ ആരംഭിച്ചാൽ വൈകുന്നേരത്തോടെ പ്രളയം എന്നതാണ് ഇന്നത്തെ സ്ഥിതി. ഇതു കാലാവസ്ഥാ മാറ്റത്തിന്റെ ലക്ഷണമായി കരുതപ്പെടുന്നു. 

മീനച്ചിലാറിന്റ വൃഷ്ടിപ്രദേശമായ പീരുമേട് മലനിരകളിൽ കഴിഞ്ഞ നാലഞ്ച് ദിവസമായി 20 സെന്റീമീറ്ററിലധികം മഴ ഓരോ ദിവസവും പെയ്തതാണ് കോട്ടയം ജില്ലയെ വെള്ളത്തിലാക്കിയത്.