Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ നിരപ്പ് 133 അടി; സുരക്ഷ ‌കേരളത്തിന്റെ ഉത്തരവാദിത്തമെന്ന് തമിഴ്നാട്

Mullaperiyar Dam

കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്, അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിക്കുമെന്നു ഉറപ്പിച്ച് തമിഴ്നാട്. ഉപസമിതി യോഗത്തിലാണു ഇക്കാര്യം തമിഴ്നാട് പ്രതിനിധികൾ അറിയിച്ചത്. 142 അടിയിലെത്തിയാൽ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കുമെന്നും താഴ്വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്നാടിന്റെ നിലപാട്. പരമാവധി വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടു പോയി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. നിലവിൽ 133 അടിയാണു അണക്കെട്ടിലെ ജലനിരപ്പ്.

അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനിടെയാണ് അഞ്ചംഗ ഉപസമിതി ഡാമില്‍ സന്ദര്‍ശനം നടത്തിയത്. ഷട്ടറുകള്‍ പ്രവര്‍ത്തന സജ്ജമാണോയെന്നും സീപ്പേജ് വാട്ടറിന്റെ അളവും സമിതി പരിശോധിച്ചു. കേന്ദ്ര ജലകമ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വി.രാജേഷ് അധ്യക്ഷനായ സമിതിയില്‍ ജലവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സോണി ദേവസ്യ, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.എസ്. പ്രസീദ് എന്നിവരാണു കേരളത്തിന്റെ പ്രതിനിധികള്‍. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2,100 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ ഒഴുക്കി കൊണ്ടുപോകുന്നത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തില്‍ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവു കുറയുമെന്നാണു പ്രതീക്ഷ. 112 അടിയായിരുന്ന ജലനിരപ്പ് രണ്ടു മാസത്തിനുള്ളിലാണു 133 അടിയിലേക്ക് ഉയര്‍ന്നത്. അതേസമയം, നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് ഉയരുമെന്നും അശങ്കയുണ്ട്.

Mullaperiyar Dam

ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്കും തുടര്‍ന്ന് സുപ്രീംകോടതിയുടെ അനുമതിയോടെ 152 അടിയിലേക്കും ഉയര്‍ത്തുകയാണു തമിഴ്‌നാടിന്റെ ലക്ഷ്യം. 142 അടി ജലം സംഭരിച്ചാലും അണക്കെട്ടിനു തകരാറുണ്ടാകില്ലെന്നു സ്ഥാപിക്കാനുള്ള നീക്കമാണു തമിഴ്‌നാടിന്റേത്. 2014 മേയ് ഏഴിനാണ് ജലനിരപ്പ് 142 ആക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. തുടര്‍ന്നു 2014 നവംബറിലും 2015 ഡിസംബറിലും ജലനിരപ്പ് 142 അടിയിലേക്ക് എത്തിയിരുന്നു. 136 അടിക്കു മുകളില്‍ ജലനിരപ്പ് എത്തിയാല്‍ മാത്രമേ സ്പില്‍വേയിലെ 13 ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ കഴിയുകയുള്ളു. ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം ഇതുവരെ തമിഴ്‌നാട് അംഗീകരിച്ചിട്ടില്ല. സ്പില്‍വേയിലെ ഷട്ടര്‍ ഓപ്പറേറ്റിങ് ഡയലുകള്‍ തെറ്റാണെന്നു ജനുവരിയില്‍ ഉപസമിതി കണ്ടെത്തിയിരുന്നു. പരിശോധനയ്ക്കിടെ കേരളത്തിന്റെ പ്രതിനിധികള്‍ ഇതു ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് 13 ഷട്ടര്‍ സൂചികകളും തെറ്റാണെന്നും മൂന്നു ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും തമിഴ്‌നാട് സമ്മതിച്ചിരുന്നു.

ബേബി ഡാമിന്റെ ബലക്കുറവ് തമിഴ്‌നാടിനു വെല്ലുവിളി

ജലനിരപ്പ് 152 ലേക്ക് ഉയര്‍ത്താനുള്ള തമിഴ്‌നാടിന്റെ നീക്കത്തിന് ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്. ബേബി ഡാമിനും സഹായക ഡാം നിര്‍മിക്കുകയാണു തമിഴ്‌നാട് ലക്ഷ്യമിടുന്നത്. എന്നാല്‍ അറ്റകുറ്റപ്പണികളുടെ പേരില്‍ സഹായക ഡാം നിര്‍മിക്കാനുള്ള നീക്കത്തെ കേരളം ശക്തമായി എതിര്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനം അനുകൂലമാക്കാനുള്ള അണിയറ നീക്കത്തിനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുമതി കൊടുത്ത സുപ്രീം കോടതി അണക്കെട്ടിലെ അറ്റകുറ്റപ്പണികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

mullaperiyar-dam7

കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിയുടെ വ്യക്തമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയൂ. ബേബി ഡാമിനു സഹായക ഡാം പണിത് ബലം കൂട്ടാനുള്ള നിര്‍ദേശം പല തവണ മേല്‍നോട്ട സമിതിക്കു മുന്നില്‍ തമിഴ്‌നാട് അവതരിപ്പിച്ചെങ്കിലും കേരളത്തിന്റെ ശക്തമായ പ്രതിഷേധം മൂലം ഇതു ഫലം കണ്ടില്ല. സഹായക ഡാം പണിയുക എന്നാല്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു തുല്യമാണെന്ന കാര്യമാണു കേരളം ചൂണ്ടിക്കാട്ടിയത്. അണക്കെട്ട് ബലമുള്ളതാണെന്നു സുപ്രീം കോടതിയില്‍ വാദിച്ച് അനുകൂല ഉത്തരവു നേടിയ തമിഴ്‌നാടിന് ഇപ്പോള്‍ ബേബി ഡാമിനു ബലക്കുറവ് ഉണ്ടെന്ന കാര്യം പരസ്യമായി സമ്മതിക്കാനും ബുദ്ധിമുട്ടാണ്. അതിനാല്‍ സഹായക ഡാം പണിയാന്‍ അനുമതി തേടി കോടതിയെ സമീപിക്കാനും അവര്‍ക്കാവില്ല.

related stories