Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോടേത്, റോഡേത്, നാടേത്, വീടേത്; ഓർമകളിൽ 1992 ലെ വെള്ളപ്പൊക്കം

ബോബി എബ്രഹാം
1992-floods-pathanamthitta 1992 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ പത്തനംതിട്ടയിലെ കോന്നി പ്രദേശം. നാവികസേനാ ഹെലികോപ്റ്ററിൽ നിന്ന് മലയാള മനോരമ ഫൊട്ടോഗ്രഫർ ഫിറോസ് ബാബു പകർത്തിയ ചിത്രം.

കൊല്ലവർഷം 99(1099)ലെ വെളളപ്പൊക്കം കണ്ടവരധികംപേര്‍ ഇന്നുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ പറഞ്ഞുകേട്ടവരേറെയുണ്ടാവുംതാനും. 92ലെ വെള്ളപ്പൊക്കം ഞാന്‍ കണ്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ സംഭവിച്ചത്- 1992ല്‍. നവംബര്‍ എന്നാണ് ഓര്‍മ. അന്നു പത്തനംതിട്ട ബ്യൂറോയില്‍ പകരക്കാരനാണ്. ഒരു ശബരിമല സീസണ്‍കാലത്ത് പെട്ടെന്ന് എത്തിയതാണ്. അന്ന് പത്തനംതിട്ട അനുരാഗ് തിയറ്ററിനടുത്ത് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് താമസം. താഴെ മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍ സാറുണ്ട്. മഴ തുടങ്ങിയിരുന്നു.

ഒരു ദിവസം രാവിലെ സ്‌കൂട്ടര്‍ താഴെ വച്ച് ബ്യൂറോയിലെത്തി ഷെഡ്യൂള്‍ കൊടുത്തതിനു പിന്നാലെ പന്തളത്തുനിന്നു ഫോണ്‍ എത്തി. പന്തളം പഴയപാലം തകര്‍ന്നു. ഒരാള്‍ അടിയില്‍പെട്ടു. പെട്ടെന്ന് ഒരു ജീപ്പെടുത്ത് ഞാനും ടി.കെ. രാജപ്പനും കൂടി അവിടേക്കു പോയി. വലിയ കുത്തൊഴുക്കില്‍ പാലം തകര്‍ന്നതാണ്. പക്ഷേ പുതിയ പാലത്തിലൂടെയാണ് ഗതാഗതം എന്നതിനാല്‍ യാത്രാതടസ്സമില്ല. പാലത്തോട് ചേര്‍ന്നു താമസിച്ചിരുന്ന വീട്ടിലെ ഒരാളാണ് വെള്ളത്തില്‍പോയത്.

അവിടെ നിന്ന് വിവരങ്ങളെല്ലാം ശേഖരിച്ച് തിരികെ എത്തുമ്പോഴേക്ക് വൈകുന്നേരമായി. തിരിച്ചെത്തുമ്പോള്‍ ഓമല്ലൂരിലൊക്കെ വെള്ളം കയറിയിരിക്കുന്നു. അന്നു റിങ് റോഡ് ആയിട്ടില്ല. ടൗണിലെത്തിയപ്പോള്‍ സെന്‍ട്രല്‍ ജംക്‌ഷന്‍ വരെ വെള്ളം. ബ്യൂറോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നില മുങ്ങിപ്പോയിരിക്കുന്നു. താഴത്തെ നിലയിലായിരുന്ന മഹാകവി ബ്യൂറോയില്‍ അഭയം തേടിയിട്ടുണ്ട്. ടൗണിലെത്തി ഒരു എസ്ടിഡി ബൂത്ത് താല്ക്കാലിക ബ്യൂറോയാക്കി വാര്‍ത്തയൊക്കെ എഴുതി. ഫോണില്‍ തന്നെ കോട്ടയത്തേക്കു കൊടുത്തു. അപ്പോഴാണ് ലത്തീഫ് എന്ന സഹായി എന്നേതേടി അവിടെ എത്തിയതും മാത്തന്‍ തരകന്‍ സാറിന്റെ കാര്യം പറയുന്നതും.

സാറിനെ എങ്ങനെയെങ്കിലും അവിടെ നിന്നു രക്ഷിക്കണം. വെള്ളം ഇനിയും പൊങ്ങിയാല്‍ ആപത്താണ്. ഏതായാലും ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. അവരുടെ കയ്യില്‍ റബര്‍ ബോട്ട്(ഡിങ്കി) ഉണ്ട്. കണ്ണങ്കരയിലെ ഫയര്‍ സ്റ്റേഷനില്‍ നിന്ന് അതു തുഴഞ്ഞ് ബ്യൂറോയിലെത്തി മാത്തന്‍ തരകന്‍ സാറിനെയും കൊണ്ട് സെന്‍ട്രല്‍ ജംക്‌ഷനിലേക്ക് വരുന്ന കാഴ്ച കാണേണ്ടതായിരുന്നു. പത്തനംതിട്ട ടൗണിലും ബോട്ട് ഇറങ്ങിയ കാഴ്ച പകര്‍ത്താന്‍ അന്നു പക്ഷേ ഒരു ക്യാമറ പോലും കയ്യിലില്ലായിരുന്നു.

flood-old-pic-1

പത്തനംതിട്ട ജില്ല രൂപീകരിച്ചശേഷം ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു അത്. വെള്ളം ഇറങ്ങിയപ്പോള്‍ റോഡ് മുഴുവന്‍ കട്ടിക്കു ചെളി. എത്രയോ നാളെടുത്തു ആ ചെളി മാറി റോഡൊന്നു കാണാന്‍. കട്ട പിടിച്ച ചെളിക്കു മുകളിലൂടെ ബൈക്ക് ഓടിച്ചാണ് തണ്ണിത്തോട്ടിലും കൊക്കാത്തോട്ടിലും ഒക്കെ പോയി വാര്‍ത്ത ശേഖരിച്ചത്. അന്ന് മണല്‍വാരല്‍ ഇത്രയില്ല. റിവര്‍ ബെഡ് ഇതുപോലെ താണിട്ടില്ല. മുമ്പൊക്കെ അച്ചന്‍കോവിലാറ്റിന്റെ തീരങ്ങളില്‍ വെള്ളപ്പൊക്കം പതിവായിരുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ തട്ട മുതല്‍ ഓമല്ലൂര്‍ അമ്പലം വരെ റോഡില്‍ ചുവന്ന അടയാളം രേഖപ്പെടുത്തിയ തൂണുകള്‍ ഉയര്‍ന്നുനിന്നിരുന്നു. മഴക്കാലത്ത് റോഡ് മുങ്ങുമ്പോള്‍ വെള്ളം എത്ര അടി ഉയര്‍ന്നിട്ടുണ്ടെന്ന് അറിയാനുള്ള അടയാളമായിരുന്നു അത്. അതനുസരിച്ചു വേണം വണ്ടി മുന്നോട്ടെടുക്കണോ എന്നു തീരുമാനിക്കാന്‍.

അന്ന് പശ്ചിമഘട്ടത്തില്‍ ഇതുപോലെ അധിനിവേശമില്ല. കിഴക്കന്‍ മലയോരങ്ങളിലെ പാറ തുരന്നുതുടങ്ങിയിട്ടില്ല. കിഴക്കന്‍ മലയോരങ്ങളിലെ സമൃദ്ധമായ വനങ്ങളില്‍ സ്‌പോഞ്ച് പോലെ കൂടിക്കിടക്കുന്ന പൊഴിഞ്ഞ ഇലകളും മരങ്ങളുടെ സമൃദ്ധമായ വേരുകളും ചേര്‍ന്നു മഴ വെള്ളത്തെ ആവോളം സംഭരിച്ചുവയ്ക്കും. ഉൾക്കൊള്ളാവുന്നതിലേറെ ആകുമ്പോള്‍ പതുക്കെ വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങും. പിന്നെ നദിയുടെ സമൃദ്ധമായ മണല്‍ത്തട്ടില്‍ വെള്ളം ശേഖരിക്കപ്പെടും. പതുക്കെപതുക്കയാണ് പിന്നെ താഴേക്ക് വെള്ളംവരവ്. കിഴക്ക് മഴ പെയ്യുമ്പോള്‍ ആറ്റരികത്തുള്ളവര്‍ക്കറിയാം വെള്ളം എത്ര സമയത്തിനകം താഴേക്ക് എത്തുമെന്ന്. അതനുസരിച്ചു മുന്‍കരുതലുമെടുക്കും. എടത്വയിലും മറ്റുമുള്ള ബന്ധുവീടുകളിലും അന്നു വെള്ളപ്പൊക്കം ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു.

വികസനത്തിന്റെ കാലമായപ്പോഴേക്കും നദികളില്‍ മണല്‍ അല്‍പം പോലും ശേഷിക്കാതായി. കിഴക്കന്‍ മലയോരങ്ങളിലും കടന്നുകയറ്റം വ്യാപകമായി. അവശേഷിക്കുന്ന വനങ്ങള്‍ക്ക് ശേഖരിക്കാവുന്നതു കഴിഞ്ഞു പുറത്തുവിടുന്ന വെള്ളം നദികളിലൂടെ കൂത്തിയൊഴുകുകയായി. പക്ഷേ അച്ചന്‍കോവിലാറ്റിന്റെ തീരങ്ങളില്‍ വെള്ളം കയറുന്നത് അപൂര്‍വമായി. കാരണം നദിയുടെ അടിത്തട്ട് അത്രയേറെ താഴ്ന്നിരിക്കുന്നു. ആ ആഴങ്ങള്‍ക്ക് എത്ര വെള്ളത്തെയും ഒരു പൈപ്പിലൂടെയെന്നപോലെ അതിവേഗത്തില്‍ പായിച്ചുകൊണ്ടുപോകാനാവും. അപ്പോള്‍ കിഴക്ക് ശക്തമായി മഴ പെയ്താല്‍ അധികം വൈകാതെ വെള്ളം അപ്പര്‍ കുട്ടനാട്ടിലും കുട്ടനാട്ടിലും എത്തും. വെള്ളത്തിനൊപ്പം മാലിന്യവും. കുട്ടനാടുകാരനും എപ്പോഴാണ് വെള്ളം വന്നു നിറയുന്നതെന്നറിയാത്ത അവസ്ഥ.

ഇത്തവണത്തെ മഴ പകര്‍ന്നുതരുന്നത് പുതിയ പാഠങ്ങളാണ്. സത്യത്തില്‍ 1992ലെ മഴയേക്കാള്‍ ശക്തമായിരുന്നു ഇത്തവണത്തെ മഴ. പക്ഷേ അന്നു വെള്ളത്തെ പിടിച്ചുനിര്‍ത്തിയ മണല്‍ത്തട്ടുകള്‍ ഇല്ലാത്തതിനാല്‍ വെള്ളം അതിവേഗം താഴേക്ക് കുത്തിയൊഴുകി. കോഴഞ്ചേരിമുതല്‍ അതു പരന്നൊഴുകാന്‍ തുടങ്ങി. കാരണം മുമ്പ് സമതലങ്ങളില്‍ ഉണ്ടായിരുന്ന പാടങ്ങളൊക്കെ ഇല്ലാതായിരിക്കുന്നു. ആ പാടങ്ങളെല്ലാം നികന്നുകഴിഞ്ഞതിനാല്‍ അവയ്ക്കും വെള്ളത്തെ പിടിച്ചുനിര്‍ത്താനുള്ള ശേഷിയില്ല. തണ്ണീര്‍ത്തടങ്ങള്‍ കൊണ്ടെന്തു കാര്യം എന്നു ചോദിച്ചിരുന്നവരൊക്കെ പെട്ടെന്നു നിശബ്ദരാകുന്നു. കാരണം കണ്‍മുന്നില്‍ ദുരിതം പെയ്തിറങ്ങുകയാണ്.

വീടിനു പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഒട്ടേറെ കുടുംബങ്ങള്‍. ഇത്തവണത്തെ മഴവെള്ളം കുത്തിയൊഴുകിപ്പോയ വഴികള്‍ നോക്കുന്നതും കൗതുകകരമായ പാഠമാണ്. ഇടക്കാലത്ത് കോണ്‍ക്രീറ്റും ടാറുമിട്ട് റോഡാക്കി മാറ്റിയ പഴയ തോടുകളൊക്കെ നിറഞ്ഞൊഴുകുന്നു. പ്രകൃതിക്ക് അറിയില്ലല്ലോ തോട് റോഡായ കാര്യം. വെള്ളത്തിന് ഒഴുകേണ്ടപ്പോള്‍ അതു പരമ്പാരാഗത പാത തന്നെ തിരഞ്ഞെടുക്കും. പഴയ തോടെവിടെ എന്ന് റീസര്‍വേക്കാര്‍ നോക്കേണ്ടത് ഇപ്പോഴാണ്. നാട്ടിടവഴികളിലൂടെ ഒന്നു നടന്നാല്‍ കണ്ടെത്താം പഴയ തോടുകളെല്ലാം.

കാക്കനാടന്റെ ‘ഒറോത’ എന്ന നോവലില്‍ പഴയ വെള്ളപ്പൊക്കം വിവരിക്കുന്നുണ്ട്. ഇത്തവണ ഈരാറ്റുപേട്ടയിലും പാലായിലും ഒക്കെ നോവലിലെ വര്‍ണനയ്ക്കു സമാനമായ അനുഭവങ്ങളായിരുന്നു. തോടേത്, റോഡേത്, നാടേത്, വീടേത് എന്ന് അറിയാത്ത അവസ്ഥ. പല സമതലങ്ങളും മലം(മലിനം) പ്രദേശങ്ങളായി. മാലിന്യമെല്ലാം ഒഴുകുന്നതും ഒഴുകാത്തതുമായ തോട്ടിലാണല്ലോ നിക്ഷേപിച്ചിരുന്നത്. പെയ്ത്ത് വെള്ളം തോടുകളെയെല്ലാം നിറച്ചപ്പോള്‍ തോട്ടിലെറിഞ്ഞ മാലിന്യമെല്ലാം തിരിച്ച് നാട്ടിലെത്തി. വെള്ളം ഒഴിയാതെ നിന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി പ്രതീക്ഷിക്കാം.

1981 ല്‍ ആണെന്നു തോന്നുന്നു തിരുവനന്തപുരത്ത് വലിയ വെള്ളപ്പൊക്കം ഉണ്ടായത്. ഒരാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ അന്നത്തെ നാട്ടിടവഴികളെല്ലാം തോടുകളായി. പേപ്പാറ ഡാം ഉള്‍പ്പെടെ നിറഞ്ഞുകവിഞ്ഞു. സ്‌കൂളുകള്‍ക്ക് ഒരാഴ്ച അവധി നല്‍കി. അന്ന് തിരുവനന്തപുരം കോര്‍പറേഷന്റെ വിസ്തൃതി ഇന്നത്തേതിന്റെ പകുതിയേ ഉള്ളു. കോര്‍പറേഷനോടു ചേര്‍ന്നുള്ളതൊക്കെ പാടവും തോടും ഒക്കെ സമൃദ്ധമായി ഉള്ള പ്രദേശങ്ങള്‍. എന്നിട്ടുപോലും അന്നത്തെ വെള്ളപ്പൊക്കം ഭീകരമായിരുന്നു. ഇന്ന് അതുപോലെയൊരു വെള്ളപ്പൊക്കം ഉണ്ടായാല്‍ തിരുവനന്തപുരത്തിന്റെ സ്ഥിതി എന്താവുമെന്നും ആലോചിച്ചു നോക്കാവുന്നതാണ്. ഫ്‌ളാറ്റുകളില്‍ വാസം തുടങ്ങിയതിനാല്‍ ആര്‍ക്കും നിലംതൊടേണ്ടിവരില്ലെന്നു കരുതാം.

മലബാറിലും സ്ഥിതി ഏറെക്കുറെ ഇങ്ങനെതന്നെ. കുട്ടനാട്ടിലെ പോലെയൊന്നും അവിടെ വെള്ളം പൊങ്ങുന്നില്ല. പക്ഷേ അവിടെ വെള്ളത്തെ പിടിച്ചുനിര്‍ത്തിയിരുന്ന വനങ്ങള്‍ ഏറെ ശോഷിച്ചിട്ടുണ്ട്. ക്വാറികള്‍ സമൃദ്ധമായുണ്ട്. അതുകൊണ്ടുതന്നെ ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ള പ്രദേശങ്ങളാണവിടെയേറെയും. മഴ നിന്നുപെയ്താല്‍ സ്ഥിതി വഷളാവും.

പണ്ട് കൃത്യമായി വന്നിരുന്ന മഴക്കാലവും ഋതുഭേദങ്ങളും ആയിരുന്നു. കാരണവന്മാരായിരുന്നു കാലാവസ്ഥാ നിരീക്ഷകര്‍. എന്നാല്‍ കാലം മാറിയിരിക്കുന്നു. കാലാവസ്ഥയും. ഭൂമിയുടെ സ്വഭാവം മാറ്റിമറിച്ചിരിക്കുന്നു. മഴ ശക്തമായാല്‍, കൊല്ലവർഷം 1099ലേതു പോലൊരു വെള്ളപ്പൊക്കം ഇനിയുണ്ടായാൽ എന്തു ചെയ്യുമെന്ന ചോദ്യം മാത്രം ബാക്കി.

related stories