Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷക്കെടുതി: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി, കേരളം 113 കോടി അനുവദിച്ചു

Rain Havoc At Pathanamthitta മേപ്രാൽ ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കുള്ള പച്ചക്കറിയും സാധനങ്ങളും സൈക്കിളിലും തലയിലുമായി കൊണ്ടു പോകുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

തിരുവനന്തപുരം∙ കാലവര്‍ഷക്കെടുതി മൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്കു കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു. വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27,000ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.

തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതം ബാധിച്ചു. 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണു കണക്കാക്കിയിട്ടുളളത്. ഇതിനകം 90 മരണം റിപ്പോര്‍ട്ട് ചെയ്തു. അൻപതിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 333 വീടുകള്‍ പൂണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് ഇത്രയും ഭീമമായ നഷ്ടമുണ്ടായത്. 

അതേസമയം, മഴക്കെടുതിയെത്തുടർന്നുള്ള ദുരിതാശ്വാസത്തിനായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. തുക അടിയന്തരമായി വിതരണം ചെയ്യാൻ കലക്ടർമാർക്കു നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘത്തെകൂടി കേരളത്തിലേക്ക് അയക്കണമെന്ന് കേന്ദ്ര സർക്കാരിനോടു മന്ത്രി ആവശ്യപ്പെട്ടു.  

വീടുകൾ പൂർണമായോ ഭാഗികമായോ നശിച്ചവർക്കു നൽകുന്ന ധനസഹായം നാലു ലക്ഷം രൂപയാക്കി. പ്രളയത്തിൽപ്പെട്ടു വീടു നിന്ന ഭൂമി ഒഴുകിപ്പോകുകയും സംസ്ഥാനത്തു സ്വന്തമായി വേറെ ഭൂമി ഇല്ലാതിരിക്കുകയോ ഉള്ള സ്ഥലം വീടുവയ്ക്കാൻ യോഗ്യമല്ലെങ്കിലോ വേറെ സ്ഥലം വാങ്ങുന്നതിനായി പരമാവധി ആറു ലക്ഷം രൂപ അനുവദിക്കും. ദുരന്ത ബാധിതരുടെ വീട് തകർന്നാൽ അതേ സ്ഥലത്ത് വീട് പുനർ നിർമിക്കാൻ തദ്ദേശ സ്ഥാപനം ഒരു ദിവസത്തിനുള്ളിൽ അനുമതി നൽകാനും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.  

Calicut-Rain കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ കോഴിക്കോട്ട് തടമ്പാട്ട് താഴത്ത് റോഡിലൂടെ വാഹനങ്ങൾ വരുന്നു. ചിത്രം : റസൽ ഷാഹുൽ

∙ ദുരിതാശ്വാസക്യാംപുകളിലുള്ള എല്ലാ കുടുംബങ്ങൾക്കും 1000 രൂപ വീതം നൽകും. ജൂലൈ 17 വരെ ക്യാംപിൽ ഉണ്ടായിരുന്നവർക്കും തിരികെപ്പോയ കുടുംബങ്ങൾക്കും സഹായധനം ലഭിക്കും.

∙ ദുരിതാശ്വാസത്തിനു ജില്ലകൾക്ക് അനുവദിച്ച തുക (കോടി രൂപയിൽ)

തിരുവനന്തപുരം- 9.91, കൊല്ലം- 5.06, പത്തനംതിട്ട– 4.06, ആലപ്പുഴ- 10.31, കോട്ടയം- 13.77, ഇടുക്കി- 3.25, എറണാകുളം- 5.59, തൃശൂർ- 2.96, പാലക്കാട്- 9.57, മലപ്പുറം- 26.37, കോഴിക്കോട്- 5.88, വയനാട്- 3.18, കണ്ണൂർ- 7.75, കാസർകോട്- 5.86 

ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് ടീമുകൾ കോട്ടയത്തും ആലപ്പുഴയിലുമായി സേവനം ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. സേനയുടെ ദക്ഷിണകേന്ദ്രം മേധാവി കേരളത്തിൽ എത്തും. ഇതു കൂടാതെ രണ്ട് എന്‍ഡിആര്‍എഫ് സംഘത്തെ കൂടി കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. ദുരന്തനിവാരണ പ്രവര്‍ത്തനത്തിനു സൈന്യം തയാറാണ്. എന്നാല്‍ കേരളത്തിലുളള സൈനിക യൂണിറ്റുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് മതിയായ ഡിങ്കി ബോട്ടുകളോ മറ്റ് ഉപകരണങ്ങളോ ലഭ്യമല്ല. ഇതു കണക്കിലെടുത്ത് കണ്ണൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലെ നൂറനാടുമുളള പ്രതിരോധസേനാ യൂണിറ്റുകള്‍ക്ക് ആവശ്യമായ ബോട്ടുകളും മറ്റ് ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കണം. വായുസേനയ്ക്ക് ഒരു ഹെവി ലിഫ്റ്റ് ഹെലികോപ്ടറെങ്കിലും (എം1-16) അനുവദിക്കണം. 

Pathanamthitta Rain Havoc മേപ്രാൽ ചന്ത ജംക്‌ഷൻ പൂർണമായും വെള്ളത്തിലായ നിലയിൽ. ചിത്രം അരവിന്ദ് വേണുഗോപാൽ

ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 590 കിലോമീറ്റര്‍ വരുന്ന കടലോര മേഖലയുടെ സംരക്ഷണത്തിന് 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്ന കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 2017 ഡിസംബറില്‍ സമര്‍പ്പിച്ച ഈ നിവേദനത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാരില്‍നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. തീരമേഖല വീണ്ടും കടുത്ത ദുരിതം നേരിടുകയാണ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇത്തരം ദുരന്തങ്ങളും ദുരിതവും നേരിടാന്‍ പ്രയാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.     

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തിലേക്ക് അടിയന്തിരമായി കേന്ദ്ര സംഘത്തെ അയക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോൻസ് കണ്ണന്താനവും ആവശ്യപ്പെട്ടു. കേരളത്തിലെ കാലവര്‍ഷക്കെടുതി നേരിട്ടു കണ്ടു വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അടിയന്തിരമായി കേരളത്തിലേക്ക് അയയ്ക്കണമെന്നും അല്‍ഫോൻസ് കണ്ണന്താനം രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ കാലവര്‍ഷക്കെടുതി മൂലം 22 പേര്‍ മരിക്കുകയും, 9 പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണിത്. സംസ്ഥാന സർക്കാരിന്റെ നിവേദനം ലഭിച്ച ശേഷം നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തുമെന്ന് രാജ്നാഥ് സിങ്ങ് അറിയിച്ചു.

related stories