Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്റീൻ ജീവനക്കാരനെ മർദിച്ച കേസ്; പി.സി. ജോർജിനെതിരെ കുറ്റപത്രം

PC George

തിരുവനന്തപുരം∙ നിയമസഭാ കന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ പൊലീസ് കുറ്റപത്രം നല്‍കി. ജീവനക്കാരനെ പി.സി. ജോർജ് ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണു കുറ്റപത്രം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു സംഭവം നടക്കുന്നത്.

ഉച്ചയൂണ് എത്തിക്കാൻ വൈകിയതിന്റെ പേരിൽ തന്നെ മർദിച്ചെന്നാണു ജീവനക്കാരൻ വട്ടിയൂർക്കാവ് സ്വദേശി മനു പരാതി നൽകിയത്. കന്റീനിൽനിന്നു മുറിയിൽ ഊണ് എത്തിക്കാൻ ഒന്നര മണിയോടെ ജോർജ് ആവശ്യപ്പെട്ടു. ചോറെത്തിക്കാൻ 20 മിനിറ്റ് താമസമുണ്ടായി. താൻ മുറിയിലെത്തുമ്പോൾ ജോർജ് കന്റീനിൽ ഫോൺ ചെയ്തു ചീത്ത പറയുകയായിരുന്നു. തന്നെയും ചീത്ത വിളിച്ചു. മുഖത്ത് അടിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ പിഎയും മർദിച്ചു. തന്റെ ചുണ്ടിലും കണ്ണിലും പരുക്കേറ്റു. തുടർന്നു വൈകിട്ടു ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കന്റീൻ ജീവനക്കാരോട് ഈ എംഎൽഎ മോശമായി പെരുമാറുന്നതു പതിവാണെന്നും മനു പരാതിയിൽ പറഞ്ഞിരുന്നു.

എന്നാൽ 40 മിനിറ്റ് വൈകിയാണു തനിക്ക് ഊണ് എത്തിച്ചതെന്നാണു ജോർജിന്റെ ഭാഷ്യം. ഇത്രയും വൈകിയതിനെ അൽപം കടുപ്പിച്ചു ചോദ്യം ചെയ്തു എന്നല്ലാതെ ആരെയും തല്ലിയിട്ടില്ല. മനുവിന്റെ ചുണ്ടിൽ പരുക്കേറ്റതിനെപ്പറ്റി അന്വേഷിക്കണമെന്നും എംഎൽഎ അന്നു പറഞ്ഞിരുന്നു.