Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംജി പരീക്ഷ മാറ്റി; ആലപ്പുഴയിലും കോട്ടയത്തും അവധി, ഗതാഗത നിയന്ത്രണം

കോട്ടയം∙ കനത്ത മഴയിൽ ചില ജില്ലകൾക്ക് വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചു. ചിലയിടത്ത് ഭാഗികമായാണ് അവധി പ്രഖ്യാപനം. പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്തു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് തുടരുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട അറിയിപ്പുകളിലൂടെ...

എംജി സർവകലാശാല 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മഴ കാരണം തിങ്കളാഴ്ച മുതൽ എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചിരുന്നു. മാറ്റിയ പരീക്ഷകൾ എന്നു നടത്തുമെന്നു അറിയിച്ചിട്ടില്ല.

ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ പ്രഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയും മറ്റു താലൂക്കുകളിൽ പ്രഫഷണൽ കോളജുകൾക്ക് ഒഴികെയും കലക്ടർ അവധി പ്രഖ്യാപിച്ചു. മഴ കുറവായിരുന്നെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാലാണ് അവധി പ്രഖ്യാപിച്ചത്.

കനത്തമഴയെ തുടര്‍ന്നു തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും 19നു ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെയും പ്രഫഷണൽ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും.

വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യ ചുരത്തിൽ മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. 16.2 ടണ്ണിനു മുകളിൽ ഭാരമുള്ള വാഹനങ്ങൾക്കാണു നിയന്ത്രണം. റോഡിലുടനീളം കുഴികളും വിള്ളലുകളും രൂപപ്പെട്ടതിനെത്തുടർന്നാണിത്.

ട്രെയിനുകൾ വൈകിയോടുന്നു

മഴക്കെടുതിയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനു പിന്നാലെ ജീവനക്കാരുടെ തർക്കവും യാത്രക്കാർക്കു തിരിച്ചടിയായി. നൈറ്റ് പട്രോളിങ്ങിനെക്കുറിച്ചുള്ള തർക്കത്തെ തുടർന്നു കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി മണിക്കൂറുകൾ വൈകിയോടുന്നു. ഒൻപതു മണിക്കു തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ നാലര മണിക്കൂറാണ് ഇപ്പോൾ വൈകിയോടുന്നത്. ട്രെയിൻ ആലപ്പുഴ പിന്നിട്ടിട്ടേയുള്ളൂ. ചേർത്തലയ്ക്കും മാരാരിക്കുളത്തിനുമിടയിലെ നൈറ്റ് പട്രോളിങ്ങിനെച്ചൊല്ലിയുള്ള തർക്കമാണു ട്രെയിൻ വൈകാൻ കാരണം.

നൈറ്റ് പട്രോളിങ്ങിനു റയിൽവേ കരാർ ജീവനക്കാരെ നിയമിച്ചതിനെച്ചൊല്ലിയുള്ള തർ‍ക്കമാണു ട്രെയിൻ വൈകിപ്പിച്ചത്. പട്രോളിങ് ഡ്യൂട്ടിക്കു കരാ‍ർ ജീവനക്കാരെ നിയമിച്ചതു മൂലം  ചേർത്തല, മാരാരിക്കുളം സ്റ്റേഷനുകളിലെ നൈറ്റ് പട്രോളിങ് സംഘങ്ങളെ സംയുക്ത സമര സമിതി തടഞ്ഞു. തീരദേശ പാത വഴി വൈകിട്ട് കടന്നു പോകേണ്ട ജനശതാബ്ദി എക്സ്പ്രസ് പട്രോളിങ് സ്റ്റാഫിന്റെ റിപ്പോർട്ട് കിട്ടാത്തതിനെ തുടർന്നു പിടിച്ചിട്ടു.

ട്രെയിൻ കടത്തിവിടുന്നതു സംബന്ധിച്ചു ഓപ്പറേഷൻസ് വിഭാഗത്തിലും ആശയക്കുഴപ്പം വന്നതോടെ ട്രെയിൻ ഏറെ നേരം തുറവൂരിലും ചേർത്തലയിലും പിടിച്ചിട്ടു.ആലപ്പുഴ വഴിയുള്ള മറ്റു ട്രെയിനുകളും വേഗം കുറച്ചാകും കടന്നു പോകുക. 

related stories