Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകക്ഷി സംഘം പ്രധാനമന്ത്രിക്കു സമർപ്പിച്ച നിവേദനത്തിന്റെ പൂർണ്ണ രൂപം

All Party Delegates meet PM Narendra Modi

ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ഇന്നു പ്രധാനമന്ത്രിയെ സന്ദർശിച്ച് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. എന്നാൽ കൂടിക്കാഴ്ച നിരാശാജനകമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെ നാലു തവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളം സമയം ചോദിച്ചിരുന്നെങ്കിലും ആദ്യമായാണു സർവകക്ഷി സംഘത്തിനു പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിക്കുന്നത്.

സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം:

1) ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണം

മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കു മാസം അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് വര്‍ഷം 7.23 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കൂടുതലായി അനുവദിക്കണം. മുന്‍ഗണനാ വിഭാഗത്തില്‍ വരാത്തവര്‍ക്കു ഭക്ഷ്യധാന്യം നല്‍കാന്‍ ആണ്ടില്‍ 11.22 ലക്ഷം ടണ്‍ ആവശ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 3.99 ലക്ഷം ടണ്‍ മാത്രമാണ്.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കേരളത്തിന്റെ നെല്ലുല്‍പാദനം കുറഞ്ഞുവരികയാണ്. 1972-73 13.76 ലക്ഷം ടണ്‍ നെല്ലുല്‍പാദിപ്പിച്ചിരുന്ന സംസ്ഥാനം 2016-17ല്‍ 4.36 ലക്ഷം ടണ്‍ നെല്ല് മാത്രമാണ് ഉല്‍പാദിപ്പിച്ചത്. ഉല്‍പാദനം കുറയുമ്പോള്‍ റേഷന്‍ ആവശ്യമുളളവരുടെ എണ്ണം കൂടി വരികയാണ്. റേഷന്‍ കാര്‍ഡിന് അഞ്ചുലക്ഷത്തോളം പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം 16 ലക്ഷം ടണ്ണില്‍നിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചത്. ഇതു സംസ്ഥാനത്തിനു കടുത്ത പ്രയാസമുണ്ടാക്കുന്നു. ഭക്ഷ്യധാന്യവിഹിതം വര്‍ധിപ്പിക്കാന്‍ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടുവരികയാണ്. കേരളത്തില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്നുണ്ട്. അവരെ അവഗണിക്കാന്‍ പാടില്ല. സാമ്പത്തികമായി പിന്നോക്കമായ ഈ വിഭാഗത്തെ കൂടി പൊതുവിതരണ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണു സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

2013-ല്‍ നിലവില്‍ വന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം ഗണ്യമായി കുറഞ്ഞു. നിയമം നടപ്പാക്കുന്നതിനു മുമ്പ് വര്‍ഷത്തില്‍ 16 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കേരളത്തിനു ലഭിച്ചിരുന്നു. എന്നാല്‍ 2016-ല്‍ നിയമം നടപ്പിലാക്കിയതു മുതല്‍ വിഹിതം 14.25 ലക്ഷം ടണ്‍ ആയി കുറഞ്ഞു. കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തെ ഇത് ഏറെ ദോഷകരമായി ബാധിച്ചു. അന്ത്യോദയ അന്നയോജന ഉള്‍പെടെ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നവര്‍ക്ക് ആവശ്യമായ റേഷന്‍ വിഹിതമാണ് ഇപ്പോള്‍ കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍ കേരളത്തില്‍ റേഷന്‍ വാങ്ങുന്ന 45 ലക്ഷം കുടുംബങ്ങള്‍ മുന്‍ഗണനാവിഭാഗത്തിനു പുറത്താണ്. അവര്‍ക്കു വിതരണം ചെയ്യാന്‍ വെറും 33,384 ടണ്‍ ഭക്ഷ്യധാന്യം മാത്രമാണു ലഭിക്കുന്നത്. ഇതു കണക്കിലെടുത്തു മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കുളള ഭക്ഷ്യധാന്യ വിഹിതം ഗണ്യമായി വര്‍ധിപ്പിക്കണം. ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

2) പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് റെയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കുന്നതിനു പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാവണം. 2008 - 2009ലെ റെയില്‍വേ ബജറ്റിലാണു പാലക്കാട്ട് കോച്ച് ഫാക്ടറി അനുവദിക്കുമെന്നു പ്രഖ്യാപിച്ചത്. കേരളം ഇതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കി. റെയില്‍വേയുടെ ഭാവി ആവശ്യം കൂടി കണക്കിലെടുത്ത് ലൈറ്റ് വെയ്റ്റ് ബ്രോഡ് ഗേജ് കോച്ചുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിച്ചത്.

ഫാക്ടറി സ്ഥാപിക്കുന്നതിന് 239 ഏക്കർ സ്ഥലം കേരള സര്‍ക്കാര്‍ റെയില്‍വേയ്ക്ക് 2012ല്‍ തന്നെ കൈമാറിയിരുന്നു. മാത്രമല്ല, കേന്ദ്ര റെയില്‍വേ മന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഫാക്ടറിക്കു തറക്കല്ലിടുകയും ചെയ്തു. ഫാക്ടറി വേഗം സ്ഥാപിക്കണമെന്നു സംസ്ഥാനം ആവശ്യപ്പെടുമ്പോഴാണ് ഈ പദ്ധതി വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഞെട്ടിക്കുന്നതാണ്. 2008-2009 ലെ ബജറ്റില്‍ റായ്ബറേലിയിലേക്ക് അനുവദിച്ച കോച്ച് ഫാക്ടറി 2012 മുതല്‍ തന്നെ ഉല്‍പാദനം ആരംഭിക്കുകയുണ്ടായി. എന്നാല്‍ പാലക്കാടിന്റെ കാര്യത്തില്‍ റെയില്‍വേ ഒന്നും ചെയ്തിട്ടില്ല.

അലൂമിനിയം കോച്ചുകള്‍ നിര്‍മിക്കുന്നതിനു ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ റെയില്‍വേ ഉദ്ദേശിക്കുന്നതായി മനസ്സിലാക്കുന്നു. ഈ ഫാക്ടറി പാലക്കാട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു.

3) അങ്കമാലി-ശബരി റെയില്‍പാത

ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല സന്ദര്‍ശിക്കുന്നവരുടെ സൗകര്യാര്‍ത്ഥം അങ്കമാലി-ശബരി റെയില്‍പാത സ്ഥാപിക്കാന്‍ 1997-98 ല്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയതാണ്. എന്നാല്‍ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാടു പിന്നീട് റെയില്‍വേ മന്ത്രാലയം എടുത്തു. കേരളം പലതവണ അഭ്യര്‍ത്ഥിച്ചിട്ടും റെയില്‍വേ ഈ നിലപാടില്‍ നിന്ന് മാറിയിട്ടില്ല.

ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണെന്നത് പരിഗണിച്ച് പാത റെയില്‍വേയുടെ ചെലവില്‍ തന്നെ പണിയാന്‍ പ്രധാനമന്ത്രി ഇടപെടണം.

4) കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ 123 വില്ലേജുകള്‍ ഉള്‍പ്പെടുന്ന 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി (ഇഎസ്എ) കണക്കാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും ജലാശയങ്ങളും പാറ നിറഞ്ഞ പ്രദേശങ്ങളും ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. റിസര്‍വ് വനവും സംരക്ഷിത വനവും ലോകപൈതൃക സ്ഥലങ്ങളും മാത്രം ഇഎസ്എയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയണ്‍മെന്റ് സെന്റര്‍ ജിയോ കോര്‍ഡിനേറ്റഡ് ഭൂപടം തയാറാക്കിയിട്ടുണ്ട്. അതനുസരിച്ച് 92 വില്ലേജുകളില്‍ വരുന്ന 8656 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എയില്‍ വരുന്നത്. ഇതനുസരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നു സര്‍വകക്ഷി സംഘം അഭ്യര്‍ത്ഥിച്ചു.

2014ലാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനുശേഷം രണ്ടുതവണ കരട് വിജ്ഞാപനം പുറപ്പെടുവിച്ചുവെങ്കിലും കേരളത്തിന്റെ ആവശ്യം കണക്കിലെടുത്തിട്ടില്ല. നാലുവര്‍ഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതുകൊണ്ടു ബന്ധപ്പെട്ട വില്ലേജുകളിലെ ജനങ്ങള്‍ വലിയ പ്രയാസം അനുഭവിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു. അതിനാല്‍ പ്രധാനമന്ത്രി ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയണ്‍മെന്റ് സെന്റര്‍ തയാറാക്കിയ ജിയോ കോര്‍ഡിനേറ്റഡ് ഭൂപടത്തിന്റെയും സര്‍ക്കാര്‍ സമര്‍പ്പിച്ച ബന്ധപ്പെട്ട രേഖകളുടെയും അടിസ്ഥാനത്തില്‍ ഇഎസ്എ 8656 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും സര്‍വകക്ഷി സംഘം അഭ്യര്‍ത്ഥിച്ചു.

5) കാലവര്‍ഷക്കെടുതി

കാലവര്‍ഷക്കെടുതിമൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം അനുവദിക്കുന്നതിനു കേരളത്തിലേക്കു കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു സര്‍വകക്ഷിസംഘം അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ട്. 30,000 ത്തോളം പേര്‍ ദുരിതാശ്വസ കേന്ദ്രങ്ങളിലാണ്. 350 ഓളം വീടുകള്‍ പൂര്‍ണ്ണമായും ഒമ്പതിനായിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 90 ജീവന്‍ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കടലാക്രമണവും കാറ്റും മൂലം കനത്ത നാശനഷ്ടമാണ് കേരളത്തിലാകെ ഉണ്ടായിട്ടുളളത്. ഇത് കണക്കിലെടുത്ത് അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് സര്‍വകക്ഷി സംഘം അഭ്യര്‍ത്ഥിച്ചു.

6) ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്

1983 മുതല്‍ കേരളത്തിലെ വെള്ളൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഓഹരികള്‍ പൂര്‍ണ്ണമായും സ്വകാര്യ മേഖലയ്ക്കു കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഫാക്ടറി പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 700 ഏക്കർ ഭൂമിയിലാണ് ഫാക്ടറി സ്ഥാപിച്ചത്. പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ലെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഈ സ്ഥാപനം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമാണ്. പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഫാക്ടറി ഈ രൂപത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.

ഫാക്ടറി സംസ്ഥാന സര്‍ക്കാരിനു കൈമാറുന്നതിനു ബന്ധപ്പെട്ട മന്ത്രാലയത്തിനു നിര്‍ദ്ദേശം നല്‍കണമെന്നു സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

7) കോഴിക്കോട് വിമാനത്താവളം

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനമിറങ്ങാനുള്ള സൗകര്യമുണ്ടാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു.

related stories