Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് പിന്നാലെ ചൈനയുടെ ലക്ഷ്യം മ്യാൻമർ; ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

aung-san-suukyi-xijinping മ്യാൻമർ സ്റ്റേറ്റ് കൗൺസലർ ഓങ് സാൻ സൂചിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും കൂടിക്കാഴ്ച നടത്തിയപ്പോൾ (ട്വിറ്റർ ചിത്രം)

ബെയ്ജിങ്∙ ഇന്ത്യയ്ക്കു തലവേദന സൃഷ്ടിക്കുന്ന ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കു പിന്നാലെ മ്യാൻമറുമായും സമാന നീക്കത്തിനൊരുങ്ങി ചൈന. സാമ്പത്തിക ഇടനാഴിയുടെ പേരിൽ മ്യാൻമറുമായി കരാറിലെത്തി വൻതോതിൽ പണമിറക്കാനാണു ചൈനയുടെ നീക്കമെന്നാണു റിപ്പോർട്ടുകൾ. സാമ്പത്തിക ഇടനാഴിക്കായി ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് മ്യാൻമർ ഡയറക്ടര്‍ ജനറൽ ഓഫ് ഇൻവസ്റ്റ്മെന്റ് യൂ ഓങ് നായ്ങ് ഒ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യം, ടെലികമ്യൂണിക്കേഷൻ, ഗതാഗത, കൃഷി മേഖലകളെയെല്ലാം സ്വാധീനിക്കുന്നതായിരിക്കും കരാറെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മ്യാൻമറിലെ ചൈന വിരുദ്ധവികാരം ഉൾപ്പെടെ പദ്ധതിക്കു തിരിച്ചടിയാകുെമന്നും സൂചനകളുണ്ട്. ചൈനീസ് പ്രവിശ്യയായ യുനാനും മ്യാൻമറിലെ സാമ്പത്തിക കേന്ദ്രങ്ങളായ മാൻദലായ്, യാങ്കൂൺ ന്യൂസിറ്റി, ക്യംഫ്യു പ്രത്യേക സാമ്പത്തിക മേഖലയും തമ്മിൽ ബന്ധിപ്പിക്കുന്നതായിരിക്കും സാമ്പത്തിക ഇടനാഴി.

എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വംശീയ സംഘട്ടനങ്ങളും കടക്കെണിയുണ്ടാകാനുള്ള സാധ്യതകളും പദ്ധതിക്കു തടസമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു. ചൈനയുടെ സാമ്പത്തിക സഹായത്തോടെ മ്യാൻമറിൽ നിർമിക്കാനിരുന്ന ഡാം പദ്ധതി നേരത്തേ ഉപേക്ഷിച്ചിരുന്നു. ബംഗ്ലദേശ് – ചൈന – ഇന്ത്യ – മ്യാൻമർ‌ സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം മന്ദഗതിയിലായതിനാൽ ചൈനയുമായി കൂടുതൽ അടുക്കുന്നതിനാകും മ്യാൻമറിന്റെ ശ്രമമെന്നു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പദ്ധതി നിലവിൽ വന്നാൽ കിഴക്കൻ അതിർത്തി രാഷ്ട്രത്തിനു മേൽ ഇന്ത്യയ്ക്കുള്ള സ്വാധീനത്തിനും കോട്ടം തട്ടും. മ്യാൻമർ സ്റ്റേറ്റ് കൗൺസലർ ഓങ് സാൻ സൂചി 2017 നവംബറിൽ ബെയിജിങ്ങിലെത്തിയപ്പോഴാണു പദ്ധതിയുടെ ആശയം ചൈന അവതരിപ്പിച്ചത്. മ്യാൻമറിൽ സാമ്പത്തികമായി മുന്നിലുള്ള യാങ്കൂൺ മേഖലയും പിന്നോക്ക പ്രദേശമായ റഖൈനും തമ്മിലുള്ള അന്തരം പദ്ധതിയോടെ കുറയ്ക്കാനാകുമെന്നും മ്യാൻമർ കണക്കുകൂട്ടുന്നു.

related stories