Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെപ്പോലും വിടാതെ അടിമത്തം; ക്രൂരതയിൽ മുന്നിൽ ഉത്തര കൊറിയ

slavery-child ദക്ഷിണ സുഡാനിൽ ഇഷ്ടികപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടി. ജനത്തിൽ അറുപതു ശതമാനവും 18 വയസിൽ താഴെയായ ഇവിടെ 70 ശതമാനം കുട്ടികളും സ്കൂളിൽ പോകുന്നില്ല. ചിത്രം – എഎഫ്പി

സിഡ്നി∙ ആധുനിക കാലത്ത് അടിമത്തം ഏറ്റവും ശക്തമായി നിലനിൽക്കുന്നത് ഉത്തര കൊറിയയിലും ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലുമാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന വോക്ക് ഫ്രീ ഫൗണ്ടേഷൻ രാജ്യാന്തര തലത്തിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

കലാപങ്ങളും സർക്കാർ തലത്തിലുള്ള അടിച്ചമർത്തലും ആധുനികകാലത്തു ജനങ്ങളെ എപ്രകാരം അടിമത്തത്തിലേക്കു നയിക്കുന്നു എന്നായിരുന്നു ഗ്ലോബൽ സ്‌ലേവറി ഇൻഡക്സ്–2018 സർവേയിലെ പ്രധാന അന്വേഷണം. ഉത്തര കൊറിയയിലും എറിത്രിയയിലും സർക്കാരാണ് അടിമത്തത്തിനു പ്രോത്സാഹനം നൽകുന്നത്. ഭരണകൂടത്തിന്റെ പുരോഗതിക്കു വേണ്ടി ജനങ്ങളെക്കൊണ്ടു നിർബന്ധിച്ചു പണിയെടുപ്പിക്കുകയാണു ചെയ്യുന്നതെന്നും ഡേറ്റ ശേഖരണത്തിനു നേതൃത്വം നൽകിയ ഫിയോണ ഡേവിഡ് പറയുന്നു. 

എന്താണ് ‘ആധുനിക അടിമത്തം?’

ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾ കവർന്നെടുക്കുന്നതിനെയാണ് ആധുനിക കാലത്തെ അടിമത്തമായി(മോഡേൺ സ്‌ലേവറി) വോക്ക് ഫ്രീ ഫൗണ്ടേഷൻ വിലയിരുത്തുന്നത്. മറ്റൊരാളുടെ ശരീരത്തിന്മേൽ അവകാശം സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടും. മറ്റൊരാൾക്ക് ഒരു ജോലി തിരഞ്ഞെടുക്കാനും ഒഴിവാക്കാനുമുള്ള അവകാശം അടിമത്തത്തിലൂടെ നഷ്ടപ്പെടും. അതുവഴി അവർ ചൂഷണത്തിനിരയാകും.

ഭയപ്പെടുത്തിയും അക്രമത്തിലൂടെയും പീഡിപ്പിച്ചും കരുത്തും അധികാരവും ഉപയോഗിച്ചും ചതിപ്രയോഗത്തിലൂടെയും മറ്റുള്ളവരുടെ അവകാശങ്ങൾ ചിലർക്കു തടയാനാകുന്നുണ്ട്. മനുഷ്യക്കടത്തും നിർബന്ധിത വീട്ടുവേലയും, നിർബന്ധിച്ചു വിവാഹം കഴിപ്പിക്കലും കുട്ടികളെ വിൽക്കലുമെല്ലാം ആധുനിക കാലത്തെ അടിമത്തത്തിന്റെ പരിധിയിൽ വരും.

കൂടുതൽ അടിമകൾ ഇന്ത്യയിൽ!

SLAVERY-Child-labour പഞ്ചാബിലെ ജലന്തറിലെ ഇഷ്ടികക്കളങ്ങളിലൊന്നിൽ തൊഴിലെടുക്കുന്ന കുട്ടി. ചിത്രം: എഎഫ്പി

ഫൗണ്ടേഷന്റെയും രാജ്യാന്തര തൊഴിൽ സംഘടനയുടെയും 2016 വരെയുള്ള കണക്കു പ്രകാരം ലോകത്ത് നാലു കോടിയോളം പേർ ഇന്നും അടിമത്തത്തിനു കീഴിലാണ്. ഇവരിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്. 130 കോടി ജനങ്ങളിൽ 1.84 കോടി ജനങ്ങൾ ഇപ്പോഴും പലതരത്തിലുള്ള അടിമത്തം അനുഭവിക്കുന്നുണ്ടെന്നാണു കണക്ക്. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് അടിമകളുടെ എണ്ണത്തിൽ ആദ്യ അഞ്ചു സ്ഥാനത്തുള്ളത്. ലോകത്ത് അടിമജോലി ചെയ്യുന്ന ആകെ ജനങ്ങളിൽ 58 ശതമാനം പേരും ഈ രാജ്യങ്ങളിൽ നിന്നാണ്.

ജനസംഖ്യ അടിസ്ഥാനത്തിൽ കണക്കെടുക്കുമ്പോൾ പക്ഷേ സ്വന്തം ജനങ്ങളിൽ ഏറ്റവുമധികം പേരെ അടിമകളാക്കി വച്ചിരിക്കുന്നത് ഉത്തരകൊറിയയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അടിമത്തം ഏറ്റവും രൂക്ഷമായത് എവിടെയാണെന്ന് വോക്ക് ഫ്രീ ഫൗണ്ടേഷൻ കണ്ടെത്തിയതും. ഉത്തര കൊറിയയിൽ ഇപ്പോഴും ഈ അവസ്ഥ തുടരുകയുമാണ്. രാജ്യത്ത് പത്തിൽ ഒരാളെന്ന കണക്കിന് അടിമത്തത്തിനു കീഴിലാണ്. ഇത്തരം അടിമകളില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്നതാകട്ടെ സർക്കാരിനു വേണ്ടി നിർബന്ധിതമായും. 

കുട്ടികൾക്കും കഠിന ജോലി

ഉത്തര കൊറിയയിൽ നിന്നു പലായനം ചെയ്തു ദക്ഷിണ കൊറിയയിലെത്തിയ 50 പേരെ സർവേയുടെ ഭാഗമായി ഗവേഷകർ കണ്ടിരുന്നു. ഇവർ നൽകിയതാകട്ടെ ഞെട്ടിക്കുന്ന വിവരങ്ങളും. മണിക്കൂറുകളോളം നീളും പലപ്പോഴും നിർബന്ധിത അടിമപ്പണി. അതും മനുഷ്യന് ഒരുതരത്തിലും യോജിക്കാത്ത സാഹചര്യങ്ങളിൽ. പണവും നൽകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യം പോലും നോൽക്കാതെ പലപ്പോഴും ഒരേ ജോലിയാണു നൽകുക. കൃഷി, നിർമാണമേഖല, റോഡു നിർമാണം എന്നിവയിലാണു പ്രധാനമായും അടിമപ്പണിയെന്നും ഇവർ പറഞ്ഞു. 

എറിത്രിയയിലാകട്ടെ നിർബന്ധിത സൈനിക സേവനത്തിന്റെ മറവിലാണ് ദശാബ്ദങ്ങളായി അടിമപ്പണി തുടരുന്നത്. അവിടെയും സൈനിക സേവനത്തിന്റെ പേരിൽ ജനം ചെയ്യേണ്ടി വരുന്നത് മനുഷ്യാവകാശങ്ങളെ ലംഘിക്കും വിധമുള്ള ജോലികളാണ്. ബുറുണ്ടിയിലും പട്ടാളത്തെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയുള്ള അടിമപ്പണികളാണു തുടരുന്നത്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ, പാക്കിസ്ഥാൻ തുടങ്ങിയയിടങ്ങളിലും ആധുനിക കാലത്തെ അടിമത്തത്തിന്റെ തോത് കൂടുതലാണ്. അടിമത്തം നിലനിൽക്കുന്ന രാജ്യങ്ങളെല്ലാം ആഭ്യന്തര കലാപം, പരസ്യമായ നിയമലംഘനങ്ങൾ, പലായനം, സുരക്ഷയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

പ്രശ്നം ഇനിയുമേറെ രൂക്ഷം!

ആഫ്രിക്കൻ മേഖലയിലാണ് അടിമത്തം ഏറ്റവും ശക്തം–ആയിരത്തിൽ എട്ടുപേരെന്ന കണക്കിലാണ് ഇവിടെ അടിമകളായുള്ളത്. ആകെ അടിമകളുടെ എണ്ണം 90 ലക്ഷവും വരും. രാജ്യാന്തര സമ്പദ്‌വ്യവസ്ഥയുമായും അടിമത്തം ഒട്ടിച്ചേർന്നു നിൽക്കുന്നതായി വോക്ക് ഫ്രീ ഫൗണ്ടേഷൻ സഹസ്ഥാപക ഗ്രേസ് ഫോറസ്റ്റ് പറയുന്നു. പല വികസിത രാജ്യങ്ങളിലും വിൽപനയ്ക്കെത്തുന്ന കംപ്യൂട്ടറുകളും മൊബൈലുകളും തുണിത്തരങ്ങളും ഉൾപ്പെടെ അടിമപ്പണിയിലൂടെ നിർമിച്ചതാണെന്നും സർവേ പറയുന്നു.

അറബ് രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ സർവേയിൽ ഇല്ല. അവയവക്കടത്ത്, സായുധ സംഘങ്ങളിലേക്ക് കുട്ടികളെ കടത്തൽ തുടങ്ങിയ പ്രശ്നങ്ങളും സർവേയിൽ പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കണ്ടെത്തിയതിനേക്കാളും രൂക്ഷമാണ് പല രാജ്യങ്ങളിലും അടിമത്തത്തിന്റെ ഭീഷണിയെന്നും സർവേ വ്യക്തമാക്കി. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.