Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പസാര രഹസ്യം മറയാക്കി പീഡനം: ആരോപണം നിഷേധിച്ച് ഒന്നാംപ്രതിയായ വൈദികൻ – വിഡിയോ

Fr-Abraham-Varghese ഫാ.എബ്രഹാം വർഗീസ് (വിഡിയോ ദൃശ്യം)

പത്തനംതിട്ട∙ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസ് ആരോപണം നിഷേധിച്ച് രംഗത്തെത്തി. ആരോപണങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് എതിർക്കുന്ന വൈദികന്റെ വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. യുവതിയുടെ ഭർത്താവിന്റെ പേരു വെളിപ്പെടുത്തുകയും അവരെ നിഷേധിക്കുകയും ചെയ്യുന്ന വിഡിയോയാണു പുറത്തുവന്നത്.

വിഡിയോയിലെ പ്രസക്ത ഭാഗങ്ങൾ:

മേയ് മാസം 14ാം തീയതി തിരുമേനി തന്നെ വിളിച്ചുവരുത്തി പെൺകുട്ടിയുടെ ഭർത്താവിന്റെ പരാതിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. അന്നുതന്നെ ആരോപണങ്ങളെല്ലാം നിഷേധിച്ചതാണ്. പരാതിയുടെ പൂർണ്ണപതിപ്പ് ആവശ്യപ്പെട്ടതനുസരിച്ചു ജൂൺ മാസം 29നു പരാതിയുടെയും അനുബന്ധരേഖകളുടെയും പകർപ്പ് എനിക്കു ലഭിച്ചു. ഈ രേഖകളിൽ, ആനിക്കാട് സോഫിയ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റിജിത്തിന്റെയും ഭർതൃമാതാവിന്റെയും പിതാവിന്റെയും സാന്നിധ്യത്തിലാണ് പരാതി എഴുതിയതെന്നു പറഞ്ഞിരിക്കുന്നു.

പക്ഷേ ഇവരാരും തന്നെ ഈ രേഖകളിൽ ഒപ്പിട്ടതായി കാണുന്നില്ല. പീഡനം നടന്നെന്നു പറയുന്ന ദിവസങ്ങളിൽ താൻ സ്ഥലത്തുണ്ടായിരുന്നില്ല. പെൺകുട്ടിയുടെ ഭർത്താവിന്റെ പേരടക്കം പറഞ്ഞ് അധിക്ഷേപിക്കുന്ന തരത്തിലാണു വിഡിയോയിൽ വൈദികന്റെ പ്രതികരണം. യുവതിക്കു സ്വഭാവദൂഷ്യമുള്ളതായി അവരുടെ അമ്മ തന്നെ വെളിപ്പെടുത്തിയെന്നും വിഡിയോയിൽ പറയുന്നുണ്ട്.

19 ന് രാവിലെയാണു വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും ആരാണിതു ചെയ്തതെന്നു വ്യക്തമല്ല. 12 മിനിറ്റുള്ള വിഡിയോയിൽ ആരോപണങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് എതിർക്കുകയും ചെയ്തു. താൻ ഒളിവിലാണെന്ന വാർത്തകൾ തള്ളിക്കളയുന്ന വൈദികൻ വിഡിയോ എടുത്തിരിക്കുന്നത് എവിടെനിന്നാണെന്നു വ്യക്തമാക്കുന്നില്ല. അതേസമയം വാർത്ത വന്നതിനു പിന്നാലെ വിഡിയോ യൂട്യൂബിൽ‌നിന്നു നീക്കം ചെയ്തു.