Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈറ്റ് പട്രോളിങ്ങിന് ആളില്ല; ട്രെയിനുകൾ വഴിയിൽ ‘ഉറങ്ങുന്നു’, യാത്രക്കാർ ദുരിതത്തിൽ

train-snooze

തിരുവനന്തപുരം∙ റെയില്‍വേയില്‍ ആവശ്യത്തിനു പട്രോളിങ് ജീവനക്കാര്‍ ഇല്ലാത്തതു കാരണം സംസ്ഥാനത്തെ റെയില്‍ ഗതാഗതം സ്തംഭനാവസ്ഥയില്‍. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയെ സംബന്ധിച്ച തർക്കത്തെ തുടർന്നു വൈകിയ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരത്തു യാത്ര അവസാനിപ്പിച്ചത് നാലു മണിക്കൂറിലേറെ താമസിച്ച് വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്ക്. പുലർച്ചെ കൊല്ലത്തും തിരുവനന്തപുരത്തും സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർ വീടുകളിലെത്താൻ വാഹനങ്ങൾ കിട്ടാൻ പ്രയാസപ്പെട്ടു. വനിത യാത്രക്കാരാണ് ഏറെ പ്രയാസപ്പെട്ടത്.

ചേർത്തലയ്ക്കും മാരാരിക്കുളത്തിനുമിടയിലെ നൈറ്റ് പട്രോളിങ്ങിനെ ചൊല്ലിയുള്ള തർക്കമാണു ബുധനാഴ്ചത്തെ കോഴിക്കോട്– തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിനെ വൈകിച്ചത്. സ്ഥിരം ജീവനക്കാരെ പിൻവലിച്ച് നൈറ്റ് പട്രോളിങ്ങിന് കരാർ ജീവനക്കാരെ നിയമിച്ചിരുന്നു. കരാർ നിയമനങ്ങളെ എതിർക്കുന്ന സംയുക്തസമരസമിതി ചേർത്തലയ്ക്കും മാരാരിക്കുളത്തിനുമിടയിൽ നൈറ്റ് പട്രോളിങ് സംഘത്തെ തടയുകയായിരുന്നു.

മഴക്കാലം ശക്തമായതോടെ രാത്രി കാലങ്ങളില്‍ രണ്ട് നൈറ്റ് പട്രോളിങ് ജീവനക്കാര്‍ ട്രാക്കിലൂടെ നടന്നു സഞ്ചരിച്ച് അപകടമില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയാലേ ട്രെയിനുകള്‍ക്കു പരമാവധി വേഗത്തില്‍ പോകാനുള്ള അനുമതി നല്‍കുകയുള്ളൂ. എന്നാല്‍ ജീവനക്കാരുടെ അഭാവം കാരണം ബുധനാഴ്ച ഒരാളെ മാത്രമാണു ഡ്യൂട്ടിക്കു നിയോഗിച്ചത്. രാത്രിയില്‍ ഇയാൾക്ക് ഒറ്റയ്ക്കു പോകാന്‍ കഴിയില്ലെന്നു തൊഴിലാളി സംഘടനകള്‍ നിലപാടു കടുപ്പിച്ചതും ട്രെയിൻ പിടിച്ചിടാനുള്ള കാരണമായി പറയുന്നു.

ജീവനക്കാരന്‍ പട്രോളിങ്ങിനു പോയി ലൈൻ ക്ലിയര്‍ ചെയ്തു നല്‍കാത്തതിനെ തുടര്‍ന്നു ജനശതാബ്ദി എക്‌സ്പ്രസ് മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണു സഞ്ചരിച്ചത്. മറ്റു ട്രെയിനുകള്‍ ക്രോസിങ്ങിനു പിടിച്ചിടുമ്പോള്‍ വീണ്ടും ട്രെയിന്‍ വൈകിയെന്ന് യാത്രക്കാര്‍ പറയുന്നു. ആലപ്പുഴയിൽ 10.10ന് എത്തിയ ജനശതാബ്ദി ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ 12.26 ആയി. പിന്നീട് ഒരു മണിക്കൂറിനു ശേഷം തിരുവനന്തപുരത്തും എത്തുകയായിരുന്നു.

കോഴിക്കോട് നിന്നു ഒരു മണിക്കൂറോളം വൈകി പുറപ്പെട്ട ജനശതാബ്ദി അധികം വൈകില്ലെന്ന പ്രതീക്ഷയിലായിരുന്നു വനിതകളടക്കമുള്ള യാത്രക്കാർ. രാത്രി ഏറെ വൈകിയതോടെ ഇവരെ കൂട്ടിക്കൊണ്ടു പോകാൻ വിവിധ സ്റ്റേഷനുകളിൽ കാത്തുനിന്ന ബന്ധുക്കളും വലഞ്ഞു. റെയിൽവേ നിരന്തരമായി തുടർന്നു വരുന്ന ഇത്തരം പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യമുണ്ട്.