Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥി, നീക്കം വിവാദമാകുന്നു

mohanlal മോഹൻലാൽ

തിരുവനന്തപുരം∙ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ നടന്‍ മോഹൻലാലിനെ മുഖ്യാതിഥിയാക്കാനുള്ള നീക്കം വിവാദമാകുന്നു. തീരുമാനത്തെ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ തന്നെ എതിര്‍ക്കുന്നു. മോഹൻലാൽ വന്നാൽ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു ജൂറി അംഗം ഡോക്ടർ ബിജു ഫെയ്സ്ബുക്കില്‍ പറഞ്ഞു. ചടങ്ങില്‍ പ്രാധാന്യം നല്‍കേണ്ടത് അവാര്‍ഡ് നേടിയവര്‍ക്കും മുഖ്യമന്ത്രിയ്ക്കുമാണെന്ന് അക്കാദമി ജനറൽ കൗൺസിൽ അംഗം വി.കെ. ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. അടുത്തമാസം എട്ടിന് തിരുവനന്തപുരം നിശാഗന്ധിയിലാണ് അവാര്‍ഡ് നിശ.

കഴിഞ്ഞ ദിവസം സംഘാടക സമിതി യോഗത്തിൽ മന്ത്രി എ.കെ. ബാലനാണ് സൂപ്പര്‍താരം മോഹൻലാൽ നിശാഗന്ധിയിലെ ചലച്ചിത്രപുരസ്കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്. ഇതിനു പിന്നാലെ ചേർന്ന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ യോഗത്തിൽ എതിർപ്പ് ഉയർന്നു. ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹൻലാലിനെ ഇടതു സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നതു സംവിധായകനും ജൂറി അംഗവുമായ ഡോക്ർ ബിജു ഫെയ്സ്ബുക് പോസ്റ്റിലൂടെ ചോദ്യം ചെയ്തു .

ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന മന്ത്രിയുടെ നിലപാടു ശരിയല്ല. അങ്ങനെയെങ്കില്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നു ഡോ.ബിജു എഴുതി. പുരസ്കാരദാനച്ചടങ്ങില്‍ അവാര്‍ഡ് നേടിയവര്‍ക്കും അതു നല്‍കുന്ന മുഖ്യമന്ത്രിക്കുമായിരിക്കണം പ്രാധാന്യമെന്ന് വി.കെ. ജോസഫ് പറഞ്ഞു.

സർക്കാർ നിലപാടിൽ ഡബ്ല്യുസിസിക്കും അതൃപ്തിയുണ്ട്. നടിക്കൊപ്പം എന്നു പറയുമ്പോഴും സിപിഎം എംഎൽഎയെ പൂർണ്ണമായും തള്ളിയിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങ് കൊല്ലത്ത് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടാണ് വേദി തിരുവന്തപുരത്തേക്കു മാറ്റിയത്.

related stories