Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ അലംഭാവത്തിൽ മുടങ്ങിയ പദ്ധതികളുടെ റിപ്പോർട്ട് തയ്യാറാക്കും: ബിജെപി

AN Radhakrishnan എ.എൻ.രാധാകൃഷ്ണൻ

കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ അലംഭാവം കാരണം കേരളത്തിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ സംബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ വിശദമായ റിപ്പോർട്ട് തയാറാക്കി കേന്ദ്രഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവകക്ഷിസംഘം കേരളത്തിന്റേതായി സമർപ്പിച്ച നിവേദനം വേണ്ടത്ര പഠനം നടത്താതെ തട്ടിക്കൂട്ടി തയാറാക്കിയ ഒന്നായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നിവേദനത്തിനു മറുപടിയായി പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളും പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനു കീഴിൽനിന്നു കേരളത്തിന് അനുവദിക്കാവുന്ന എല്ലാ സഹായങ്ങളും മോദിസർക്കാർ ചെയ്യുന്നുണ്ട്. അതിന്റെ കണക്കെടുത്താൽ കേരളപ്പിറവിക്കുശേഷം ഇത്രയേറെ കേന്ദ്രസഹായം ലഭിച്ച കാലമുണ്ടായിട്ടില്ലെന്നും രാധാകൃഷ്ണൻ കണക്കുകൾ ഉദ്ധരിച്ചു അവകാശപ്പെട്ടു.

കരിപ്പൂർ വിമാനത്താവളത്തെക്കുറിച്ച് നിവേദനത്തിൽ പരാമർശമേയുണ്ടായിരുന്നില്ലെന്നും കോൺഗ്രസ് നേതാവ് ചോദിച്ചപ്പോഴാണ് പ്രധാനമന്ത്രി അതിനു മറുപടി പറഞ്ഞതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

related stories