Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലക്ടർ മഴയളന്നത് ഫെയ്സ്ബുക്കിൽ; വിദ്യാർഥികളെ വലച്ച് അവധി പ്രഖ്യാപനം

kannur-collector-fb-page കണ്ണൂർ കലക്ടറുടെ ഫെയ്സ്‌ബുക് പേജ്

കണ്ണൂർ∙  വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ച് പാതിരാത്രി കലക്ടറുടെ അവധി പ്രഖ്യാപനം. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്ന് അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചത് ഇന്നലെ രാത്രി 11.50ന്. അവധി വാർത്തയറിയാതെ ഇന്നു രാവിലെ കനത്ത മഴയത്ത് പല സ്ഥലത്തും  വിദ്യാർഥികൾ  സ്കൂളിലെത്തി. കണ്ണൂർ സർവകലാശാല ഇന്നു നടത്താനിരുന്ന  പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചത് രാവിലെ ഏഴിന്. ഇന്നലെ പകൽ മുഴുവൻ ജില്ലയിൽ കനത്ത മഴയായിരുന്നിട്ടും അവധി പ്രഖ്യാപിക്കാൻ പാതിരാത്രി വരെ കലക്ടർ കാത്തിരുന്നത് എന്തിനാണെന്നാണു രക്ഷിതാക്കളുടെ ചോദ്യം.

പാതിരാത്രി ഫെയ്സ് ബുക്ക് പോൾ നടത്തിയാണു കലക്ടർ ജില്ലയിലെ മഴയളന്നത്. നിങ്ങളുടെ നാട്ടിൽ കനത്ത മഴയാണോ അതോ ചെറിയ മഴയാണോ എന്നായിരുന്നു വോട്ടെടുപ്പിൽ കലക്ടറുടെ ചോദ്യം. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 86 ശതമാനം പേരും കനത്ത മഴയെന്നു രേഖപ്പെടുത്തിയതോടെയാണ് രാത്രി 11.50 ന് കലക്ടർ ഫെയ്സ് ബുക്കിലൂടെ അവധി പ്രഖ്യാപിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ തലവന് ജില്ലയിൽ മഴയുണ്ടോയെന്നറിയാൻ ഫെയ്സ് ബുക്ക് പോൾ നടത്തണോയെന്നും സ്കൂൾ അധികൃതർ ചോദിക്കുന്നു.

പ്രാക്ടിക്കൽ ഉൾപ്പെടെ ഒട്ടേറെ പരീക്ഷകളാണ് കണ്ണൂർ സർവകലാശാല ഇന്നു നിശ്ചയിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചത് രാവിലെ അറിഞ്ഞയുടൻ  പരീക്ഷാവിഭാഗം അടിയന്തര യോഗം ചേർന്നു ഇന്നത്തെ പരീക്ഷകൾ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതറിയാതെ മിക്ക വിദ്യാർഥികളും രാവിലെ  പരീക്ഷയ്ക്കെത്തി.

കഴിഞ്ഞ മാസവും നേരം തെറ്റിയുള്ള കലക്ടറുടെ അവധി പ്രഖ്യാപനം വിദ്യാർഥികളെയും രക്ഷിതാക്കളെയും വിഷമവൃത്തത്തിലാക്കിയിരുന്നു. ജൂൺ 14നു  ജില്ലയിലെ സ്കൂളുകൾക്ക് ഇന്നലെ ഉച്ചയ്ക്കു ശേഷം അവധി നൽകാനുള്ള കലക്ടറുടെ പ്രഖ്യാപനം വന്നത് സ്കൂളുകൾ പ്രവർത്തനം തുടങ്ങിയശേഷമായിരുന്നു. വാഹനങ്ങളിൽ സ്കൂളുകളിലെത്തിയ കുട്ടികളെ തിരികെക്കൊണ്ടുപോകാൻ വാഹനങ്ങൾ ക്രമീകരിക്കാനും അവധി വിവരം രക്ഷിതാക്കളെ അറിയിക്കാനും സ്കൂൾ അധികൃതർക്ക് അന്ന്  അത്യധ്വാനം  ചെയ്യേണ്ടിവന്നു.  മിക്ക സ്കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള അരിയിട്ടിരുന്നു. ഇതോടെ ഭക്ഷണം നൽകിയശേഷമാണ് കുട്ടികളെ സ്കുളുകളിൽനിന്നു വിട്ടയച്ചത്.കുട്ടികളെ സ്കൂളിൽ വിട്ടശേഷം ജോലിക്കുപോയ രക്ഷിതാക്കളും അന്നത്തെ അവധി പ്രഖ്യാപനത്തിൽ ബുദ്ധിമുട്ടി. 

related stories