Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: കൊലയാളി സംഘത്തിന്റേത് ക്രിമിനൽ ലെയർ തന്ത്രം

Abhimanyu-Murder-Culprits അഭിമന്യു വധത്തിൽ പിടിയിലായ പ്രതികൾ (ഫയൽചിത്രം).

കൊച്ചി ∙ അഭിമന്യു വധക്കേസിന്റെ അന്വേഷണത്തിൽ തെളിഞ്ഞുവരുന്നതു കുറ്റകൃത്യങ്ങൾക്കു പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിക്കുന്ന ക്രിമിനൽ ലെയർ തന്ത്രം. കൊല നടന്ന ദിവസം മഹാരാജാസ് കോളജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവൻ അറിയില്ല. മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവൻ ചുരുളും അഴിയുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ.

എന്നാൽ, കണ്ണൂർ സ്വദേശി മുഹമ്മദ് റിഫിനെക്കുറിച്ചുള്ള വിവരമാണു പ്രതിയിൽനിന്നു പ്രധാനമായും കിട്ടിയത്. അതോടെ അഭിമന്യു വധക്കേസിലെ മുഖ്യ ആസൂത്രകനും കൊലയാളിയും വീണ്ടും ഇരുട്ടിലായി. ചോദ്യം ചെയ്യലിൽ ഇതുവരെ പൊലീസിന് എത്തിച്ചേരാൻ കഴിഞ്ഞതു നാലു പ്രതികൾ ഉൾപ്പെട്ട ‘നെട്ടൂർ ലെയറി’ലേക്കു മാത്രം.

സംഘടിത കുറ്റകൃത്യങ്ങളിൽ പൊലീസ് അന്വേഷണത്തെ വഴിമുട്ടിക്കാനാണു പരസ്പരബന്ധമില്ലാത്ത ക്രിമിനൽ സംഘങ്ങളെ ഒരേ കുറ്റകൃത്യത്തിനു നിയോഗിക്കുന്നത്. സംഘത്തിലെ ഒരാളെ പിടികൂടി ചോദ്യം ചെയ്താലും മറ്റു പ്രതികളിലേക്ക് അന്വേഷണസംഘത്തിന് എളുപ്പം എത്തിച്ചേരാൻ കഴിയില്ല. അറസ്റ്റിലായ 13 പ്രതികളെ ചോദ്യംചെയ്ത ശേഷവും കൊലയാളിസംഘത്തെ സംബന്ധിക്കുന്ന പൂർണവിവരങ്ങൾ ലഭിക്കാത്തത് അതുകൊണ്ടാണ്.

പൂർണസമയവും പൊലീസ് സാന്നിധ്യവും സുരക്ഷാ ക്രമീകരണവുമുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബംഗ്ലാവ്, ജില്ലാ കലക്ടറുടെ ക്യാംപ് ഓഫിസ് എന്നിവയുടെ നൂറു മീറ്റർ മാത്രം അകലെയാണു മൂന്ന് എഫ്എഫ്ഐ പ്രവർത്തകരെ കുത്തി കൊലയാളിസംഘം കടന്നത്. കൊലപാതകം നടത്തേണ്ട സ്ഥലത്തെക്കുറിച്ചും അതിനുശേഷം പുറത്തുകടക്കേണ്ട റൂട്ടിനെക്കുറിച്ചും വ്യക്തമായ സ്കെച്ച് തയാറാക്കിയതിന്റെ ലക്ഷണമാണിത്. കൊലപാതകത്തിനുശേഷം പൊലീസിന്റെ കൈകളിൽ അകപ്പെടാതെ പ്രതികളെ കടത്തിക്കൊണ്ടുപോകാനുള്ള ചുമതല നാലു പേർക്കായിരുന്നു. ഇവരിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാലാമന്റെ വിവരം പുറത്തുവന്നിട്ടില്ല. ഇയാൾ പശ്ചിമകൊച്ചി സ്വദേശിയാണെന്നാണു നിഗമനം.

ക്രിമിനൽ ലെയർ സംവിധാനം കുറ്റാന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘത്തെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന രീതിയാണു പരസ്പര ബന്ധമില്ലാത്ത കുറ്റവാളികളെ കൂട്ടി നടപ്പിലാക്കുന്ന കുറ്റകൃത്യങ്ങൾ. കേരളത്തിൽ സിബിഐയെ ഉൾപ്പെടെ വഴിമുട്ടിച്ച ചേകനൂർ മൗലവി കേസ്, ചെമ്പരിക്ക ഖാസി കേസ് എന്നിവ ഉദാഹരണം. ചേകനൂർ മൗലവി കേസിൽ പരസ്പരം അറിയാത്ത കുറ്റവാളികൾ അടങ്ങിയ അ​ഞ്ചു ക്രിമിനൽ ലെയറുകളുടെ സാന്നിധ്യം സിബിഐ തിരിച്ചറിഞ്ഞിരുന്നു. ചെമ്പരിക്ക ഖാസി കേസിൽ അസ്വാഭാവിക മരണത്തിന് അപ്പുറത്തേക്ക് അന്വേഷണം കൊണ്ടുപോകാൻ സിബിഐക്കു കഴിഞ്ഞില്ല.

ക്രിമിനൽ ലെയറുകളുടെ ഏകദേശ ഘടന

∙ ഗൂഢാലോചനാ സംഘം
∙ കുറ്റവാളികളെ നിയോഗിക്കുന്നവർ
∙ കുറ്റവാളി സംഘം
∙ പ്രതികളെ സംരക്ഷിച്ചു കടത്തുന്നവർ
∙ തെളിവുകൾ നശിപ്പിക്കുന്നവർ
∙ നിയമസഹായം നൽകുന്നവർ