Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019ൽ ബിജെപി 100 സീറ്റിലേക്കു ചുരുങ്ങും; ബംഗാൾ വഴി തെളിക്കും: മമത

Modi-Mamata നരേന്ദ്ര മോദി, മമത ബാനർജി

കൊൽക്കത്ത∙ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പടപ്പുറപ്പാടുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെ പരാജയത്തിനു ബംഗാള്‍ വഴിതെളിക്കുമെന്നു പറഞ്ഞ മമത, 2019ലെ പൊതുതിരഞ്ഞടുപ്പില്‍ അവർ 100 സീറ്റിനുള്ളിലേക്കു ചുരുങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. 1993ൽ വിക്ടോറിയ ഹൗസിനു പുറത്തുണ്ടായ വെടിവെപ്പില്‍ 13 യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

‘സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റിലും തൃണമൂൽ കോൺഗ്രസ് ബിജെപിയെ തറപറ്റിക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കു കനത്ത നഷ്ടമുണ്ടാകും. ലോക്സഭയിൽ അവിശ്വാസ പ്രമേയം മറികടക്കാനുള്ള അംഗബലം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ട്. അതു സഭയ്ക്കകത്താണ്. പുറത്ത്, ജനാധിപത്യത്തിൽ അവർ വിജയിക്കില്ല. ബിജെപിയെ പിന്തുണച്ച അണ്ണാ ഡിഎംകെ തെറ്റായ തീരുമാനത്തിനു പശ്ചാത്തപിക്കേണ്ടി വരും.

2024നെ കുറിച്ചാണു മോദിയും ബിജെപിയും സംസാരിക്കുന്നത്. നിങ്ങളാദ്യം 2019 മറികടക്കൂ. ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കെട്ടിപ്പടുക്കുക? (കഴിഞ്ഞ ആഴ്ച മിഡ്‌നാപുരില്‍ മോദി പങ്കെടുത്ത റാലിക്കു വേണ്ടി നിര്‍മിച്ച പന്തല്‍ പൊളിഞ്ഞുവീണ് നിരവധി പേർക്കു പരുക്കേറ്റിരുന്നു). ‘ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്രചാരണത്തിന് ഓഗസ്റ്റ് 15ന് തുടക്കമിടും. രാജ്യത്തെമ്പാടുമുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ബിജെപിക്കെതിരെ ബംഗാൾ ഒരുങ്ങിക്കഴിഞ്ഞു’– മമത പറഞ്ഞു.

related stories