Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതി തിരിഞ്ഞുനോക്കാതെ മന്ത്രിമാര്‍; പാര്‍ട്ടി തിരക്കെന്ന് മന്ത്രിന്യായം

G Sudhakaran

ആലപ്പുഴ∙ പ്രളയബാധിത പ്രദേശങ്ങളിലെ മന്ത്രിമാരുടെ അസാന്നിധ്യം വിമര്‍ശനങ്ങള്‍ക്കു വഴിവയ്ക്കുന്നു. ആലപ്പുഴ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മന്ത്രിമാര്‍ എത്തിയില്ല. കുട്ടനാട്ടില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. മന്ത്രി ജി. സുധാകരന്‍ ഇന്ന് ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വരുന്നതു േകന്ദ്രമന്ത്രിക്കൊപ്പമാണ്.

സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു. സര്‍ക്കാര്‍ പൂര്‍ണപരാജയമെന്നു സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുട്ടനാട്ടില്‍ ആകെ എത്തിയത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മാത്രമാണ്. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍ ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ കുട്ടനാടിന്റെ ഏഴയലത്തു പോലും കാണുന്നില്ല. ഇത്രയും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക ക്യാബിനറ്റ് യോഗം പോലും ചേര്‍ന്നില്ല. മന്ത്രിമാര്‍ക്കു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങലുടെ ചുമതല വീതിച്ചു നല്‍കിയിട്ടുമില്ല. ഇതെല്ലാം സാധാരണ ചെയ്യുന്ന കാര്യങ്ങളാണ്. അതു പോലും ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

അതേസമയം, വിവാദങ്ങളില്‍ ന്യായീകരണവുമായി മന്ത്രി ജി. സുധാകരന്‍ രംഗത്തെത്തി. പാര്‍ട്ടിയിലെ തിരക്കുകളാണു കാരണമെന്നാണു മന്ത്രിയുടെ വിശദീകരണം. സിപിഎം സംസ്ഥാന സമിതി ഉള്‍പ്പെടെ മറ്റു തിരക്കുകളുണ്ടായിരുന്നു. ഇതാണു കുട്ടനാട്ടില്‍ എത്താതിരിക്കാന്‍ കാരണമെന്നും മന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു.

പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് ചികില്‍സയിലായതിനാലാണെന്നു തോമസ് ചാണ്ടി എംഎല്‍എയും മനോരമ ന്യൂസിനോടു പറഞ്ഞു. വേണ്ട എല്ലാവിധ സഹായവും രാപകലില്ലാതെ എത്തിക്കുന്നുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

related stories