Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിള്ളലുകള്‍ തുറന്നുകാട്ടി അവിശ്വാസം; ഇരുചേരിയിലും അപ്രതീക്ഷിത കൊഴിഞ്ഞുപോക്ക്

narendra-modi-no-confidence-motion അവിശ്വാസപ്രമേയത്തിന് മറുപടി പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി∙ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയം ഫലത്തില്‍ ഭരണ, പ്രതിപക്ഷ മുന്നണികളിലെ വിള്ളലുകള്‍ തുറന്നുകാട്ടുന്നതിനു വേദിയായി. ദിവസങ്ങള്‍ക്കു മുമ്പു മുംബൈയിലെത്തിയ അമിത് ഷാ അനുനയശ്രമങ്ങള്‍ നടത്തിയെങ്കിലും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കാന്‍ കൂട്ടാക്കാതെ ശിവസേന വിട്ടുനിന്നതു ബിജെപിക്കു കനത്ത തിരിച്ചടിയായി. മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കു വിശ്വാസമില്ലെന്നു പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെ തുറന്നടിക്കുകയും ചെയ്തു. 18 അംഗങ്ങളുള്ള ശിവസേന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തില്ല എന്നതു മാത്രമാണു ബിജെപിക്കു കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത്. അടുത്തിടെ എന്‍ഡിഎ വിട്ട ടിഡിപിയാകട്ടെ, പ്രമേയം അവതരിപ്പിച്ചുകൊണ്ടു മോദി സര്‍ക്കാരിനെതിരെ വിശ്വാസവഞ്ചന ഉള്‍പ്പെടെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് അഴിച്ചുവിട്ടത്.

പ്രതിപക്ഷ നിരയില്‍ 19 അംഗങ്ങളുള്ള ബിജു ജനതാദളും 11 അംഗങ്ങളുള്ള ടിആര്‍എസും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത‌ും വിശാല പ്രതിപക്ഷമെന്ന നീക്കത്തിനും തിരിച്ചടിയായി. അണ്ണാഡിഎംകെയാകട്ടെ അവിശ്വാസത്തെ എതിര്‍ത്തു വോട്ടു ചെയ്യുകയും ചെയ്തു. യുപിഎ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ ചേരിക്ക് 144 ഉറച്ച വോട്ടുകള്‍ ഉണ്ടായിരുന്നിട്ടും 126 വോട്ടുകള്‍ മാത്രമാണു രേഖപ്പെടുത്തിയത്. (യുപിഎ - 64, ടിഎംസി - 34, ടിഡിപി - 16, ഇടതുപാര്‍ട്ടികള്‍ - 11, എസ്പി - 7, എഎപി - 4, എഐയുഡിഎഫ്-3, ജെഡിഎസ്, എഐഎംഐഎം, ആര്‍ജെഡി, ജെകെഎന്‍സി, പിഡിപി - 1 വീതം).  പ്രതിപക്ഷ ചേരിയിലെ പല കക്ഷികളും അവിശ്വാസപ്രമേയത്തെ ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

451 അംഗങ്ങളാണു വോട്ടു രേഖപ്പെടുത്തിയത്. 199 വോട്ടുകള്‍ക്കു പ്രമേയം പരാജയപ്പെട്ടു. ശിവസേന ഉള്‍പ്പെടെ എന്‍ഡിഎയ്ക്ക് 314 വോട്ടുകള്‍ കിട്ടുമെന്നാണു ബിജെപി നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ ശിവസേന വിട്ടുനിന്നിട്ടും 325 പേര്‍ മോദി സര്‍ക്കാരിന് അനുകൂലമായി പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തു. 2019ലെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനയാണു ലോക്‌സഭയില്‍ കണ്ടതെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്. തങ്ങള്‍ക്കു പ്രതീക്ഷിച്ചതിലധികം വോട്ടു കിട്ടിയെന്ന് പാര്‍ട്ടി നേതാവ് റാം മാധവ് ട്വിറ്ററില്‍ പ്രതികരിക്കുകയും ചെയ്തു.

അതിനിടെ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ അടുപ്പാക്കാർക്കുനേരെയുണ്ടായ റെയ്ഡ് ആണ് എൻഡിഎയ്ക്ക് അനുകൂല നിലപാട് എടുക്കാൻ അണ്ണാ ഡിഎംകെയെ പ്രേരിപ്പിച്ചതെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ ആരോപിച്ചു.

related stories