Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്സഭയിൽ രാഹുലിന്റെ ആലിംഗനം; ‘രഹസ്യം’ വെളിപ്പെടുത്തി മോദി യുപിയിൽ

narendra-modi യുപിയിലെ ഷാജഹൻപുർ കർഷക റാലിയെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കു ലഭിച്ച കലപ്പയിൽ ചുംബിക്കുന്നു. ചിത്രം: ട്വിറ്റർ

ഷാജഹൻപുർ (ഉത്തർപ്രദേശ്)∙ ലോക്‌സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വൻഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയതിനു പിന്നാലെ വിമർശനം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാക്കൾക്ക് അധികാരത്തോട് അന്ധമായ ഭ്രമമാണെന്നു മോദി ആവർത്തിച്ചു. യുപിയിലെ ഷാജഹൻപുർ കരിമ്പു കർഷകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള കാരണമെന്താണെന്ന് ഇന്നലെ ഞാൻ ലോക്സഭയിൽ ചോദിച്ചു. ഒരുത്തരവും ലഭിച്ചില്ല. പകരം അദ്ദേഹം (രാഹുല്‍ ഗാന്ധി) എന്റെ അടുക്കല്‍ വന്നു അനാവശ്യമായി കെട്ടിപ്പിടിച്ചു. പ്രധാനമന്ത്രി മോദിയെ നീക്കുകയാണ് അവരുടെ ലക്ഷ്യം’– രാഹുലിന്റെ ആശ്ലേഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. (പ്രതിപക്ഷത്തെ) പല പാര്‍ട്ടികളും ഒന്നിച്ചപ്പോള്‍ ഒരു ചെളിക്കുണ്ടായി മാറി. ആ ചെളി താമര വിരിയിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പ്രധാനമന്ത്രിയുടെ കസേരയിലാണു ചിലർ നോട്ടമിട്ടിരിക്കുന്നത്. രാജ്യത്തെ പാവങ്ങളെയോ കർഷകരെയോ യുവാക്കളെയോ അവർ കാണുന്നില്ല. വൈദ്യുതിയുമായി ഞങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് ഓടുകയാണ്. മറ്റു ചിലരാകട്ടെ, അവിശ്വാസപ്രമേയ പേപ്പറുകളുമായി പാര്‍ലമെന്റിലേക്ക് ഓടുന്നു. തെറ്റായി ഞാനെന്തെങ്കിലും ചെയ്തോ? രാജ്യത്തിനും പാവപ്പെട്ടവർക്കും വേണ്ടിയാണ് എന്റെ പ്രവൃത്തികളെല്ലാം. അഴിമതിക്കെതിരെ പോരാടുന്നു എന്നതാണ് എനിക്കെതിരായ കുറ്റം’– മോദി പറഞ്ഞു.

modi-rahul-hug നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി ആലിംഗനം ചെയ്തപ്പോൾ.

ഒരു മാസത്തിനിടെ മൂന്നാം തവണയാണു പ്രധാനമന്ത്രി ഉത്തർപ്രദേശിൽ എത്തുന്നത്. സംസ്ഥാനത്തെ കരിമ്പു കർഷകരുടെ വലിയ മേഖലയാണു ഷാജഹൻപുർ. കരിമ്പു കർഷകർക്കായി 8,000 കോടിയുടെ പാക്കേജ് കേന്ദ്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വരുന്ന സീസണിൽ കരിമ്പിന്റെ താങ്ങുവിലയും വർധിപ്പിച്ചിട്ടുണ്ട്. ലോക്സഭയിൽ ഒന്നര പതിറ്റാണ്ടിനിടെ വന്ന അവിശ്വാസ പ്രമേയം 126ന് എതിരെ 325 വോട്ടുകൾക്കാണ് എൻഡിഎ സർക്കാർ പരാജയപ്പെടുത്തിയത്.

related stories