Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളികളെ തടഞ്ഞുവച്ച മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു; തിരച്ചിൽ ഉൗർജിതം

meppadi-maoists-incident മാവോയിസ്റ്റുകളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടവർ.

കൽപ്പറ്റ ∙ വയനാട് മേപ്പാടിയിൽ ഇതര സംസ്ഥാന നിർമ്മാണ തൊഴിലാളികളെ തടഞ്ഞുവച്ച മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞു. വിക്രം ഗൗഡ, സോമൻ എന്നിവർ ഉൾപ്പെട്ട നാലംഗ സംഘമാണു മേപ്പാടിയിലെത്തിയത്. അർധരാത്രിയോടെയാണു മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നാമത്തെ തൊഴിലാളിയും തിരിച്ചെത്തിയത്.

കൊൽക്കത്ത സ്വദേശികളായ മക്ബൂൽ ഷെയ്ഖ്, മോക്കിം ഷെയ്ഖ്, അലാവുദ്ദീൻ ഷേയ്ഖ് എന്നിവരെയാണു നാലംഗ സംഘം ഇന്നലെ തടഞ്ഞുവച്ചത്. മക്ബൂൽ, മോക്കിം എന്നിവർ രക്ഷപ്പെട്ടോടി റിസോർട്ട് ഉടമയെ ഫോണിൽ വിവരം അറിയിച്ചു. അലാവുദ്ദീൻ ഷെയ്ഖിനെ രാത്രി പതിനൊന്നരയോടെയാണു തിരിച്ചയച്ചത്. വിക്രം ഗൗഡ, വയനാട് സ്വദേശി സോമൻ എന്നിവർ അടങ്ങിയ മാവോയിസ്റ്റ് സംഘമാണു എത്തിയതെന്നു പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് പുതുപ്പാടിയിൽനിന്നാണ് ഇവർ മേപ്പാടി കള്ളാടിയിലെത്തിയത്. സാന്നിധ്യം അറിയിക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് യുഎപിഎ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു.

തടവിലായ തൊഴിലാളികളുമായി ഇന്നലെ രാത്രി ഒൻപതു തവണ ഫോണിൽ ബന്ധപ്പെട്ടെന്ന് ഇവരെ കൊണ്ടുവന്ന കരാറുകാരൻ വെളിപ്പെടുത്തി. തെഴിലാളികളുടെ ഫോണിലൂടെ മാവോയിസ്റ്റുകളുമായും ഇയാൾ സംസാരിച്ചിരുന്നു.

തണ്ടർബോൾട്ടും പൊലീസും മേപ്പാടി തൊള്ളായിരം കണ്ടിയിലെ മലമുകളിൽ തിരച്ചിൽ ആരംഭിച്ചു. പുതുപ്പാടി ഭാഗത്തും പരിശോധന നടത്തി.