Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം പ്രകോപനപരം: ജി.സുധാകരൻ

G. Sudhakaran

മലപ്പുറം ∙ കേരളത്തിൽനിന്നുള്ള സർവകക്ഷിസംഘത്തോട് പ്രധാനമന്ത്രി പ്രകോപനപരമായാണു സംസാരിച്ചതെന്നു മന്ത്രി ജി.സുധാകരൻ. പ്രധാനമന്ത്രിയുടെ സമീപനം ഭരണഘടനാവിരുദ്ധമാണ്. ഇങ്ങനെയാണെങ്കിൽ രാജ്യം എങ്ങനെ നിലനിൽക്കും. വെള്ളപ്പൊക്കസ്ഥലങ്ങൾ കാണാൻ ഉടൻതന്നെ കേന്ദ്രസംഘത്തെ അയച്ചത് നല്ല കാര്യമാണ്. സംസ്ഥാത്തിന്റെ ദുരിതാശ്വാസ നടപടികളിൽ നല്ല അഭിപ്രായമാണ് കേന്ദ്രസംഘം പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. മക്കരപ്പറമ്പ് സബ് റജിസ്ട്രാർ ഓഫിസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

പ്രളയബാധിത സ്ഥലങ്ങളിലെ ആശ്വാസനടപടികൾ വിലയിരുത്താൻ ചേർന്ന പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആരും ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടില്ല. മാധ്യമങ്ങൾ ഇക്കാര്യം ഉൾക്കൊള്ളണം. മാധ്യമങ്ങളുടെ രാഷ്ട്രീയം ഞങ്ങളുടെ മേൽ അടിച്ചൽപ്പിക്കരുത്. അതൊന്നും ആലപ്പുഴക്കാർ വിശ്വസിക്കില്ല. 800 ക്യാംപുണ്ട്. എത്ര പത്രക്കാർ ഏതൊക്കെ ക്യാംപിൽ പോയിട്ടുണ്ട്? ആകാശത്തുനിന്നു കെട്ടിയിറക്കിയവരാണ് ഞങ്ങളെന്നു പത്രക്കാർ എഴുതരുത്. തെറ്റായ വാർത്തകളും പറഞ്ഞുകേട്ടതുമൊക്കെ പ്രചരിപ്പിക്കുന്നത് വ്യാപകമായിരിക്കുകയാണ്. കുട്ടനാട്ടുകാരനായ ഞാൻ അവിടെ പോകാതിരിക്കുമോ? – സുധാകരൻ ചോദിച്ചു.

റജിസ്ട്രാർ ഓഫിസുകളിൽ ഒരുലക്ഷം രൂപയ്ക്കു മീതെയുള്ള ഇ–സ്റ്റാമ്പിങ് ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള ഇടപാടുകൾക്കും ബാധകമാക്കുന്നതു പരിഗണനയിലാണ്. ആസൂത്രണ ബോർഡ് ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ആധാരം എഴുത്തുകാരും വിൽപ്പനക്കാരും ഉൾപ്പെടെയുള്ളവർക്കു പ്രയാസമില്ലാത്ത വിധം മാറ്റം നടപ്പാക്കും. റജിസ്ട്രേഷൻ ഉദ്യോഗസ്ഥർ തെറ്റായ സമീപനം സ്വീകരിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

related stories